ചൊവ്വാഴ്‌ച, ജൂലൈ 21, 2026
Saudi ArabiaTop Stories

ഹൂത്തികളുടെ ആരോപണം തള്ളി സൗദി അറേബ്യ; കടൽപ്പാതയും കപ്പലുകളും സംരക്ഷിക്കാൻ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്

റിയാദ്: യമനിൽ ഹുത്തികൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും ജനരോഷവും മറച്ചുവെക്കാൻ സൗദിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം.

ഹുത്തികളുടെ ആരോപണങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്നും യമൻ ജനതയുടെ ദുരിതം ലഘൂകരിക്കാനാണ് സൗദി അറേബ്യ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും മന്ത്രാലയം പുറത്തിറക്കിയ വിഷയദമായ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

യമൻ ജനതയുടെ ദുരിതമകറ്റാൻ വർഷങ്ങളായി സൗദി അറേബ്യ വൻതോതിലുള്ള സഹായങ്ങളാണ് നൽകിവരുന്നത്. വിവിധ വികസന പദ്ധതികൾ, യമൻ ഗവൺമെന്റിന്റെ ബജറ്റ് വിഹിതത്തിനായുള്ള സാമ്പത്തിക സഹായം, വൈദ്യുതി നിലയങ്ങൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സൗദി നിരന്തരം എത്തിച്ചുനൽകുന്നുണ്ട്.

കൂടാതെ, 2026-ന്റെ ആദ്യ പകുതിയിൽ മാത്രം ഉത്തര യമനിലെ ഹുദൈദ, സലീഫ്, റാസ് ഈസ എന്നീ തുറമുഖങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും ഇന്ധനവും നിർമ്മാണ സാമഗ്രികളുമായി മുന്നൂറിലധികം കപ്പലുകളാണ് എത്തിയത്.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പ്രമേയം (UNSC Resolution 2216) അനുസരിച്ച്, ഹുത്തി ഭീകരർ രാജ്യത്തേക്ക് നിയമവിരുദ്ധമായി ആയുധങ്ങളും വെടിമരുന്നുകളും കടത്തുന്നത് തടയാൻ മാത്രമാണ് കടൽമാർഗ്ഗങ്ങളിൽ കർശന പരിശോധനകൾ നടത്തുന്നത്.

യമനിലെ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക അടിത്തറയും തകർത്ത് ജനങ്ങളെ യഥാർത്ഥത്തിൽ ദുരിതത്തിലാക്കുന്നത് ഹുത്തികളുടെ അക്രമവാസനയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

2022-ൽ ഗവൺമെന്റ് വരുമാനത്തിന്റെ 60 ശതമാനത്തോളം വരുന്ന എണ്ണക്കയറ്റുമതി തുറമുഖങ്ങൾ ആക്രമിച്ചതിലൂടെയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടായത്.

ഇത് കൂടാതെ, വിശുദ്ധ ഹജ്ജ് കർമ്മത്തിന് ശേഷം തീർത്ഥാടകരെ തിരിച്ചെത്തിച്ച യമനിയ എയർവേസിന്റെ നാല് വിമാനങ്ങൾ സൻആ വിമാനത്താവളത്തിൽ ഹുത്തികൾ കസ്റ്റഡിയിലെടുക്കുകയുമുണ്ടായി.

ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തുകയും സൻആയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജോർദാൻ മുന്നോട്ടുവെച്ച പദ്ധതി ഉൾപ്പെടെയുള്ള സമാധാന നീക്കങ്ങൾ തള്ളിക്കളയുകയും ചെയ്തുകൊണ്ട് യമൻ ജനതയുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് ഹുത്തികൾ ചെയ്യുന്നത്.

യമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎൻ ശ്രമങ്ങളെയും സമാധാന റോഡ്‌മാപ്പിനെയും സൗദി അറേബ്യയും യമൻ ഗവൺമെന്റും പിന്തുണച്ചപ്പോൾ, സ്വന്തം അജണ്ടകൾക്കായി ഹുത്തികൾ അതിൽ നിന്ന് പിന്മാറുകയാണുണ്ടായത്.

യമൻ വിഷയം സംബന്ധിച്ച യുഎൻ പ്രമേയം 2216, ചെങ്കടലിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന പ്രമേയം 2722 എന്നിവ നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് സൗദി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങൾക്കും (UNCLOS 1982) കടൽ നിയമങ്ങൾക്കും അനുസൃതമായി തങ്ങളുടെ കപ്പലുകളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സൗദി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group