Friday, March 6, 2026
Saudi ArabiaTop Stories

പുതിയ 98-ഒക്ടേൻ പെട്രോൾ വിപണിയിൽ; ലിറ്ററിന് 2.88 റിയാൽ വില നിശ്ചയിച്ച് സൗദി അരാംകൊ

ഉയർന്ന കരുത്തുള്ള സ്പോർട്സ് കാറുകൾക്കും ലക്ഷ്വറി വാഹനങ്ങൾക്കുമായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത 98-ഒക്ടേൻ പെട്രോൾ സൗദി അരാംകോ വിപണിയിലെത്തിച്ചു.

ലിറ്ററിന് 2.88 സൗദി റിയാലാണ് പുതിയ ഇന്ധനത്തിന്റെ വില. രാജ്യത്തെ ഇന്ധന വിപണിയിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ആദ്യഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും ഈ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിലുമാണ് 98-ഒക്ടേൻ പെട്രോൾ ലഭ്യമാവുക.

ഉയർന്ന പെർഫോമൻസ് നൽകുന്ന സ്പോർട്സ് കാറുകൾ ഈ നഗരങ്ങളിൽ കൂടുതലായി ഉള്ളതിനാലാണ് ആദ്യഘട്ട വിതരണത്തിനായി ഇവ തിരഞ്ഞെടുത്തത്.

ഭാവിയിൽ വിപണിയിലെ ഡിമാൻഡ് പരിഗണിച്ച് മറ്റ് നഗരങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കുമെന്ന് അരാംകോ അറിയിച്ചു.

ഉയർന്ന കംപ്രഷൻ എഞ്ചിനുകളുള്ള സ്പോർട്സ് കാറുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനാണ് ഈ ഇന്ധനം പ്രധാനമായും സഹായിക്കുന്നത്. രാജ്യത്തെ ആകെ വാഹനങ്ങളുടെ ഏകദേശം 0.5 ശതമാനം മാത്രമാണ് ഇത്തരം ഹൈ-പെർഫോമൻസ് വാഹനങ്ങൾ.

സാധാരണ ഉപയോഗത്തിനുള്ളതോ ഇടത്തരം എഞ്ചിൻ കരുത്തുള്ളതോ ആയ കാറുകളിൽ ഈ ഇന്ധനം ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകമായ ഗുണങ്ങളൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പുതിയ 98-ഒക്ടേൻ ഇന്ധനം വിപണിയിലെത്തുന്നത് നിലവിലുള്ള 91, 95 ഒക്ടേൻ പെട്രോളുകളുടെ ലഭ്യതയെയോ വിതരണത്തെയോ ബാധിക്കില്ല. സാധാരണ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പഴയ നിരക്കിൽ തന്നെ തങ്ങൾക്കാവശ്യമായ ഇന്ധനം ലഭ്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa