Friday, March 6, 2026
Saudi ArabiaTop Stories

മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

റിയാദിൽ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം രാജ്യത്തിന്റെ ആഭ്യന്തര, അന്തർദേശീയ തലങ്ങളിലെ നിർണ്ണായക തീരുമാനങ്ങൾക്ക് അംഗീകാരം നൽകി.

ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രദേശം പുനർനിർമ്മിക്കുന്നതിനുമായി രൂപീകരിച്ച ‘ഗാസ പീസ് കൗൺസിലിനെ’ പിന്തുണയ്ക്കുമെന്ന് സൗദി ആവർത്തിച്ചു. മേഖലയിൽ സുസ്ഥിരമായ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഈ ദൗത്യം അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി.

സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്തെ ആഗോള വിശ്വാസ്യത വർദ്ധിക്കുന്നതിന്റെ സൂചനയായി 700-ലധികം അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ പ്രാദേശിക ആസ്ഥാനമായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതായി യോഗം അറിയിച്ചു.

കൂടാതെ, വരാനിരിക്കുന്ന ഏപ്രിൽ 22, 23 തീയതികളിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പ്രത്യേക യോഗത്തിന് സൗദി ആതിഥേയത്വം വഹിക്കും.

കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ 2026-ൽ നടപ്പിലാക്കാൻ പോകുന്ന 422 മാനുഷിക പദ്ധതികൾക്ക് രൂപം നൽകി. ലോകമെമ്പാടുമുള്ള ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിൽ സൗദിയുടെ നേതൃപരമായ പങ്ക് ഇത് വീണ്ടും ഉറപ്പിക്കുന്നു.

റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ വിപുലീകരണവും അൽ-ജൗഫ് വിമാനത്താവളത്തിന്റെ ഉദ്ഘാടനവും രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് കരുത്തേകും.

വിവിധ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുനരുപയോഗ ഊർജ്ജം സിവിൽ ഡിഫൻസ്, സോഷ്യൽ സർവീസ് എന്നീ മേഖലകളിൽ തുർക്കിയുമായി സഹകരിക്കും.

പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മൊറോക്കോയുമായിട്ടുള്ള കരാറിന് അംഗീകാരം നൽകി. ഈന്തപ്പഴം, പന കൃഷി മേഖലകളിൽ ബംഗ്ലാദേശുമായി സഹകരിക്കാൻ ധാരണയായി.

2025 അവസാനത്തോടെ സ്വദേശികളുടെ ഭവന ഉടമസ്ഥാവകാശം 66.2 ശതമാനമായി വർദ്ധിച്ചു. പത്ത് ലക്ഷത്തിലധികം പേർക്ക് പാർപ്പിട സഹായം ലഭ്യമായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa