വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
BahrainGCCKuwaitOmanQatarSaudi ArabiaTop StoriesU A E

വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യയും ഇൻഡിഗോയും; മിഡിൽ ഈസ്റ്റിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കി

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് അവിടേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ അടിയന്തരമായി നിർത്തിവെച്ചു.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകൾ പുനരാരംഭിക്കില്ലെന്നും എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ടിക്കറ്റ് റീഫണ്ട്/റീഷെഡ്യൂളിംഗ്: സർവീസുകൾ റദ്ദാക്കിയത് മൂലം യാത്ര തടസ്സപ്പെട്ടവർക്ക് ടിക്കറ്റ് തുക തിരികെ നൽകുന്നതിനോ (Refund) അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിനോ (Rescheduling) ആവശ്യമായ സഹായങ്ങൾ എയർ ഇന്ത്യ ലഭ്യമാക്കും.

വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുൻപ്: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

സഹായത്തിന് വിളിക്കാം: യാത്രക്കാർക്ക് സംശയങ്ങൾക്കും സഹായത്തിനുമായി എയർ ഇന്ത്യയുടെ 24 മണിക്കൂർ കോൾ സെന്ററുകളുമായി ബന്ധപ്പെടാം. ഫോൺ: +91 1169329333, +91 1169329999

മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, മേഖലയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരിക്കുന്നതായി ഇൻഡിഗോയും അറിയിച്ചു

നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും വിമാനക്കമ്പനി വ്യക്തമാക്കി.

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു.

ഗൾഫ് നാടുകളിൽ ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ ഉള്ളതിനാൽ എയർ ഇന്ത്യയുടെ ഈ തീരുമാനം യാത്രാ പ്ലാനുകളെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർ വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa