വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
GCCSaudi ArabiaTop Stories

സൗദിയിലെ നഫൂദ് മരുഭൂമിയിൽ ആടുകളെ മേച്ച് ജീവിക്കുന്ന അത്ഭുത മനുഷ്യൻ

നഗരങ്ങളിലെ ആധുനിക സൗകര്യങ്ങളോ തിരക്കുകളോ ഇല്ലാതെ, മരുഭൂമിയുടെ ശാന്തതയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യനുണ്ട് സൗദിയിലെ ഹാഇലിൽ.

നഫൂദ് മരുഭൂമിയുടെ ഹൃദയഭാഗത്ത് ആടുകളെ മേച്ചും പ്രകൃതിയോട് ഇണങ്ങിയും കഴിയുന്ന ആഇദ് അൽ-ഷമ്മരിയുടെ ജീവിതം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

“എനിക്ക് നഫൂദിൽ മാത്രമേ സമാധാനം ലഭിക്കുന്നുള്ളൂ” – ആഇദ് പറയുന്നു. പുലർച്ചെ സുബഹി നമസ്കാരത്തിന് മുമ്പ് ഉണരുന്നതാണ് അദ്ദേഹത്തിന്റെ ശീലം. ശേഷം അറബിക് കോഫി (ഖഹ്‌വ) കുടിക്കുകയും ആടുകളെ മേയ്ക്കാൻ പോവുകയും ചെയ്യുന്നു.

രാത്രി ഒമ്പത് മണിയാകുമ്പോഴേക്കും അദ്ദേഹം ഉറങ്ങാൻ കിടക്കും. ലോകം മുഴുവൻ ടിവിയുടെയും ഇന്റർനെറ്റിന്റെയും പിന്നാലെ ഓടുമ്പോൾ, ആഇദിന് വാർത്തകൾ അറിയാൻ ഒരു പഴയ റേഡിയോയും അത്യാവശ്യ കാര്യങ്ങൾക്കായി ഒരു സാധാരണ മൊബൈൽ ഫോണും (ടോർച്ച് ഫോൺ) മാത്രമാണുള്ളത്.

ജനവാസ കേന്ദ്രങ്ങളിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണെങ്കിലും തങ്ങൾ ഇവിടെ അതീവ സുരക്ഷിതരാണെന്ന് ആഇദ് വിശ്വസിക്കുന്നു. “അൽഹംദുലില്ലാഹ്, ഞങ്ങൾ സമാധാനത്തോടെയാണ് ഉറങ്ങുന്നത്” – അദ്ദേഹം കൂട്ടിച്ചേർത്തു.

പഴയകാലത്തെ നാടോടികളായ ‘ബദവികൾ’ ഇന്ന് കുറവാണെങ്കിലും താൻ ആ ജീവിതരീതിയാണ് പിന്തുടരുന്നത്. മരുഭൂമിയിലാണ് താമസമെങ്കിലും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ആഇദ് വിട്ടുവീഴ്ച ചെയ്യുന്നില്ല.

അദ്ദേഹത്തിന്റെ മകൻ ഇപ്പോൾ പ്ലസ് ടു (സെക്കൻഡറി രണ്ടാം വർഷം) പഠിക്കുകയാണ്. “എനിക്ക് നഫൂദിലെ ജീവിതമാണ് ഇഷ്ടം. എന്നാലും പഠനം പൂർത്തിയാക്കി മിലിട്ടറി കോളേജിൽ ചേർന്ന് സൈനികനാകണമെന്നാണ് ആഗ്രഹം” – ആഇദിന്റെ മകൻ പറഞ്ഞു.

ആധുനിക സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ആഇദ് അൽ-ഷമ്മരിയുടെ ജീവിതം സൗദി അറേബ്യയിലെ പഴയകാല ജീവിതരീതികളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa