തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaMiddle EastTop Stories

ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ്; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ ഇറാനോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. സംഭവത്തിന് പിന്നാലെ ഡൽഹിയിലെ ഇറാനിയൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.

വിദേശകാര്യ സെക്രട്ടറിയുമായി നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ആശങ്കയും പ്രതിഷേധവും ഔദ്യോഗികമായി കൈമാറി.

ശനിയാഴ്ച പകൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ഇറാനിയൻ ഗൺബോട്ടുകൾ വെടിയുതിർത്തത്.

തന്ത്രപ്രധാനമായ ഈ കപ്പൽ പാതയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയുണ്ടായ ഈ സംഭവം ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ഇതിൽ ലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി വന്ന ഒരു സൂപ്പർ ടാങ്കറും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
ആഗോള എണ്ണ വിപണിയെയും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാൽ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ ഈ സംഭവത്തെ കാണുന്നത്.

സമുദ്രപാതകളിലെ സഞ്ചാര സ്വാതന്ത്ര്യവും കപ്പലുകളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടയിൽ ഇന്ത്യൻ കപ്പലുകൾ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

ഇറാൻ കടലിടുക്ക് വീണ്ടും അടയ്ക്കുകയും കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടത്തുകയും ചെയ്തതോടെ നിരവധി ഇന്ത്യൻ കപ്പലുകൾ കടൽ മധ്യേ യാത്ര തുടരാനാവാതെ നിൽക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group