തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; കപ്പലുകൾക്ക് നേരെ വെടിവെപ്പ്, ഇന്ത്യൻ ടാങ്കർ പിൻവാങ്ങി

പത്ത് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് പിന്നാലെ തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി വരുന്ന കപ്പലുകൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിൽ പ്രതിഷേധിച്ചാണ് നീക്കം.

ശനിയാഴ്ച മുതൽ കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും പഴയ അവസ്ഥയിലേക്ക് കാര്യങ്ങൾ മടങ്ങിയതായും ഇറാൻ സൈന്യം പ്രഖ്യാപിച്ചു.

കടലിടുക്ക് മറികടക്കാൻ ശ്രമിച്ച വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ഗൺബോട്ടുകൾ വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. കപ്പലും ജീവനക്കാരും സുരക്ഷിതരാണെങ്കിലും ഈ സംഭവം കപ്പൽ ഗതാഗതത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ടാങ്കറിന് നേരെ രണ്ട് ഇറാനിയൻ ഗൺബോട്ടുകൾ വെടിവെച്ചതായി ബ്രിട്ടീഷ് സൈന്യം സ്ഥിരീകരിച്ചു.

ഇറാൻ വീണ്ടും നിയന്ത്രണം കടുപ്പിച്ചതോടെ രണ്ട് കപ്പലുകൾ കടലിടുക്കിൽ നിന്ന് തിരിച്ചുപോയി. ഇതിൽ 20 ലക്ഷം ബാരൽ ഇറാഖി എണ്ണയുമായി വന്ന ഇന്ത്യൻ പതാകയേന്തിയ സൂപ്പർ ടാങ്കറും ഉൾപ്പെടുന്നു.

ഇറാനിയൻ തുറമുഖങ്ങളെ ശ്വാസം മുട്ടിക്കുന്ന അമേരിക്കൻ നടപടി കടൽക്കൊള്ളയാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കുറ്റപ്പെടുത്തി.

ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് അമേരിക്ക പൂർണ്ണ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തങ്ങളുടെ കർശന നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ വക്താവ് ഖാതം അൽ-അൻബിയ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group