സൗദിയിലെ 65% കുട്ടികളും പ്രായത്തിന് അനുയോജ്യമല്ലാത്ത ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്ട്
സൗദി അറേബ്യയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളിൽ വലിയൊരു പങ്കും അവരുടെ പ്രായത്തിന് ചേരാത്ത സിനിമകൾ, ഗെയിമുകൾ, മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവ കാണുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതായി പുതിയ പഠന റിപ്പോർട്ട്.
കിങ് ഖാലിദ് ഫൗണ്ടേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. സൗദിയിലെ 65 ശതമാനത്തോളം കുട്ടികളെയും ഈ പ്രശ്നം ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
“ദി നെക്സ്റ്റ് ജനറേഷൻ ഓഫ് സൗദീസ്, ചൈൽഡ്ഹുഡ് ഇൻ സൗദി അറേബ്യ” എന്ന പേരിൽ പുറത്തിറക്കിയ ഈ റിപ്പോർട്ട്, സൗദി സെന്റർ ഫോർ പബ്ലിക് ഒപ്പീനിയൻ റിസർച്ച് 2025-ൽ സൗദി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഓൺലൈൻ ഇലക്ട്രോണിക് ഗെയിമുകളിൽ ഏർപ്പെടുന്ന കുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളികളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു:
ഗെയിമിങ് പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ വിവിധ പ്രായത്തിലുള്ള ആളുകളുമായി ഇടപഴകുന്നുണ്ട്. ഇത് അവരുടെ മാനസിക വളർച്ചയ്ക്ക് അനുയോജ്യമല്ലാത്ത ഭാഷയും വിഷയങ്ങളും പരിചയപ്പെടാൻ ഇടയാക്കുന്നു.
മാതാപിതാക്കളിൽ പലരും കുട്ടികൾക്ക് ഇത്തരം പ്ലാറ്റ്ഫോമുകളിൽ ‘ഡിജിറ്റൽ സുഹൃത്തുക്കൾ’ ഉണ്ടാകുന്നതിനെ അംഗീകരിക്കുകയും, അത്തരം വെർച്വൽ കൂട്ടുകാരോടുള്ള ആശയവിനിമയത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു.
ഡിജിറ്റൽ സൗഹൃദങ്ങളെക്കുറിച്ച് എല്ലാ കുട്ടികൾക്കും നല്ല അഭിപ്രായമല്ല ഉള്ളത്. മോശം അനുഭവങ്ങൾ കാരണം ചില കുട്ടികൾക്ക് ഇത്തരം സൗഹൃദങ്ങളോട് കടുത്ത വിയോജിപ്പുണ്ട്.
ആശയവിനിമയത്തിലെ തടസ്സങ്ങളും അസ്ഥിരതയും കാരണം ഡിജിറ്റൽ സൗഹൃദങ്ങളിൽ തങ്ങൾ അതൃപ്തരാണെന്ന് മറ്റ് ചില കുട്ടികളും വെളിപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
