റിയാദിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിൽ മിന്നൽ പരിശോധന; 43 നിയമലംഘനങ്ങൾ കണ്ടെത്തി
തലസ്ഥാന നഗരിയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നഗരസഭാ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി റിയാദ് നഗരസഭ വ്യാപക പരിശോധന നടത്തി.
വിപണിയിലെ കൃത്യമായ മേൽനോട്ടം ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വം വിലയിരുത്താനുമായിരുന്നു പരിശോധന. പരിശോധനയിൽ കണ്ടെത്തിയ പ്രധാന വീഴ്ചകൾ താഴെ പറയുന്നവയാണ്:
പഴകിയ എണ്ണയുടെ ഉപയോഗം: വറുക്കാനും പൊരിക്കാനുമായി ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരത്തിൽ മാറ്റം വന്നിട്ടും അത് വീണ്ടും ഉപയോഗിക്കുന്നത്.
ശുചിത്വമില്ലായ്മ: ഭക്ഷണം തയ്യാറാക്കുന്ന വേളയിൽ ജീവനക്കാർ ഗ്ലൗസുകൾ ധരിക്കാതിരിക്കുക, പാകം ചെയ്യാനായി വെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ തുറന്നു വെക്കുക എന്നിവ.
അശാസ്ത്രീയമായ സംഭരണം: ഭക്ഷ്യവസ്തുക്കൾ അനുയോജ്യമല്ലാത്തതും വൃത്തിഹീനവുമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക.
മാലിന്യ നിക്ഷേപം: അടുക്കളയിലും പരിസരങ്ങളിലും വൻതോതിൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുക.
ലൈസൻസ് കാലാവധി: സ്ഥാപനങ്ങളുടെ ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിക്കുക, അനുവദിച്ച പരിധിക്ക് പുറത്ത് കച്ചവടം നടത്തുക.
റിയാദ് സെൻട്രൽ സെക്ടറിന്റെ നേതൃത്വത്തിൽ, ക്ലൗഡ് കിച്ചനുകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഈ പ്രത്യേക പരിശോധന സംഘടിപ്പിച്ചത്. ഗുണനിലവാരമില്ലാത്ത രീതിയിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ പരിശോധനയിൽ 43 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി നഗരസഭ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
