ഹോർമൂസിൽ യുഎഇ കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 8 പേർക്ക് പരിക്ക്
ഹോർമൂസ് കടലിടുക്കിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണം. യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒമാൻ പ്രാദേശിക കടൽ അതിർത്തിയോട് ചേർന്നുള്ള ഹോർമൂസ് കടലിടുക്കിന്റെ തെക്കൻ കപ്പൽ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന മൊംബാസ, അൽ ബഹിയ എന്നീ യുഎഇ ദേശീയ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ രണ്ട് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടത്.
മിസൈൽ പതിച്ചതിനെ തുടർന്ന് രണ്ട് കപ്പലുകൾക്കും കനത്ത കേടുപാടുകൾ സംഭവിക്കുകയും ഉള്ളിൽ വൻ തീപിടുത്തമുണ്ടാകുകയും ചെയ്തു. കപ്പലിലെ മറ്റ് ജീവനക്കാർ ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മൊംബാസ എന്ന കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ പൗരനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് ജീവനക്കാരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യൻ പൗരന്മാരും രണ്ട് പേർ ഉക്രെയ്ൻ സ്വദേശികളുമാണ്.
കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തോടും ഇന്ത്യൻ ഗവൺമെന്റിനോടും യുഎഇ വിദേശകാര്യ മന്ത്രാലയം അഗാധമായ അനുശോചനം രേഖപ്പെടുത്തി.
അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തിയിരിക്കുന്നതെന്ന് യുഎഇ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.
നേരത്തെ ഇന്ത്യക്കാരുൾപ്പെട്ട ‘ജിഎഫ്എസ് ഗാലക്സി’ എന്ന കപ്പലിന് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഗൾഫ് മേഖലയിലുടനീളം യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പൽ ജീവനക്കാരായ നിരവധി ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയാണ് ഇന്ത്യയ്ക്കുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
