ഞായറാഴ്‌ച, ഒക്ടോബർ 18, 2026
Saudi ArabiaTop Stories

‎സൗദിയിൽ ഇരുപത് വയസ്സുകാരൻ പിതാവിന് തന്റെ വൃക്ക ദാനം ചെയ്തു


തബുക്ക് : മാതാപിതാക്കളോടുള്ള കടമയുടെയും സ്നേഹത്തിന്റെയും മഹത്തായ മാതൃകയായി മാറിയിരിക്കുകയാണ് 20 വയസ്സുകാരനായ മുഹന്നദ് അൽ ബലവി.
‎
‎വൃക്ക തകരാറിനെത്തുടർന്ന് ആറുമാസത്തോളം ഡയാലിസിസിന് വിധേയനായ പിതാവ് അബ്ദുൽകരീമിന് തന്റെ ഒരു വൃക്ക ദാനം ചെയ്യാൻ മുഹന്നദ് മടിച്ചില്ല.
‎
‎വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ പിതാവിന്റെ ദുരിതങ്ങൾക്ക് അറുതിയായി. പിതാവ് ആരോഗ്യനില വീണ്ടെടുത്തതോടെ ഇരുവരുടെയും സുരക്ഷിതത്വത്തിലും സുഖപ്രാപ്തിയിലും കുടുംബം സന്തോഷം പ്രകടിപ്പിച്ചു.
‎
‎തന്റെ തീരുമാനത്തിന് കുടുംബം പ്രോത്സാഹനം നൽകിയെന്നും ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയശേഷം ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും മകൻ വ്യക്തമാക്കി.
‎
‎എന്നാൽ മകന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയും ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയവും കാരണം വൃക്ക ദാനം ചെയ്യാനുള്ള മകന്റെ തീരുമാനത്തോട് പിതാവ് ആദ്യം വിസമ്മതിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കായി ഇരുവരും ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പുവരെ പോലും തീരുമാനത്തിൽനിന്ന് മകനെ പിന്തിരിപ്പിക്കാൻ പിതാവ് ശ്രമിച്ചുകൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‎
‎മുഹന്നദ് പറഞ്ഞു:
‎
‎“ദൈവമാണ് സാക്ഷി, ശസ്ത്രക്രിയയ്ക്ക് പത്ത് മിനിറ്റ് മുമ്പുവരെ പോലും ഞങ്ങൾ ഇരുവരും അടുത്തടുത്തുള്ള കിടക്കകളിൽ കിടക്കുമ്പോൾ, ശസ്ത്രക്രിയ വേണ്ടെന്ന് വെക്കാൻ പിതാവ് എന്നോട് നിർബന്ധിച്ചുകൊണ്ടിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമായിരുന്നു അദ്ദേഹത്തിന്.
‎
‎എന്നാൽ ഞാൻ കരയുകയും അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ശസ്ത്രക്രിയ ലളിതമായിരിക്കുമെന്നും വൃക്ക ദാനം ചെയ്യുന്നതിലൂടെ ഡയാലിസിസിന്റെ ദുരിതങ്ങളിൽനിന്ന് അദ്ദേഹത്തിന് മോചനം ലഭിക്കുമെന്നും ഞാൻ പിതാവിനെ ബോധ്യപ്പെടുത്തി.”
‎
‎ചെറുപ്പമായിരുന്നിട്ടും വൃക്ക ദാനം ചെയ്യാനുള്ള തീരുമാനമെടുക്കാൻ താൻ ഒട്ടും മടിച്ചില്ലെന്ന് മുഹന്നദ് വ്യക്തമാക്കി. തന്റെ പിതാവ് തനിക്ക് വെറുമൊരു പിതാവ് മാത്രമല്ലെന്നും സഹോദരനും ജീവിതയാത്രയിലെ ഉറ്റസുഹൃത്തുമാണെന്നും അദ്ദേഹം പറഞ്ഞു. പിതാവിന് വൃക്ക ദാനം ചെയ്യുന്നത് തന്റെ കടമയാണെന്നും ആ കടമ നിർവഹിക്കുന്നതിൽ താൻ സന്തോഷിക്കുന്നുവെന്നും അതിന്റെ പ്രതിഫലം സർവശക്തനായ അല്ലാഹുവിൽനിന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഹന്നദ് കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്