Monday, November 25, 2024
Abu Dhabi

ഭാര്യക്ക് വാട്സ്ആപ്പിൽ അശ്ളീല ചിത്രങ്ങൾ അയച്ച ഭർത്താവിന് 250,000 ദിർഹം പിഴ.

ഭാര്യക്ക് വാട്ട്സാപ്പിലൂടെ അശ്ളീല ചിത്രങ്ങൾ അയച്ച ഭർത്താവിന് അബുദാബി കോടതി 250,000 ദിർഹം പിഴ ചുമത്തിയതായി ഇമാറാത്ത് അൽ യൗമ് റിപ്പോർട്ട് ചെയ്തു. ഭാര്യയുടെ പരാതിയിലാണ് ഭർത്താവിന് ഇത്രയും വലിയ തുക പിഴ ചുമത്തിയത്. ദമ്പതികൾ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാൻ കോടതി ശ്രമിച്ചെങ്കിലും, ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഒടുവിൽ പിഴ ചുമത്തുകയായിരുന്നു.

താൻ നിരപരാധിയാണെന്നും രണ്ടാം വിവാഹം കഴിച്ചതിനെ തുടർന്നാണ് ഭാര്യ ഇത്തരത്തിൽ പരാതി കൊടുത്തതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. താൻ ഉറങ്ങുന്ന സമയത്ത് ഭാര്യ തന്റെ ഫോൺ കൈവശപ്പെടുത്തി ചിത്രങ്ങൾ സ്വയം അയക്കുകയായിരുന്നുവെന്നും, ഭാര്യ തന്നെ അത് തന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തത് കൊണ്ട്, ചിത്രങ്ങൾ അയച്ചത് താൻ അറിഞ്ഞിരുന്നില്ലെന്നും ഇയാൾ പറഞ്ഞു.

തന്റെ കുട്ടികളുടെ ഭാവി ഓർത്ത് പിഴയിൽ നിന്ന് ഒഴിവാക്കണം എന്ന് ഇയാൾ കോടതിയോട് അഭ്യർത്ഥിച്ചു. കുറഞ്ഞ വരുമാനക്കാരനായ തനിക്ക് ഇത്രയും വലിയ തുക അടക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ഇയാൾ അപ്പീൽ കോടതിയിൽ അപ്പീൽ കൊടുത്തിട്ടുണ്ട്. കേസ് ഏപ്രിൽ 24 ന് പരിഗണിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa