നിങ്ങളെന്നാണു പ്രവാസം അവസാനിപ്പിക്കുന്നത് ?
2008 ഡിസംബർ 22 നാണ് ഞാൻ പ്രവാസം ആരംഭിക്കുന്നത്. പത്ത് വർഷം പൂർത്തിയായി.മലയാളിയുടെ പ്രവാസം ഒരു റിലേ ഓട്ടമത്സരമാണ്.ലക്ഷ്യത്തിലെത്തി പ്രവാസമവസാനിപ്പിക്കുന്നവർ വളരെ കുറവാണ്.ലക്ഷ്യം കാണാതെ ഓടി തളരുബോൾ മക്കൾക്ക് ബാറ്റൺ കൈമാറി വിശ്രമിക്കലാണ് പതിവ്.
ബാലുശ്ശേരിക്കാരനായ സുബൈർക്ക 2019 ജനുവരി 30 ന് പ്രവാസ ജീവിതത്തിന്റെ 30-ാം വാർഷികം ആഘോഷിക്കാനിരിക്കുമ്പോൾ ഞങ്ങൾ ഒന്നിച്ചിരുന്ന് ബാലൻസ് ഷീറ്റ് തയ്യാറാക്കി. 1200 സ്കൊയർ ഫീറ്റിൽ ഒരു വീടും ഒരു മകളുടെ കല്യാണവും നിത്യ ചെലവും കഴിഞ്ഞുവെന്നതാണ് ബാക്കി.അടുത്ത ആഴ്ച്ച മദീനയിലേക്ക് വരുന്ന മകന് പ്രവാസത്തിന്റെ ബാറ്റൺ കൈമാറാനുള്ള ഒരുക്കത്തിലാണദ്ദേഹം.
പത്ത് വർഷത്തെ എന്റെ പ്രവാസനുഭവ പാഠങ്ങൾ ഇവയാണു :
- പ്രവാസത്തിന് ലക്ഷ്യം/കാലാവധി നിശ്ചയിക്കണം.
നിങ്ങളൊരു പ്രവാസിയെ കാണുമ്പോൾ ചോദിച്ചു നോക്കൂ എത്ര വർഷം പ്രവാസിയായി തുടരുമെന്ന് ?
നിങ്ങൾക്കൊരു കൃത്യമായ മറുപടി ലഭിക്കില്ല, തീർച്ച!.
കേരളത്തിലെ പ്രവാസികൾ അനന്ത പ്രവാസമാണ് നയിക്കുന്നത്. ജോലിയോ അദ്ധ്വാനശേഷിയോ നഷ്ടമായാൽ മാത്രമെ ഇവർ പ്രവാസമവസാനിപ്പിക്കുകയുള്ളൂ.
ഈ പ്രവണത അവസാനിപ്പിക്കണം. ഒരു ലക്ഷ്യം, ഒരു കാലാവധി പൂർത്തിയാക്കിയാൽ പ്രവാസ മവസാനിപ്പിക്കാൻ നിലവിലെ പ്രവാസികളും പ്രവാസിയാകാനാഗ്രഹിക്കുന്നവരും തയ്യാറാകണം.
നിത്യ ചെലവിനായി കുടുംബ ജീവിതമുപേക്ഷിച്ച് അന്യനാട്ടിൽ കഴിയരുത്, അതിന് നമ്മുടെ നാട് ധാരാളമാണ്.
2.ഒരു തൊഴിലിൽ വിദഗ്ധനായിരിക്കണം.
ഇരുപത്തിയാറ് വർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്ന കുഞ്ഞിക്ക പറഞ്ഞു. ജനന സർട്ടിഫിക്കറ്റും കയ്യും കാലും മാത്രമായാണ് ഞാൻ ജിദ്ദയിലെത്തിയത്.ഇനിയത് സാധ്യമല്ല. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സങ്കേതിക തൊഴിൽ വൈദഗ്ത്യവുമുള്ളവർക്കെ മുന്നോട്ടുള്ള പ്രവാസം സാധ്യമാകൂ. പ്രവാസികളുടെ പതിവു യോഗ്യതയായ എന്തു ജോലിയും ചെയ്യാം എന്ന മേഖല അവസാനിച്ചിരിക്കുന്നു.
പ്രവാസിയാകാൻ തയ്യാറെടുക്കുന്നവർ സ്പെസിഫിക്കായ ഒരു ജോലിയിൽ പ്രാവീണ്യം നേടിയിരിക്കണം.നിലവിലെ പ്രവാസികൾ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തി അറിവും സാങ്കേതിക ജ്ഞാനവും വർദ്ധിപ്പിക്കണം.
- ചെറിയതാണെങ്കിലും തുടർച്ചയായ നിക്ഷേപം നടത്തണം.
രണ്ടും മൂന്നും പതിറ്റാണ്ടുകളുടെ പ്രവാസ മവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നവരുടെ കയ്യിൽ ആറുമാസം പോലും ദൈനംദിന ചെലവ് നടത്താനുള്ള സമ്പാദ്യമില്ല എന്നതാണ് ഇന്നത്തെ സാധാരണ പ്രവാസിയുടെ അവസ്ഥ. വെക്തമായ ഒരു റിട്ടയർമെന്റ് പദ്ധതിയോ സാമ്പത്തികാസൂത്രണമോ ഇല്ലാതെയാണ് പ്രവാസി മുന്നോട്ട് പോകുന്നത്.ഇത് റിട്ടേയേർട് പ്രവാസിയുടെ പരാശ്രയത്തിനും അരികു വത്കരണത്തിനും കാരണമാകുന്നു.
പ്രവാസ ജീവിതം / ജോലി അവസാനിപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുന്നതിനായി ചെറിയ സംഖ്യയാണെങ്കിൽ പോലും സ്ഥിരമായ ഒരു നിക്ഷേപം നടത്തി കൊണ്ടിരിക്കണം.
കോബൗണ്ടിംഗ് (നിക്ഷേപത്തിൻമേലുള്ള ലാഭം വീണ്ടും നിക്ഷേപിക്കൽ) ലേകത്തിലെ എട്ടാമത്തെ അത്ഭുതമാണ്.
അറിയുക,ചെലവ് കഴിഞ്ഞതിന് ശേഷമുള്ള നിക്ഷേപമല്ല, നിക്ഷേപത്തിന് ശേഷമുള്ള ചെലവഴിക്കലാണ് സാമ്പത്തിക ബുദ്ധി.
4.അമിത ബാധ്യതകളേറ്റെടുക്കരുത്, കഴിയില്ല എന്ന് പറയാൻ പഠിക്കണം.
സാമ്പത്തികമായ യാതൊരു അമിത ബാധ്യതയും പ്രവാസി ഏറ്റെടുക്കരുത് അതേസമയം സഹായ സന്നദ്ധത ഉപേക്ഷിക്കുകയും ചെയ്യരുത്. ആരെയെങ്കിലും സഹായിക്കുന്നപക്ഷം (പ്രത്യേകിച്ച് കുടുംബക്കാരെ) തിരിച്ചൊരു സഹായം പ്രതീക്ഷിക്കരുത്.കുടുംബത്തിന് ചെയ്യുന്ന സാമ്പത്തിക സഹായങ്ങൾ ദാനമായി കണക്കാക്കുക. പ്രവാസികളുടെ കുടുംബ ബന്ധം തകർത്ത ഏറ്റവും വലിയൊരു ഘടകം പ്രത്യുപകാരം ലഭിച്ചില്ല എന്ന പരാധിയാണ്.കൂടെപ്പിറപ്പുകളിൽ നിന്നാണെങ്കിൽ പോലും അമിതമായ സാമ്പത്തിക ബാധ്യതകളോട് “കഴിയില്ല” എന്ന് പറയാൻ കഴിയണം.
5.ജീവിതം നഷ്ടപ്പെടുത്തരുത്,പ്രവാസം അസ്വദിക്കണം.
പ്രവാസികളുടെ പൊതുവെയുള്ള പരാതിയാണ് ജീവിതം നഷ്ടപ്പെട്ടു എന്നത് .ഒരൽപം ശ്രദ്ധ വെച്ചാൽ പ്രവാസം ഗംഭീരമായി ആഘോഷിക്കാം. ഒഴിവു ദിവസങ്ങൾ ഉറങ്ങി തീർക്കാതെ ചെറുതും വലുതുമായ പിക്നിക്കുകൾ നടത്തുക, ചെറിയ ലീവിനാണെങ്കിൽ പോലും പർച്ചേസ് ഒഴിവാക്കി ഇടക്കിടെ നാട്ടിൽ പോകുക. സമൂഹ്യ/ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയവയിലൂടെ പ്രവാസം ആസ്വദിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുക.
അവസാനമായി ലക്ഷ്യത്തിലെത്തിയാലും ഇല്ലെങ്കിലും ഒരു നിശ്ചിത കാലവധിക്കുള്ളിൽ ഈ ഓട്ടം അവസാനിപ്പിക്കുക.ലക്ഷ്യം കാണാത്ത റിലേ മത്സരത്തിൽ മക്കൾക്കൊരിക്കലും ബാറ്റൺ കൈമാറരുത്.
അവരൊരു പ്രവാസപ്പാച്ചിലിന് സ്വയം തയ്യാറാകുന്ന പക്ഷം നിങ്ങളുടെ അനുഭവ വെളിത്തിൽ അവരെ സജ്ജരാക്കുക
എഴുതിയത്: അബ്ദുറഹിമാൻ കുറ്റിപ്പുറം, മദീന
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa