Monday, November 25, 2024
KeralaTop Stories

ആകാശം ഒരു പക്ഷേ ഇടിഞ്ഞ് നമ്മുടെ തലയിൽ വീഴാത്തത് ഒരു പക്ഷേ ഇത് പോലുള്ള നന്മ മരങ്ങൾ കാരണമാകാം…നൗഷാദ് മലയാളിയെ മനുഷ്യത്വം പഠിപ്പിച്ചപ്പോൾ

കൊച്ചി: തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മുഴുവൻ പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയ എറണാകുളം ബ്രോഡ് വേയിലെ നൗഷാദ് മലയാളിയെ പഠിപ്പിക്കുന്നത് നിരവധി പാഠങ്ങളാണ് .

വൈപ്പിന്‍ മാലിപ്പുറം സ്വദേശി നൗഷാദ് തന്റെ കടയിൽ സഹായമഭ്യര്‍ത്ഥിച്ച് എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കണക്കുകള്‍ നോക്കാതെയും പറയാതെയും തുണിത്തരങ്ങള്‍ എടുത്ത് നല്‍കിയത് ഒരാൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത് കേരളത്തിൽ ആകെ തരംഗമായി മാറുകയായിരുന്നു.

”എല്ലാം വിൽക്കാൻ വച്ച ഡ്രസുകളാണ്. ഇതൊക്കെ കൊടുത്താൽ ദൈവത്തിൽ നിന്നുള്ള കൂലിയുണ്ട്‌. മറ്റുള്ളവരെ സഹായിക്കലാണല്ലൊ നമ്മുടെ കടമ. നമ്മൾ ഇതൊന്നും എവിടേക്കും കൊണ്ടുപോണില്ലല്ലൊ. കട കാലിയാവുകയൊന്നുമില്ല. എല്ലാം ഇനീം വരും. ദൈവം തരുമല്ലോ. ആ വിശ്വാസത്തിലാണീ കൊടുക്കുന്നത്‌” എന്ന നൗഷാദിൻ്റെ വാക്ക് മലയാളീ സമൂഹത്തിൻ്റെ ഹൃദയത്തിൽ തറച്ച വരികളായിരുന്നു.

അതേ സമയം കഴിഞ്ഞ തവണത്തെ പ്രളയ കാലത്തും സഹായങ്ങൾ ചെയ്തിരുന്നതായി നൗഷാദ് വെളിപ്പെടുത്തുന്നു. അവയൊന്നും പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്നതല്ല. ഇപ്പോൾ വന്ന ആളുകൾ വീഡിയോ ഇട്ടതിനാലാണു എല്ലാവരും അറിഞ്ഞത്.

എങ്കിലും ആ വീഡിയോ ഉപകാരമായെന്ന് നൗഷാദ് പറയുന്നു. ഒന്നിച്ച് മദ്യപിക്കാൻ പോയ ചിലർ തൻ്റെ വീഡിയോ കണ്ട് മദ്യപിക്കാൻ കരുതിയിരുന്ന പണം പ്രളയ ദുരിത ബാധിതർക്ക് നൽകുകയാണെന്ന് അറിയിച്ചത് വലിയ സന്തോഷത്തോടെ നൗഷാദ് ഒരു സ്വകാര്യ ചാനലുമായി പങ്ക് വെച്ചു.

നൗഷാദിൻ്റെ തുറന്ന മനസ്സിനെ മലയാളികൾ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും നൗഷാദിനെ അഭിനന്ദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ വായിക്കാം.

”നാട് ദുരിതത്തിൽ പെടുമ്പോൾ, സഹായം നൽകേണ്ടതില്ല എന്ന പ്രചാരണവുമായി ചിലർ രംഗത്തിറങ്ങിയത് നാം കണ്ടത് കഴിഞ്ഞ വർഷം മഹാ പ്രളയ കാലത്താണ്. കേരളത്തിന് പണം ആവശ്യമില്ല എന്നായിരുന്നു ചില കേന്ദ്രങ്ങളുടെ അന്നത്തെ പ്രചാരണം. ജനങ്ങൾ പക്ഷെ അത് തള്ളിക്കളഞ്ഞു. ഇത്തവണ കാലവർഷക്കെടുതി രൂക്ഷമാകുമ്പോഴും “സഹായം കൊടുക്കരുത്” എന്ന് പറയുന്നവരെ കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. വ്യാജപ്രചാരണവും നടക്കുന്നു. എന്നാൽ കേരളത്തിന്റെ മനസ്സ് അത്തരക്കാരോടൊപ്പമല്ല. അത് തെളിയിക്കുന്ന രണ്ടനുഭവങ്ങൾ ഇവിടെ പങ്കു വെക്കുകയാണ്.

ഒന്നാമത്തേത് എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാരി നൗഷാദിന്റേതാണ്. ബലിപെരുന്നാളിന്റെ തലേന്ന്, തന്റെ പെരുന്നാൾ ഇതാണെന്നു പറഞ്ഞുകൊണ്ടാണ് നൗഷാദ് തന്റെ കടയിലേക്ക് വളണ്ടിയർമാരെ വിളിച്ചു കയറ്റി പുതുവസ്ത്രങ്ങളുടെ ശേഖരംതന്നെ ഏൽപ്പിച്ചത്. നാട്ടുകാരെ സഹായിക്കുന്നതാണ് തന്റെ ലാഭം എന്നാണു സാധാരണക്കാരനായ ആ വ്യാപാരി ഒരു സംശയുവുമില്ലാതെ പറഞ്ഞത്. വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയ പ്രവർത്തകരെ “ഒന്നെന്റെ കടയിലേക്ക് വരാമോ” എന്ന് ചോദിച്ചു വിളിച്ചു കൊണ്ടുപോയാണ് നൗഷാദ്, വിൽപ്പനയ്ക്കായി വച്ചിരുന്ന വസ്ത്ര ശേഖരം കൈമാറിയത്. പുതു വസ്ത്രങ്ങൾ ചാക്കിനുളളിൽ കെട്ടിയാണ് നടൻ രാജേഷ് ശർമയുൾപ്പെടെയുള്ളവർ അവിടെ നിന്നിറങ്ങിയത്. നൗഷാദിനെ പോലുള്ളവരുടെ മനസ്സിന്റെ നന്മയും കരുണയും മനുഷ്യ സ്നേഹവും നമ്മുടെ നാടിന്റെ അഭിമാനകരമായ സവിശേഷത തന്നെയാണ്.

തിരുവനന്തപുരം ജില്ലയിലെ വ്ലാത്താങ്കര ഹയർ സെക്കണ്ടറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദർശ് ആർ എ ആണ് ഈ നന്മയുടെ മറ്റൊരുദാഹരണം. ആദർശ് കഴിഞ്ഞ ദിവസം ഓഫിസിൽ വന്നു എന്നെ കണ്ടിരുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള ഒരു പ്രോജക്ടുമായാണ് ആ കൊച്ചു മിടുക്കൻ വന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആദർശ് മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് സ്വന്തമായി സംഭാവന നൽകുന്നുണ്ട്. തനിക്കു കിട്ടുന്ന പോക്കറ്റ് മണി ശേഖരിച്ചുകൊണ്ടാണ് ഇങ്ങനെ സംഭാവന നൽകുന്നത്. ആദ്യ സംഭാവന പുറ്റിങ്ങൽ ദുരന്തം നടന്നപ്പോഴായിരുന്നു.

നൗഷാദും ആദർശും നമ്മുടെ നാടിന്റെ മാതൃകകളാണ്. ഈ സന്നദ്ധതയാണ് നാടിനെ വീണ്ടെടുക്കാൻ നമുക്കു വേണ്ടത്. എല്ലാ ദുഷ്പ്രചാരണങ്ങൾക്കും ഇടങ്കോലിടലുകൾക്കും മറുപടിയായി മാറുന്നുണ്ട് ഈ രണ്ടനുഭവങ്ങൾ. ഇത് ഒറ്റപ്പെട്ടതല്ല. ഇതു പോലെ അനേകം സുമനസ്സുകൾ ഈ നാടിന് കാവലായുണ്ട്.”

ഏതായാലും ധാരാളം നൽകാൻ വകയുണ്ടായിട്ടും അവ നൽകാൻ കൂട്ടാക്കാതെയിരിക്കുന്ന നിരവധി ആളുകൾക്ക് നൗഷാദ് വലിയൊരു പാഠമാണു പകർന്ന് തരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്