തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

500-ലധികം അമേരിക്കൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ഇറാൻ; കണക്കുകൾ തള്ളി പെന്റഗൺ

ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 500-ലധികം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനി അവകാശപ്പെട്ടു.

എക്സിലൂടെയാണ് ലാരിജാനി ഈ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ താല്പര്യങ്ങൾക്ക് വഴങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വന്തം ജനതയെ അന്യായമായ ഒരു യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“ഇപ്പോൾ ട്രംപ് കണക്കുകൂട്ടട്ടെ—കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ 500-ലധികം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരിക്കുന്നു. ഇപ്പോഴും അമേരിക്കയാണോ അതോ ഇസ്രായേലാണോ നിങ്ങൾക്ക് വലുത്?” ലാരിജാനി ചോദിച്ചു.

ഖമേനിയുടെ രക്തസാക്ഷിത്വത്തിന് അമേരിക്ക വലിയ വില നൽകേണ്ടി വരുമെന്ന ഭീഷണിയും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. “കഥ തുടരുകയാണ്” എന്ന നിഗൂഢമായ സന്ദേശത്തോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

യുദ്ധം ജയിക്കാൻ കൂടുതൽ അമേരിക്കൻ സൈനികരെ ബലികൊടുക്കേണ്ടി വരുമെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഇറാന്റെ അവകാശവാദം

എന്നാൽ ഇറാന്റെ ഈ അവകാശവാദങ്ങളെ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ തള്ളി. യുദ്ധം തുടങ്ങിയ ശേഷം ആറ് അമേരിക്കൻ സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്.

ഇതിൽ നാല് പേർ കുവൈത്തിൽ വെച്ചാണ് മരിച്ചത്. ഇറാൻ മനഃപൂർവ്വം തെറ്റായ കണക്കുകൾ പ്രചരിപ്പിച്ച് അമേരിക്കയ്ക്കുള്ളിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനാണ് ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group