വലിയ ചുറ്റുകളിലുള്ള തുണികൾ അളന്നളന്നു കീറുന്നതിന്റെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട് ; പോയ കാലത്തെ സ്മരണകൾ എന്നും മധുരമേറിയതാണ്
പ്രവാസിയായിരുന്ന തന്റെ പിതാവിനെ ഓർത്ത് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ ഡോ: ഇസ്മായിൽ മരിതേരി അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് വാളിൽ എഴുതിയ കുറിപ്പ് ഏറെ ഹൃദ്യമാകുന്നു. പഴയ കാലത്തെ ഗൾഫ് കാരന്റെ നാട്ടിലേക്കുള്ള വരവും അത് കുടുംബത്തിലും നാട്ടിലുമുണ്ടാക്കുന്ന സന്തോഷങ്ങളും പിതാവിന്റെ ശിക്ഷണവുമെല്ലാം വളരെ ഹൃസ്വമായാണ് അദ്ദേഹം എഴുതിയതെങ്കിലും ഒരു കാലഘട്ടത്തിന്റെ തിളങ്ങുന്ന ഓർമ്മകളിലേക്ക് വായനക്കാരെ അത് നയിക്കുന്നുണ്ട്. ഡോ: ഇസ്മായിൽ മരിതേരിയുടെ കുറിപ്പ് വായിക്കാം ;
”ചുറ്റിലും ദാരിദ്ര്യവും കഷ്ടപ്പാടും ഏറെയുണ്ടായിരുന്നു. ഗൾഫ് കുടിയേറ്റം ശക്തമായി കൊണ്ടിരിക്കുന്ന കാലം. കടലവറുത്തതും കട്ടൻ ചായയുമായിരുന്നു അധിക വീടുകളിലെയും പ്രാതൽ. വീട്ടിലും കഷ്ടപ്പാടുകളുടെ ഭൂതകാലമുണ്ടായിരുന്നു.എന്നാലും ഭക്ഷണത്തിന് വലിയ പഞ്ഞം ഉണ്ടായതായി അറിഞ്ഞിട്ടില്ല.
ബാപ്പ പയ്യോളി അങ്ങാടിയിൽ ഹോട്ടൽ നടത്തിയിരുന്നു. പ്രശസ്തമായ ചായ കച്ചവടമായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ബാപ്പയുടെ കടയിൽ നിന്നും ചായ കുടിച്ചവരുടെ കടപ്പാട് നിറഞ്ഞ നല്ല വാക്കുകൾ അഭിമാനപൂർവ്വം പലരിൽ നിന്നും കേൾക്കുമായിരുന്നു. ഒരു പാട് പേരെ വിദ്യ അഭ്യസിക്കുന്നതിൽ താൽപര്യമുണ്ടാക്കാനും തൊഴിൽ കണ്ടെത്തുന്നതിൽ മിടുക്ക് കാട്ടാനും ബാപ്പയുടെ ചില നേരങ്ങളിലെ കനിവാർന വാക്കുകൾ ഉപയോഗപ്പെട്ടിട്ടുണ്ട് എന്ന് അനുഭവസ്ഥരിൽ നിന്നും കേട്ടറിഞ്ഞിട്ടുണ്ട്.
മാരകമായ വസൂരി രോഗത്തെ അതിജീവിച്ചയാളാണ് ബാപ്പ. ഒരു മകളെ ആ മഹാമാരിയിൽ ബാപ്പയ്ക്ക്. നഷ്ടമായിട്ടുണ്ട്. കുടുംബത്തിലെ മൂത്തയാളായിരുന്നു ബാപ്പ. ഹോട്ടൽ നടത്തിപ്പിൽ പിൽക്കാലത്ത് ഏറെ പ്രതിസന്ധികൾ നേരിട്ടപ്പോൾ അമ്മാവനായ കണ്ടോത്ത് അബൂബക്കർക്ക അയച്ച ഖത്തറിലേക്കുള്ള വിസയാണ് കുടുംബത്തെ പ്രയാസങ്ങളിൽ നിന്നും കൈ പിടിച്ചുയർത്തിയത്.
ഗൾഫിൽ നിന്നും ഒന്നും രണ്ടും വർഷങ്ങൾ കഴിഞ്ഞ് ബാപ്പ വരുന്ന നാളുകൾ സുഗന്ധ പൂരിതങ്ങളായിരുന്നു. തൊട്ട് പിറക് വശത്തുള്ള പുത്തലത്ത് വളപ്പിലെ കിണറായിരുന്നു ഞങ്ങൾ വെള്ളത്തിനായി പ്രധാനമായും ആശ്രയിച്ചത്. കുടിവെള്ളം റോഡ് മുറിച്ചു കടന്ന് വേണമായിരുന്നു കൊണ്ട് വരാൻ.
ബാപ്പയുടെ ശ്രമഫലമായി ഞങ്ങൾ താമസിക്കുന്ന പറമ്പിൽ തന്നെ ഒരു കിണർ നിർമിച്ചു. കരിങ്കല്ല് കൊണ്ടാണ് പടവുകൾ പടുത്തത്. ജലം യഥേഷ്ടം ഉപയോഗിക്കാനുണ്ടെങ്കിലുള്ള സുഖം ഒന്ന് വേറെ തന്നെയാണ്. അതൊരു വലിയ സ്വാതന്ത്രം തന്നെയാണ്. അയൽപക്കത്തെ അക്കാലത്തെ പ്രശസ്തമായ കിണർ വലിയ പുത്തലത്തായിരുന്നു. അന്യജാതിക്കാർക്കും മതക്കാർക്കൊന്നും അവിടെ വെള്ളം കോരാൻ അനുവാദമുണ്ടായിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്.
ഗൾഫിൽ നിന്നുള്ള ഒരാളുടെ വരവ് ഒരു ഗ്രാമത്തിന് മുഴുവൻ സന്തോഷമേകും. ഒരു കൂട്ടം കത്തുകൾ.കുപ്പായ തുണികൾ. ടേപ്പ് റിക്കാർഡറിൽ നിന്നുയരുന്ന നല്ല നല്ല പാട്ടുകൾ. ഒരു പിടി കാസറ്റുകൾ, റോത്ത്മാൻസ് ,ത്രീഫൈവ് സിഗരറ്റിന്റെ ഗന്ധം. പല നിറത്തിലും ഡിസൈനിലുമുള്ള ലുങ്കികൾ.
വലിയ ചുറ്റുകളിലുള്ള തുണികൾ അളന്നളന്നു കീറുന്നതിന്റെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ഉമിക്കരികൊണ്ട് പല്ല് തേച്ച ഞങ്ങൾ പെട്ടന്ന് സിഗ്നൽ ടൂത്ത് പേസ്റ്റ് ചേർത്തു പതയുള്ള പല്ല് തേപ്പിലേക്ക് മാറുന്നത് ബാപ്പയുടെ വരവോടെയാണ്. നനഞ്ഞാൽ കിരി കിരീന്ന് കരയുന്ന പച്ചവാറുള്ള ചെരുപ്പിട്ട് നടന്ന് പലതവണ കാല് തെന്നി വീണതും ഓർമ്മയിലുണ്ട്.
ഞങ്ങൾ കുട്ടികൾക്ക് നിറം മാറുന്ന സ്കെയിൽ, നല്ല മണമുള്ള ഇറേസറുകൾ.ഷാർപനറുകൾ, ഹീറോ പേനകൾ ഒക്കെണ്ടാവും. ബാപ്പയുടെ ബ്രീഫ് കേസ് തുറക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്. പയ്യൂസ് കുപ്പി, കോടാലി തൈലം ,നഖം വെട്ടികൾ, പൗഡറുകൾ, ക്രീമുകൾ തുടങ്ങി നാനാതരം കണ്ണഞ്ചിപ്പിക്കുന്ന സാധനങ്ങൾ കൊണ്ട് പെട്ടി വീർപ്പ് മുട്ടുമായിരുന്നു. ഒരു പ്രത്യേക മോഹിപ്പിക്കുന്ന വാസനയായിരുന്നു എല്ലാത്തിനും.
ലോക ഭൂപടം ആദ്യമായി കണ്ടത് ബാപ്പ കൊണ്ട് വന്ന ജ്യോമട്രിക് ബോക്സിന്റെ പുറം ചട്ടയിൽ നിന്നാണ്. എനിക്കായി പ്രത്യേകം കൊണ്ട് വന്ന ഒരു കളിക്കോപ്പുണ്ടായിരുന്നു. ചിരിക്കുടുക്ക. സ്വിച്ചിട്ടാൽ ചിരിയോട് ചിരി. ചിരിക്കില്ലെന്ന് മസിൽ പിടിച്ചിരിക്കുന്നവർ പോലും ആ കുലുങ്ങിചിരി കേട്ടാൽ ചിരിച്ചു പോവുമായിരുന്നു. ബിസ്കറ്റ് കളറിലുള്ള ആ കളിപ്പാട്ടം എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഒരു പാട് കാലം ഓമനിച്ച് കൊണ്ട് നടന്നിരുന്നു. ഗൾഫിലെ പല അങ്ങാടികളിലും ഇപ്പോഴും എന്റെ ചിരിക്കുടുക്കയുടെ ബന്ധുക്കളെ കാണുമ്പോൾ എനിക്ക് കുളിര് കോരും.
ബാപ്പ നാട്ടിലെത്തിയാൽ ഒന്ന് രണ്ടാഴ്ചക്കാലം സന്ദർശകരുടെ പ്രവാഹമായിരുന്നു. ബന്ധുക്കൾ ,അയൽവാസികൾ, വിവിധ കമ്മിറ്റിക്കാർ ,ദൂരദേശങ്ങളിൽ നിന്നെത്തുന്ന സാധുക്കൾ തുടങ്ങി ഒരു പാട് പേര്. അവരോടൊക്കെ ബാപ്പ കാണിച്ച പെരുമാറ്റത്തിലെ വശ്യതയും കുലീനത്വവും ഞങ്ങളെ ഏറെസ്വാധീനിച്ചിട്ടുണ്ട്.ദുരഭിമാനിയല്ലായിരുന്നു ബാപ്പ. നേരേ വാ നേരേ പോ മട്ട്കാരൻ. പരിഭവങ്ങളില്ല. പരാതികൾ അധികം പറയില്ല.
ദാനശീലവും കാരുണ്യവും ബാപ്പയിൽ നിന്നും ഉമ്മയിൽ നിന്നും കണ്ട് പഠിച്ചിട്ടുണ്ട് ധാരാളം. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും മനസ്സറിഞ്ഞ് നൽകുന്ന സദഖയുടെ പേലവത്വമായിരുന്നു ഉപ്പ. കൊട്ടിഘോഷിക്കാത്ത, വലത് കൈ നൽകുന്നത് ഇടത് കൈ പോലുമറിയാത്ത ദാനത്തിന്റെ പവിത്രമായ എത്രയെത്ര ബാല പാഠങ്ങൾ അവർ പകർന്നിട്ടുണ്ടെന്നോ? അവരുടെ ഉദാരതയുടെ സമൃദ്ധിയിൽ കുഞ്ഞു നാളുകളിൽ കണ്ണ് നിറഞ്ഞ് പ്രാർത്ഥിച്ചത് ഓർമ്മ വരുന്നു. അല്ലാഹു ഉദാരനാണെന്ന ”അല്ലാഹ് കരീം” എന്ന അറബി പദമായിരുന്നു ബാപ്പയിൽ നിന്ന് ഞാനേറ്റവും കൂടുതൽ കേട്ട പദം.
നല്ല വാസനതൈലം പുരട്ടി വൃത്തിയായി ചീകി വെച്ച തലമുടിയും കൈയ്യിൽ ഒരു ഉറുമാലും വടിവാർന്ന തൂവെള്ള കുപ്പായവും മുണ്ടും വസൂരിക്കല വീണ മുഖത്തെ നിറഞ്ഞ പുഞ്ചിരിയുമാണെനിക്ക് ബാപ്പയെ ഓർക്കുമ്പോൾ അകതാരിൽ തെളിയുക . മുണ്ടിന്റെ ഒരു കര വലിച്ച് കക്ഷത്ത് ഇറുക്കി ഇരു കൈകളിലും വീട്ടിലേക്കുള്ള സാമാനങ്ങളുമായി നടന്നു വരുന്ന ബാപ്പയുടെ ചിത്രം അതീവ സുന്ദരമാണ്.
ഒരു നേരത്തേ നമസ്ക്കാരം പോലും ബാപ്പ വൈകിച്ചതായി ഓർമയില്ല. വെള്ളിയാഴ്ചകളിൽ ബാപ്പയോടൊത്ത് പള്ളിയിൽ പോയ അനുഭവങ്ങൾ അവിസ്മരണീയങ്ങളാണ്. പോവുന്ന വഴികളിൽ നിറയെ നിന്ന് സംസാരിച്ചും കുശലങ്ങളന്വേഷിച്ചുമായിരുന്നു ആ നടത്തങ്ങൾ. മരുതേരി സൂപ്യാക്കയുടെ മോൻ എന്നതിൽ ഏറെ മതിപ്പ് ഉള്ളിലുടെലെടുത്തുറച്ച നാളുകളായിരുന്നു അത്.
ജുമുഅ നമസ്ക്കാരം കഴിഞ്ഞാൽ പള്ളിപ്പറമ്പിൽ ചെല്ലും. അവിടെ അന്തിയുറങ്ങുന്ന മാതാപിതാക്കൾക്ക് വേണ്ടി സജലങ്ങളായ കണ്ണുകളോടെ പ്രാർത്ഥനാനിരതനാവുന്ന ബാപ്പ , കുട്ടിക്കാല ഓർമയിലെ ഒളിമങ്ങാത്ത കാഴ്ചയായിരുന്നു.ബാപ്പയെ ഓർക്കുമ്പോൾ എത്രയെത്രെ ഭാവങ്ങൾ ,വാക്കുകൾ, ലാളനകൾ ശാസനകൾ, നർമങ്ങൾ ആണ് മനസ്സിൽ പൊടുന്നനെ പെയ്ത് കൊണ്ടിരിക്കുന്നത്!
ബാപ്പയിൽ നിന്നും കിട്ടിയ നന്മയുടെ, സൗമ്യതയുടെ, പരജീവി സ്നേഹത്തിന്റെ ഒരു പാട് പാഠങ്ങൾ ഞാനിനിയും പരിശീലിക്കേണ്ടതുണ്ടല്ലോ എന്ന ബോധം കർമ്മനിരതനാക്കുന്നതിൽ എന്നെ എറെ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ മാതാപിതാക്കളുടെ പ്രാർത്ഥനാനിർഭരമായ, കരുതലോടെയുള്ള ഇടപെടലുകൾ,
നിർദേശങ്ങൾ ,പിന്തുണകൾ , ചില വഴക്കുകൾ, മുടക്കലുകൾ ഇപ്പോഴും ജീവിതത്തിന്റെ ഓരോ വളവിലും തിരിവിലും പകരുന്ന വെളിച്ചവും ഊർജ്ജവും വാക്കുകൾക്കതീതവും വർണങ്ങൾക്കപ്രാപ്യവും തന്നെയാണെന്നത് അതിശയോക്തിയല്ല.
സർവജ്ഞനും കാരുണ്യവാനും അളവറ്റ സ്നേഹ വാൽസല്യങ്ങളുടെ ഉടയോനുമായ അല്ലാഹു നമ്മുടെ മാതാപിതാക്കളെ ഇഹപരലോകങ്ങളിൽ ക്ഷേമൈശ്വര്യ സൗഖ്യങ്ങൾ അനസ്യൂതമായി വർഷച്ചനുഗ്രഹിക്കട്ടെ. ഇടതടവില്ലാത്ത നന്ദി ബോധത്തോടെയുള്ള പ്രാർത്ഥന കൂടിയില്ലാതെയെങ്ങിനെയാണ് നമുക്കവരോടുള്ള സ്നേഹാദരവുകളിൽ സംതൃപ്തി ലഭിക്കുക!
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa