ഒരാളുടെ പാസ്‌പോർട്ടിൽ ഈ വിസകൾ ഉണ്ടെങ്കിൽ ഈസിയായി സൗദിയിൽ പ്രവേശിക്കാം
റിയാദ്: സൗദി അറേബ്യയിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 49 രാജ്യങ്ങളിലെ പൗരന്മാർക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു.
എന്നാൽ ഈ 49 രാജ്യങ്ങളിൽ ഉൾപ്പെടുന്നില്ല എന്നതിനാൽ ഓൺ അറൈവൽ വിസ പ്രഖ്യാപനം ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ് തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവർക്ക് ഉപകാരം ചെയ്തിരുന്നില്ല.
ഓൺ അറൈവൽ വിസ ലഭിക്കാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ രാജ്യത്തുള്ള സൗദി എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെട്ടാൽ മാത്രമേ ടൂറിസ്റ്റ് വിസ ലഭ്യമാകുമായിരുന്നുള്ളൂ.
എന്നാൽ ചില രാജ്യങ്ങളിലേക്കുള്ള വിസകൾ പാസ്പോർട്ടിൽ നേരത്തെ സ്റ്റാംബ് ചെയ്തവരാണെങ്കിൽ അവർ ഏത് രാജ്യത്തിൽ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ തന്നെ സൗദിയിലേക്ക് ഓൺ അറൈവൽ വിസ അനുവദിച്ച് നൽകുന്നുണ്ട്.
ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ ദേശീയ വിമാനക്കംബനികൾക്ക് പ്രത്യേക സർക്കുലർ അയക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്ക, ബ്രിട്ടൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവയുടെ വിസ സ്റ്റാംബ് ചെയ്ത പാസ്പോർട്ട് ആണെങ്കിൽ ഇവരെ ഏത് രാജ്യത്തെ പൗരന്മാരാണെന്ന് പരിഗണിക്കാതെ തന്നെ സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി വിമാനങ്ങളിൽ കയറ്റണമെന്നാണു സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പറയപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിസ ഇഷ്യു ചെയ്തതിനു പുറമേ പാസ്പോർട്ട് ഉടമ ആ വിസ ഇഷ്യു ചെയ്ത രാജ്യത്ത് പോയതിനു ശേഷമായിരിക്കണം സൗദിയിലേക്ക് വരുന്നത് എന്നതും ഉറപ്പ് വരുത്താൻ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് സൗദി എയർപോർട്ടുകളിൽ നിന്ന് സൗദി ടൂറിസ്റ്റ് വിസ ലഭ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa