തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിലിറങ്ങണമെങ്കിൽ കൊറോണയില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധം

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധ തടയുന്നതിൻ്റെ ഭാഗമായി ശക്തമായ പ്രതിരോധ നടപടികളുമായി കുവൈത്ത് ഭരണകൂടവും രംഗത്തെത്തി.

കുവൈത്ത് ഹെൽത്ത് അതോറിറ്റി നിർദ്ദേശമനുസരിച്ച് കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പുറത്തിറക്കിയ സർക്കുലറിലാണു കർശനമായ പുതിയ നിർദ്ദേശങ്ങൾ അറിയിച്ചിട്ടുള്ളത്.

സർക്കുലർ പ്രകാരം മാർച്ച് 8 മുതൽ ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിൽ ഇറങ്ങണമെങ്കിൽ അവർ കൊറോണ വൈറസ് മുക്തരാണെന്ന സാക്ഷ്യപത്രം ഹാജാരാക്കേണ്ടതുണ്ട്.

ഇന്ത്യക്ക് പുറമെ ഫിലിപൈൻസ്, ബംഗ്ളാദേശ്, ഈജിപ്ത്, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലബനാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരാണു കൊറോണ മുക്തരാണെന്ന സാക്ഷ്യപത്രം സമർപ്പിക്കേണ്ടത്.

അതത് രാജ്യങ്ങളിൽ കുവൈത്ത് എംബസി അംഗീകരിച്ച ഹെൽത്ത് സെൻ്ററുകളിൽ നിന്നുള്ള സാക്ഷ്യപത്രം ആയിരിക്കണം സമർപ്പിക്കേണ്ടത്. അഥവാ ഈ രാജ്യങ്ങളിൽ കുവൈത്ത് എംബസി ഇല്ലെങ്കിൽ അവിടെയുള്ള സർട്ടിഫൈഡ് ഹെൽത്ത് അതോറിറ്റി അംഗീകരിച്ച റിപ്പോർട്ട് ആയിരിക്കണം.

പ്രസ്തുത സാക്ഷ്യപത്രം ഇല്ലാതെ ഈ രാജ്യങ്ങളിലെ പൗരന്മാർ കുവൈത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ കുവൈത്തിൽ ഇറങ്ങാൻ സമ്മതിക്കാതെ അതേ വിമാനക്കംബനിയുടെ വിമാനത്തിൽ തന്നെ മടക്കി അയക്കുകയും ചെയ്യും.

കൊറോണ മുക്തരാണെന്ന സാക്ഷ്യപത്രം ഇല്ലാത്ത യാത്രക്കാരുമായി എത്തുന്ന വിമാനക്കംബനികൾക്ക് പിഴ ചുമത്തുകയും ചെയ്യുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഈ 10 രാജ്യങ്ങളിൽ നിന്നെത്തുന്ന കുവൈത്ത് പൗരന്മാർക്ക് കൊറോണ ഫ്രീ സാക്ഷ്യ പത്രം ആവശ്യമില്ലെങ്കിലും അവർക്കുള്ള പരിശോധനകൾ കുവൈത്ത് എയർപോർട്ടിൽ വെച്ച് നടത്തുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്