Friday, November 15, 2024
GCCTop Stories

നാട്ടിലേക്ക് തിരിച്ചു പോകൽ പ്രായോഗികമല്ല; ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളോടെ ഇവിടെ പിടിച്ചു നിൽക്കുകയാണ് ഏക പോം വഴി.

ഗൾഫ് രാജ്യങ്ങളിൽ ആശങ്കാജനകമാം വിധം കോവിഡ്‌ -19 പടർന്നു പിടിച്ചതിന്റെ ഭീതിയിലാണ്‌ മലയാളികളടക്കമുള്ള വിദേശികളായ പ്രവാസികൾ. ഗൾഫിൽ ഏകദേശം 25 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് കണക്ക് .

കോവിഡ്‌-19 സാഹചര്യത്തിൽ ഇത്രത്തോളം വരുന്ന ആളുകളെ എങ്ങനെയാണ്‌ കൈകാര്യം ചെയ്യേണ്ടതെന്ന ആശങ്കയിലാണ്‌ സംസ്ഥാന ഭരണകൂട നേതൃത്വം. കേരള ഗവൺമെന്റിന് പുറമെ കേരളത്തിലെ വിത്യസ്ത മത സാമൂഹ്യ സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും, പ്രവാസികൾക്ക് സഹായവും, പിന്തുണയും, പ്രഖ്യാപിച്ചിട്ടുണ്ട്.

പക്ഷെ ഇതിൽ തന്നെ ആർക്കൊക്കെസഹായം ആവശ്യമുണ്ടെന്ന കാര്യത്തിൽ നമ്മൾ ഈ അടിയന്തിര ഘട്ടത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്‌. നിലവിൽ ഗൾഫ്‌ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരിൽ ഭൂരിഭാഗത്തിനും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നതു നാം മനസ്സിലാക്കണം. ഗൾഫ് രാജ്യങ്ങൾ അങ്ങേയറ്റം ജാഗ്രതയോടെ വിദേശികളും സ്വദേശികളുമായ പൗരന്മാർക്ക്‌ ചികിത്സ നൽകി വരുന്ന കാഴ്ചയാണ്‌ നമുക്ക്‌ കാണാൻ കഴിയുന്നത്‌.

പ്രതിവർഷം ദശലക്ഷക്കണക്കിനാളുകളെ ഹജ്ജിന്റെ സമയത്ത്‌ സ്വീകരിക്കുകയും അവർക്കായുള്ള സൗകര്യങ്ങൾ യാതൊരു വീഴ്ചയും കൂടാതെ സജ്ജമാക്കാറുമുള്ള സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലാണ് തങ്ങൾ അകപ്പെട്ടിട്ടുള്ളതെന്ന് ഓരോ മലയാളിയും മനസ്സിലാക്കേണ്ടതുണ്ട്‌.

അതു കൊണ്ടു തന്നെ ആശങ്കകൾക്കുപരിയായി ജാഗ്രതയും ഏകോപിച്ചിട്ടുള്ള പ്രവർത്തനങ്ങളുമാണ്‌ ഈ സമയത്ത്‌ നമ്മളിൽ നിന്നുണ്ടാവേണ്ടത്‌. ഓർക്കുക ഇപ്പോൾ നിലവിലുള്ള ജോലിയും സാഹചര്യങ്ങളും നഷ്ടമാവാത്തിടത്തോളം ഇവിടെ പിടിച്ചു നിൽക്കുകയാണ്‌ ഏക പോംവഴി.

ഇപ്പോൾ ലോകം പ്രശംസിക്കുന്ന കേരളാ മോഡൽ പ്രതിരോധമൊക്കെ ലക്ഷക്കണക്കിനുള്ള പ്രവാസികൾ നാട്ടിൽ എത്തിയാൽ തീർച്ചയായും തകരും, അതു കൊണ്ടുതന്നെ നിലവിലുള്ള സാഹചര്യങ്ങളിൽ തുടരാൻ പറ്റുന്നവർ തുടർന്നു കൊണ്ടു തന്നെ കോവിഡിനെ പ്രതിരോധിക്കേണ്ടതാണ്‌.

അതിന്റെ ആദ്യപടിയെന്നോണം അതാത് രാജ്യങ്ങളിലെ ഗവൺമന്റ്‌ നിഷ്കർശിച്ചിട്ടുള്ള പ്രതിരോധത്തിനായുള്ള സുരക്ഷാമാനദണ്ഡങ്ങൾ അതീവ ജാഗ്രതയോടെ തുടർന്ന് കൊണ്ടു പോവുക. അത്യാവശ്യ സാധനങ്ങളുമായി വീടുകളിൽ ഇരിക്കുവാൻ എല്ലാ പ്രവാസികളും ശ്രദ്ധിക്കുക. കുടുംബമൊന്നിച്ചു ജീവിക്കുന്ന പ്രവാസികൾ കുടുംബ ബഡ്ജറ്റുകൾ വെട്ടിക്കുറച്ച്‌ ആർഭാടങ്ങൾ ഒഴിവാക്കി കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കുക, കാരണം ഒരു പക്ഷെ ഇനിയും ശമ്പളം ലഭിക്കാനും മറ്റും മാസങ്ങളെടുത്തേക്കാം.

അത്യാവശ്യഘട്ടങ്ങളിൽ മിക്ക ഹോസ്പിറ്റലുകളും ഓൺലൈൻ – ഫോൺ ഇൻ കൺസൾട്ടേഷനുകൾ തുടങ്ങിയിട്ടുണ്ട്‌ , അവയിലൂടെ ചികിത്സ തേടേണ്ടതാണ്‌. പനിയോ കോവിഡ്‌-19 ലക്ഷണങ്ങളോ പ്രകടമാകുന്ന പക്ഷം നേരിട്ട്‌ ഹോസ്പിറ്റലുകളിൽ ചെന്ന് ചികിത്സ തേടുന്നതിനു പകരം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട്‌ അവർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്‌.

സ്വന്തം കാര്യങ്ങൾക്കുപരിയായി തങ്ങളുടെ തൊട്ടടുത്ത അയൽവാസികളുടേയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തങ്ങൾക്ക്‌ സഹായിക്കാൻ കഴിയുന്ന ആളുകളുടേയും വിവരങ്ങൾ അന്വേഷിച്ച്‌ അവർക്ക്‌ വേണ്ട സഹായങ്ങൾ നൽകാനും ശ്രദ്ധിക്കണം.

ഇതിനോടകം തന്നെ ഗൾഫ് രാജ്യങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന മിക്ക മലയാളി സംഘടനകളും അവരുടെ ഹെൽപ്ഡെസ്കുകൾ തുറന്ന് ഓൺലൈനിലും, ആവശ്യക്കാരിലേക്ക് നേരിട്ട് ഭക്ഷണ കിറ്റുകൾ എത്തിച്ചു കൊണ്ടും, രോഗബാധിതരായ ആളുകളെ ആശുപത്രികളിൽ എത്തിക്കാൻ സഹായിച്ചുകൊണ്ടും പ്രവർത്തിക്കുന്നുണ്ട്‌.

രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കാൻ അധികൃതരുടേയും ഇന്ത്യൻ ഗവണ്മന്റിന്റേയും സംസ്ഥാന സർക്കാരിന്റേയും കൂടെ ഇടപെടലുകൾ സഹായം ചെയ്യും. ഇന്ത്യൻ എംബസിയുമായിടപെട്ട്‌ ഇന്ത്യൻ ഭരണ നേതൃത്വത്തോട്‌ ഇന്ത്യക്കാരായ രോഗികളെ പരിചരിക്കുവാൻ ഒരു വിദഗ്ധ സംഘത്തെ അയക്കാൻ വേണ്ടി സംഘടനകൾക്ക് അഭ്യർത്ഥിക്കാവുന്നതാണ്‌. ഇങ്ങനെ ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും സാമൂഹ്യ സംഘടനകൾക്ക്‌ ഏകോപിപ്പിച്ച്‌ പ്രവർത്തിക്കാവുന്നതാണ്‌.

എല്ലാ പ്രമുഖ നഗരങ്ങളിലും ഇന്ത്യൻ എംബസിയുടെ കീഴിൽ കമ്മ്യൂണിറ്റി സ്കൂളുകളും പിന്നെ മലയാളീ മാനേജ്മെന്റുകൾ നടത്തുന്ന പ്രൈവറ്റ്‌ സ്കൂളുകളും നിലവിലുണ്ട്‌. രോഗം സ്ഥിതീകരിച്ച ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ, ബാച്ചിലർ റൂമുകളിൽ താമസിക്കുന്ന ജോലിക്കാർ എന്നിവർക്കൊക്കെ അടിയന്തിരഘട്ടങ്ങളിൽ ഇവിടങ്ങളിൽ ഐസലേഷൻ സൗകര്യങ്ങളൊരുക്കാം.

പെട്ടെന്നുള്ള ഭയാശങ്കകളിൽ പെട്ട്‌ ഇവിടെ നിന്നും ഓടിയൊളിക്കുക വഴി നമുക്കിതിനെ പ്രതിരോധിക്കാനാവില്ലെന്ന് തിരിച്ചറിയുക. നിലവിലുള്ള ജോലി നഷ്ടപ്പെട്ടാൽ പലർക്കും നല്ലൊരവസരം ലഭിക്കാൻ ഒരു വർഷം വേണ്ടി വന്നേക്കും. അതുകൊണ്ട്‌ ജാഗ്രത മാത്രം മതി നിലവിൽ, ഭയപ്പെടാനുള്ള സാഹചര്യത്തിൽ നാമെത്താത്തിടത്തോളം ഇതിനെതിരെ ശക്തമായി പൊരുതാൻ തയ്യാറാവുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa