പ്രതിസന്ധികൾ തീർന്ന് ഇനിയും വരുമെന്ന ഉറപ്പോടെ, കേരളത്തെ നെഞ്ചോട് ചേർത്ത് സൗദികൾ മടങ്ങി.
കോവിഡ് നിശ്ചലമാക്കിയ ഇന്ത്യയിൽ നിന്ന് സ്വന്തം പൗരന്മാരെ തിരഞ്ഞ് സൗദിയുടെ മൂന്ന് ഫ്ലൈറ്റുകൾ എത്തി. കോഴിക്കോടും മുംബൈയും ദൽഹിയിലുമാണ് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ സൗദി എയർലൈൻസ് വിമാനങ്ങളിറങ്ങിയത്.
കേരളം സമ്മാനിച്ച ഓർമകൾക്ക് നന്ദി പറഞ്ഞാണ് സൗദി പൗരൻ മുഹമ്മദ് സംസാരിച്ചു തുടങ്ങിയത്. ഒരുപാട് കേട്ടറിവുള്ള കേരളത്തിന്റെ നന്മകൾ അനുഭവിച്ചറിയാനും ഭാഗ്യമുണ്ടായതായി അദ്ദേഹം പറഞ്ഞു.
മാതാവുമായി കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ചികിത്സക്ക് വന്നതിനിടെയാണ് കോവിഡ് പ്രതിസന്ധിയും നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലായതും. നിരവധി പേർ കേരളത്തിലെത്തിയത് ചികിത്സാർത്ഥമായിരുന്നു.
പ്രതിസന്ധികൾ തീർന്ന് ഇനിയും വരുമെന്ന ഉറപ്പോടെയാണ് പലരും കേരളത്തോട് വിടപറഞ്ഞത്. 136 സൗദി പൗരന്മാരുമായി സൗദിയ ബാംഗ്ലൂരിലേക്ക് പറന്നു. കുട്ടികളും മുതിർന്നവരും സ്ത്രീകളുമുണ്ടായിരുന്ന യാത്രക്കാരിൽ ഏറെപ്പേർ വീൽ ചെയറിലായിരുന്നു. ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ഇവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിച്ചത്.
വൈകുന്നേരം 3.30 നായിരുന്നു കരിപ്പൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയത്. അവിടെ നിന്നുള്ള 130 യാത്രക്കാരുമായി വിമാനം റിയാദിലേക്ക് മടങ്ങി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സൗദി പൗരന്മാരെ മുംബൈയിലും ഡൽഹിയിലും എത്തിക്കുകയായിരുന്നു. അവരും ഇന്നു തന്നെ മടങ്ങി. കഴിഞ്ഞ മാർച്ച് 15 നു തന്നെ സൗദി എയർലൈൻസ് സർവീസുകൾ നിർത്തിവെച്ചിരുന്നു.
സൗദി ഭരണാധികാരികളുടെ പ്രത്യേക ഇടപെടലുകൾ മൂലമാണ് സൗദി അറേബ്യയിൽ നിന്ന് മൂന്ന് വിമാനങ്ങൾ ഇന്ത്യയിൽ ഇറങ്ങിയത്. സൗദിയ സർവീസുകൾ മെയ് 30 വരെ നിർത്തിവെച്ചിട്ടുണ്ട്.
അതേസമയം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ മടക്കം അനിശ്ചിതമായി നീളുകയാണ്. ഇതിനുള്ള നടപടികൾ അന്തിമമായിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa