എന്ത് കൊണ്ടാണ് സൗദിയിൽ നിയന്ത്രങ്ങളിൽ അയവ് വരുത്തിയത്; മക്കയിൽ മാത്രം ഇളവുകൾ വൈകി അനുവദിക്കാൻ കാരണമെന്ത്
ജിദ്ദ: സൗദിയിൽ കൊറോണ ബാധ തുടരുന്നതിനിടെ എന്ത് കൊണ്ടാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതെന്നും അതേ സമയം മക്കയിൽ മാത്രം നിയന്ത്രണങ്ങൾ ഇപ്പോഴും തുടരാൻ കാരണമെന്തെന്നുമുള്ള സംശയങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരണം നൽകി.
പകർച്ചാ വ്യാധി വിവിധ ഘട്ടങ്ങളിലൂടെയാണു കടന്ന് പോകുന്നത്. തുടക്കത്തിൽ വൈറസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ലായിരുന്നു. അതിൻ്റെ ശക്തിയോ വ്യാപനത്തിൻ്റെ വേഗതയോ മറ്റു കാര്യങ്ങളോ എല്ലാം അജ്ഞാതമായിരുന്നു.
അതേ സമയം നാമെടുത്ത മുൻകരുതലുകളും ആളുകളുടെ പ്രതിബദ്ധതയും കാരണം ഇപ്പോൾ സൗദിയിൽ വൈറസ് വ്യാപനത്തിൻ്റെ സ്പീഡ് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ രോഗബാധിതരുടെ എണ്ണവും കുറഞ്ഞു വരികയാണ്. സൗദിയിൽ വൈറസ് വ്യാപന നിയന്ത്രണങ്ങൾ വിജയിക്കുന്നുണ്ട് എന്നതാണ് ഇത് തെളിയിക്കുന്നത്.
ലോകത്ത് ആദ്യഘട്ടത്തിൽ വളരെ കുറഞ്ഞ വൈറസ് ബാധയാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മൾ പ്രതിദിനം ലക്ഷങ്ങളുടെ കണക്കാണ് കേൾക്കുന്നത്. വൈറസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായതോടെ ലോകം മുഴുവൻ ഒരു തിരിച്ച് പോക്കാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്നും ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. സൗദിയും അത് കൊണ്ടാണ് ഇത്തരത്തിൽ ഒരു തിരിച്ച് പോക്ക് ഉദ്ദേശിച്ച് ഇളവുകൾ നൽകിയത് എന്ന സൂചനയാണ് മന്ത്രാലയ വാക്താവിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്.
അതേ സമയം റിയാദിനേക്കാൾ കേസുകൾ കുറഞ്ഞിട്ടും മക്കയിൽ മാത്രം എന്ത് കൊണ്ട് നിയന്ത്രണങ്ങൾ തുടരുന്നു എന്ന സംശയത്തിനും മന്ത്രാലയ വാക്താവ് മറുപടി നൽകി.
എല്ലാ ഏരിയകളിലെയും കൊറോണ വ്യാപനം തുടർച്ചയായ വിലയിരുത്തലുകൾക്ക് വിധേയമാക്കാറുണ്ട്. വൈറസിന്റെ വ്യാപനത്തിന്റെ സ്പീഡ്, വൈറസ് ബാധിച്ചവരെ കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങി എല്ലാ സൂചകങ്ങളും വിലയിരുത്തിക്കൊണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പിൻ വലിക്കുന്നതും.
ഇതിന്റെ അടിസ്ഥാനത്തിലാണ് വൈറസിന് കൂടുതൽ വ്യാപന സാധ്യതയുള്ള മക്കയിലെ നിയന്ത്രണങ്ങളിൽ ഇപ്പോൾ ഇളവ് പ്രഖ്യാപിക്കാത്തത് എന്നാണ് മന്ത്രാലയ വാക്താവിന്റെ വിശദീകരണത്തിൽ നിന്ന് വ്യക്തമാകുന്നത്. മക്കയിൽ കർഫ്യുവിൽ ഇളവുകൾ ഞായറാഴ്ച മുതലേ ആരംഭിക്കുന്നുള്ളു. സൗദിയുടെ മറ്റു ഭാഗങ്ങളിലെല്ലാം വ്യാഴാഴ്ച മുതൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 1815 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. അതേ സമയം പുതുതായി രോഗം ഭേദമായവരുടെ എണ്ണം 2572 ആണു രേഖപ്പെടുത്തിയത്. ഇതോടെ സൗദിയിൽ കൊറോണയിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 51,022 ആയി ഉയർന്നിട്ടുണ്ട്.
ആകെ രേഖപ്പെടുത്തിയ കേസുകൾ 78,541 ആണ്. അതിൽ നിലവിൽ ചികിത്സയിൽ ഉള്ളത് 27,094 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 പേർ കൂടി വൈറസ് ബാധയേറ്റ് മരിച്ചു. ഇതോടെ സൗദിയിലെ ആകെ മരണ സംഖ്യ 425 ആയി ഉയർന്നിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa