Friday, November 15, 2024
GCCKeralaTop Stories

കോവിഡിനൊപ്പം നീങ്ങുമ്പോൾ

വെബ്ഡെസ്ക്: ആദ്യമുണ്ടായിരുന്ന അമ്പരപ്പ് മാറി ലോകം കോവിഡിനൊപ്പം നീങ്ങാനുള്ള പരിശ്രമത്തിലാണ്. ഓരോ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും അങ്ങനെയേ കഴിയൂ. കോവിഡ് മൂലം ലോകത്താകമാനം ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം ഓരോ മേഖലയിലും ബില്യൺ ക്കണക്കിനു ഡോളറുകളാണ്.

മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത്, വീടിനുള്ളിലെ സുരക്ഷിതത്വം അനുഭവിച്ചവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ലോകം കോവിഡിനൊപ്പം നീങ്ങാൻ തീരുമാനമെടുക്കുമ്പോൾ നമ്മളും അതിന് നിർബന്ധിതരാവുകയാണ്.

നാട്ടിൽ പോലീസുകാർ ആളുകളെ ആട്ടി അടിച്ചോടിച്ചിരുന്ന കൊറോണയുടെ തുടക്ക കാലത്ത് വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ. സാമൂഹ്യ സമ്പർക്കം മൂലം ഒരാൾ ആയിരക്കണക്കിന് ആളുകൾക്ക് വൈറസ് പകരാം എന്നായിരുന്നു അന്നത്തെ അറിവ്. എന്നാൽ പിന്നീട് ആ ധാരണ തിരുത്തപ്പെട്ടു. വിചാരിച്ച അത്ര അപകടകരമായ അവസ്ഥയിൽ കൊറോണ പകരുന്നില്ല എന്നു മനസ്സിലാവുകയും അതിനനുസരിച്ച് കൊറോണ വ്യാപന നിയന്ത്രണ പ്രവർത്തനങ്ങൾ മാറ്റപ്പെടുകയും ചെയ്തു.

ഇത്രയും കാലം ലോകം കോവിഡിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ എങ്ങനെയാണ് ഇതിന്റെ പോക്ക് എന്ന ഒരു ഏകദേശ ധാരണയിൽ ലോക രാജ്യങ്ങൾ എത്തുകയും ചെയ്തിട്ടുണ്ട്.

നമുക്കു ചുറ്റും കൊറോണ വ്യാപിക്കുമ്പോഴും പഴയ അടഞ്ഞ അങ്ങാടികൾക്ക് പകരം മുൻ‌കരുതൽ നടപടികൾ കൈകൊണ്ട് മുന്നോട്ട് പോകുന്ന പുതിയ സംവിധാനങ്ങളാണ് കാണുന്നത്. ഈ അവസ്ഥയിൽ ഓരോരുത്തരും സ്വയം സുരക്ഷിതരാവാതെ മറ്റൊരു മാർഗമില്ല.

ലോകത്ത് വർദ്ധിച്ച് വരുന്ന കൊറോണയുടെ സാന്നിദ്ധ്യം 70 ലക്ഷത്തോടടുക്കുകയാണ്. മരണം നാല് ലക്ഷം തികയാൻ ഏതാനും ചില അക്കങ്ങൾകൂടി മറിഞ്ഞാൽ മതി. പ്രവാസികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങൾ ആശങ്കാജനകമായ വൈറസ്ബാധാ നിരക്കാണ് രേഖപ്പെടുത്തുന്നത്. സൗദി അറേബ്യയിൽ മാത്രം ലക്ഷത്തിലധികം പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

എങ്കിലും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായ മുൻകരുതൽ നടപടികളും കൈകൊണ്ട് വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള പരിശ്രമങ്ങളിലാണ് സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ. യുഎഇയും സൗദിയും മസ്ജിദുകൾ തുറന്നപ്പോൾ കുവൈറ്റും ബഹറൈനും ഭാഗികമായി തുറക്കാനുള്ള തീരുമാനത്തിലാണ്. അഭ്യന്തര വിമാനത്താവളങ്ങൾ തുറക്കാൻ ഒമാൻ അടക്കമുള്ള രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നു.

കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. മാസങ്ങളോളം അടഞ്ഞുകിടന്നിരുന്ന കച്ചവട സ്ഥാപനങ്ങളും ഓഫീസുകളും വീണ്ടും തുറക്കാൻ അനുവദിച്ചിരിക്കുന്നു. ബാർബർ ഷോപ്പുകളും ഹോട്ടലുകളും ഈ മാസം തുടക്കം മുതലേ പ്രവർത്തനം ആരംഭിച്ചു. ആരാധനാലയങ്ങൾക്ക് നിയന്ത്രണങ്ങളോടെയുള്ള അനുമതി ലഭിച്ചിരിക്കുന്നു.

ഇനിയുള്ളത് നമ്മൾ പൊതു ജനങ്ങളുടെ കൈകളിലാണ്. സ്വയം സുരക്ഷയൊരുക്കുക എന്നതിൽ കവിഞ്ഞ മറ്റൊരു മാർഗവുമില്ലാത്തത്ര അടുത്താണ് രോഗാണുക്കൾ എന്ന ഉത്തമ ബോധ്യത്തോടെയാവണം പൊതു ഇടങ്ങളിൽ ഇടപെടേണ്ടത്. ഇനിയുള്ള കാലം നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്തവയായി ഫേസ് മാസ്ക്കുകളും സാനിറ്റൈസറുകളും മാറിക്കഴിഞ്ഞു.

ആരോഗ്യമുള്ള ശരീരത്തിൽ കയറാൻ മടിക്കുന്ന കൊറോണ വൈറസുകൾ ദുർബലരെ പെട്ടന്നു കീഴടക്കുന്നു. മരണപ്പെടുന്നവർ അധികവും മധ്യവയസ്കരോ വൃദ്ധരോ ആവുന്നതും മറ്റൊരു കാരണം കൊണ്ടല്ല. കുട്ടികളിലും രോഗ സാധ്യത കൂടുതലാണ്. സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത അങ്ങാടികളും പൊതു വാഹന സർവീസുകളും ഏറെക്കാലം കരുതലോടെ ഇടപെടേണ്ട മേഖലകളാണ്.

രോഗികളുടെ എണ്ണം വർദ്ധിക്കുകയും, സർക്കാർ നിയന്ത്രണത്തിൽ അയവു വരുത്തുകയും ചെയ്യുമ്പോൾ, ഓരോരുത്തരും സ്വയം സംരക്ഷകരാവുക എന്നത് മാത്രമാണ് കൊറോണയെ അകറ്റി നിർത്താനുള്ള ഏക പോംവഴി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa