സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്ത ദിനം; ആയിരക്കണക്കിനാളുകൾക്ക് കൊറോണ ബാധിക്കാനുള്ള കാരണം വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സൗദിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 3717 പേർക്ക്. ഇത് സൗദിയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്ത കൊറോണ ബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്നതാണ്.
1,12,288 ആണ് സൗദിയിൽ ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം. പുതുതായി 36 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ഇത് വരെയുള്ള ആകെ കൊറോണ മരണം 819 ആയി ഉയർന്നു. നിലവിൽ 33,515 പേർ ചികിത്സയിലുണ്ട്. ഇതിൽ 1693 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. അതേ സമയം 1615 പേർ കൂടി രോഗമുക്തരായതോടെ സൗദിയിൽ ഇത് വരെ കൊറോണ ഭേദമായവരുടെ എണ്ണം 77,954 ആയിട്ടുണ്ട്.
ഒഴിവാക്കേണ്ട നിരവധി പെരുമാറ്റ രീതികൾ ഒഴിവാക്കാത്തതാണു വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകാൻ കാരണമെന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളോടുമായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രധാന സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.
ആളുകൾ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിൽ പോകുന്നതും ജനത്തിരക്കേറിയ സ്ഥലങ്ങളിൽ സമയം ചെലവഴിക്കുന്നതുമെല്ലാം ഒഴിവാക്കേണ്ട കാര്യങ്ങളിൽ പെട്ടതാണ്. വൈറസ് വ്യാപനത്തിനു കാരണമാകുന്ന അത്തരം കാര്യങ്ങൾ ഒഴിവാക്കണമെന്ന് രാജ്യത്തെ മുഴുവൻ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതോടൊപ്പം മാസ്ക്ക് ധരിക്കണമെന്നും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണമെന്നും പ്രത്യേകം നിർദ്ദേശിച്ചു.
റിയാദ് നഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ രോഗികളുടെ എണ്ണം 1317 ആണ്. ഇത് റിയാദിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ്. ജിദ്ദയിൽ 460 പേർക്കാണ് പുതുതായി വൈറസ് ബാധിച്ചത്. റിയാദിലും ജിദ്ദയിലുമുള്ളവർ പ്രത്യേകം സൂക്ഷിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ബന്ധപ്പെട്ടവർ നേരത്തെ പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa