Sunday, September 22, 2024
Saudi ArabiaTop Stories

വിദേശികൾ പണമയക്കുന്നത് കുത്തനെ കുറഞ്ഞു; നാലുവർഷം കൊണ്ട് 20 ശതമാനത്തിന്റെ ഇടിവ്.

ജിദ്ദ: കഴിഞ്ഞ നാല് വർഷത്തിനിടെ വിദേശ തൊഴിലാളികൾ സ്വരാജ്യങ്ങളിലേക്ക് അയച്ച പണത്തിൽ 20 ശതമാനം കുറവുണ്ടായതായി ഔദ്യോഗിക കണക്കുകൾ. രാജ്യത്ത് ഇന്ത്യക്കാർ അടക്കമുള്ളവരുടെ വർദ്ധിച്ച തോതിലുള്ള മടക്കവും സ്വദേശിവത്കരണവും ഇതിനു കാരണമായി.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പാശ്ചാത്തലത്തിൽ സാമ്പത്തിക ആഘാതം തുടരുമ്പോൾ പണമടയ്ക്കൽ നടപ്പ് വർഷത്തിലും വലിയ ഇടിവ് തുടരുമെന്ന് ഡാറ്റയിൽ പറയുന്നു.

2015-ൽ 156.86 ബില്ല്യൺ റിയാൽ ആയിരുന്നത് കഴിഞ്ഞ നാല് വർഷമായി ക്രമാനുഗതമായ ഇടിവ് രേഖപ്പെടുത്തി 2019 അവസാനത്തോടെ 125.53 ബില്യൺ റിയാലിലെത്തി, 31.33 ബില്ല്യൺ റിയാലാണ് നാല് വർഷം കൊണ്ട് കുറഞ്ഞത്.

അവസാന പത്ത് വർഷത്തിൽ തുടക്കത്തിൽ വിദേശികളുടെ പണമയക്കലിൽ വൻ മുന്നേറ്റമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 2010 മുതൽ 2015 വരെയുള്ള ആറ് വർഷങ്ങളിൽ വിദേശ പണമയയ്ക്കൽ തുടർച്ചയായി വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് രാജ്യത്തെ പുതിയ തീരുമാനങ്ങൾ വിദേശികൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയത് എന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ദശകത്തിന്റെ തുടക്കത്തിൽ 98.81 ബില്ല്യൺ റിയാലിൽ നിന്ന് 2015 ൽ എത്തുമ്പോൾ ഇത് 156.86 ബില്യൺ ആയി ഉയർന്നിരുന്നു. ആറു വർഷത്തിനുള്ളിൽ ഏകദേശം 58.75 ശതമാനത്തിന്റെ വർദ്ധനവ്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ പണമയയ്ക്കൽ 43.64 ബില്ല്യൺ റിയാലാണ്, കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. മാർച്ചിൽ 12.22 ബില്യൺ റിയാലുള്ളത് ഏപ്രിലിൽ 9.79 ബില്യൺ മാത്രമായി ചുരുങ്ങി. കൊറോണയുടെ പാശ്ചാത്തലത്തിൽ കച്ചവട സ്ഥാപനങ്ങളും തൊഴിലിടങ്ങളും നിശ്ചലമായത് ഇതിന് ആക്കം കൂട്ടി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ ഏപ്രിലിൽ പണമയയ്ക്കലിനെ ബാധിച്ചിട്ടുണ്ട്. ഈ ഇടിവ് കുറച്ച് മാസങ്ങൾ കൂടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് തുടർച്ചയായ അഞ്ചാം വർഷവും പ്രവാസികളുടെ പണമയയ്ക്കൽ കുറയുന്നതിന് കാരണമാകും.

അടുത്ത കാലത്തായി തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയ വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് പണമയയ്ക്കുന്നതിന്റെ അളവ് കുറയാൻ കാരണമായത്. 2018 മുതൽ പ്രാബല്യത്തിലുള്ള ലെവി അടക്കമുള്ളവ ഏർപ്പെടുത്തിയതുമുതൽ ആയിരക്കണക്കിന് തൊഴിലാളികൾ രാജ്യം വിട്ടുപോയി.

പ്രതിമാസ ഫീസ് 2018 ൽ 400 റിയാൽ ആയിരുന്നു, 2019 ൽ 600 റിയാലും 2020 ൽ 800 റിയാലമ്മായി ഉയർന്നു. ഇത് പല തൊഴിലുടമകളെയും അവരുടെ വിദേശ തൊഴിലാളികളെ ഒഴിവാക്കാൻ പ്രേരിപ്പിച്ചു, പകരം അവർ ജോലികൾ ഏറ്റെടുക്കാൻ സൗദികളെ നിയമിക്കാൻ തുടങ്ങി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q