Saturday, November 16, 2024
Saudi ArabiaTop Stories

സമീപ ദിനങ്ങളിൽ തന്നെ ഉംറക്കും ത്വവാഫിനുമായി ഹറം തുറന്ന് കൊടുക്കും; തിരക്ക് നിയന്ത്രിക്കാൻ വിവിധ പദ്ധതികൾ

മക്ക: ഉംറക്കും ത്വവാഫിനുമായി വിശുദ്ധ ഹറം ഭാഗികമായി തുറന്ന് കൊടുക്കുമ്പോൾ തിരക്ക് നിയന്ത്രിക്കുന്നതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ഹറം കാര്യ ഏജൻസി പഠനം നടത്തുന്നു.

ഹറമിൽ ഉൾക്കൊള്ളാൻ സാധിക്കുന്ന മൊത്തം ശേഷിയുടെ 40 ശതമാനം തുറന്ന് കൊടുക്കുന്നതിനും അതിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണവുമാണു ഇപ്പോൾ അധികൃതർ പരിഗണിക്കുന്നതെന്ന് പ്രമുഖ സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പള്ളിയിൽ പ്രവേശിക്കുന്നതിനു മുംബ് സന്ദർശകരുടെ ഡാറ്റയും കോൺടാക്റ്റ് നമ്പറുകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സാധ്യതകളും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കാൻ പ്രവേശനത്തിനും പുറത്തുകടക്കലിനുമുള്ള വെവ്വേറെ വാതിലുകൾ നിശ്ചയിക്കുന്നതുമെല്ലാം പദ്ധതിയിലുണ്ട്.

ഉയർന്ന ശരീര താപം ഉള്ളവരെ പ്രവേശിപ്പിക്കാതിരിക്കാനും കൊറോണ ലക്ഷണങ്ങളുള്ളവരെയും 14 ദിവസങ്ങൾക്കുള്ളിൽ വൈറസ് ബാധിതരുമായി ഇടപഴകിയവരെ വിലക്കുന്നതിനും എല്ലാം സംവിധാനം ഒരുക്കുന്നുണ്ട്. മാസ്ക്ക് ധരിക്കുന്നത് നിർബന്ധമായും നിരീക്ഷിക്കുകയും ചെയ്യും.

ഹറമിൽ തിരക്ക് ഒഴിവാക്കാൻ തവക്കൽനാ ആപ് വഴി രെജിസ്റ്റർ ചെയ്ത് ഹറമിലേക്ക് പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് നേരത്തെ ലഭ്യമാക്കുന്നതിനും അധികൃതർ പദ്ധതി ഒരുക്കുന്നുണ്ട്.

മക്കക്കാരല്ലാത്തവർക്കും തവക്കൽന വഴി പെർമിറ്റ് കരസ്ഥമാക്കാത്തവർക്കും രാവിലെ 9 നും വൈകുന്നേരം 8 നും ഇടയിൽ മക്കയിലേക്കുള്ള പ്രവേശനം വിലക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനായി വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടത്തും.

മത്വാഫിലേക്ക് ഉംറക്കാർക്ക് മാത്രമായിരിക്കും പ്രവേശനം. ഇഹ്രാമിലുള്ളവർക്ക് മത്വാഫിലേക്ക് പ്രവേശിക്കുന്നതിനായി കിംഗ് ഫഹദ് ഗേറ്റ് ആയിരിക്കും അനുവദിക്കുക. ജസറുന്നബിയും ബാബുസ്വഫയും പുറത്ത് കടക്കുന്നതിനുമായി നിശ്ചയിക്കും. ഇഹ്രാമിൽ അല്ലാത്തവർക്ക് ഹറമിൽ പ്രവേശിക്കുന്നതിനായി 89, 94 നംബർ വാതിലുകൾ അനുവദിക്കും. ഇവർക്ക് അജ്യാദ് ഡോർ വഴിയായിരിക്കും പുറത്ത് കടക്കാൻ സാധിക്കുക.

തെക്ക് ഭാഗത്ത് നിന്നും പടിഞ്ഞാറു ഭാഗത്ത് നിന്നും വരുന്ന ഇഹ്റാമിൽ അല്ലാത്തവർ അജ്യാദ് ഫ്ളൈ ഓവർ വഴിയോ ശുബൈക ഫ്ളൈ ഓവർ വഴിയോ മതാഫിൻ്റെ ഫസ്റ്റ് ഫ്ളോറിലേക്കാണു പ്രവേശിക്കേണ്ടത്. അവർക്ക് എസ്കലേറ്ററുകൾ വഴിയും സഫ ബ്രിഡ്ജ് വഴിയും പുറത്ത് കടക്കാം.

കിംഗ് ഫഹദ് എക്സ്പാൻഷൻ ഏരിയയിലെ മുകളിലെ നിലയിലേക്ക് പ്രവേശിക്കുന്നതിനു കിംഗ് ഫഹദ് സ്റ്റെയർകേസും ശുബൈക എസ്കലേറ്ററും ഉപയോഗിക്കാം. കിംഗ് അബ്ദുല്ല എക്സ്പാൻഷൻ ഏരിയയും വിശ്വാസികൾക്കായി തുറന്ന് കൊടുക്കും. ഹറം പരിസരത്തുള്ള ഹോട്ടലുകൾക്ക് തീർഥാടകരെ ഹറമിലേക്ക് കൂടുതൽ വിടാതിരിക്കുന്നതിനുള്ള നിർദ്ദേശം നൽകും. ഹോട്ടലുകളിൽ തന്നെ നമസ്ക്കാര സൗകര്യം ഒരുക്കാനും ആവശ്യപ്പെടും എന്നും സൗദി മാധ്യമങ്ങൾ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്