Monday, November 25, 2024
Saudi ArabiaTop Stories

ഇരുപതിൽ കൂടുതൽ പേർ ഒരുമിച്ച് താമസിക്കുന്നതിന് സൗദിയിൽ വിലക്ക്.

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. പൊതു സുരക്ഷ കണക്കിലെടുത്ത് ഒരു താമസ സ്ഥലത്ത് ആരോഗ്യ, സാങ്കേതിക വ്യവസ്ഥകൾ പാലിക്കാതെ ഇരുപതോ അതിൽ കൂടുതലോ പേരെ ഒരുമിച്ച് താമസിക്കാൻ അനുവദിക്കില്ലെന്ന് വിവിധ മന്ത്രാലയങ്ങൾ വ്യക്തമാക്കി.

കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷം രാജ്യത്ത് നഗരങ്ങളെന്നോ ഗ്രാമപ്രദേശങ്ങളെന്നോ വ്യത്യാസമില്ലാതെ ലേബർ കമ്മിറ്റികൾ അംഗീകരിച്ച ആരോഗ്യ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ വൻ തുക പിഴയും മറ്റു നിയമ നടപടികളും നേരിടേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആരോഗ്യ, വാണിജ്യ, മാനവശേഷി, വ്യവസായ വകുപ്പുകളുമായി ഏകോപിച്ചാണ് മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം കൂട്ടത്തോടെ താമസിക്കുന്നതിനുള്ള വ്യവസ്ഥകളും ശിക്ഷകളും പ്രഖ്യാപിച്ചത്.

വ്യക്തികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധനകൾ നടത്താനും നിയമലംഘനങ്ങൾക്കെതിരെ നടപടികൾ കൈകൊള്ളാനും ആവശ്യമെങ്കിൽ താമസ സ്ഥലങ്ങൾ അടപ്പിക്കാനും ആരോഗ്യ,വാണിജ്യ, മാനവശേഷി മന്ത്രാലയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്ഥിരം സമിതികൾ രൂപീകരിക്കാനാണ് തീരുമാനം.

പകർച്ചവ്യാധികൾ, യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, ഭീകരാക്രമണങ്ങൾ പോലുള്ള സമയങ്ങളിൽ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷാ നിയമപ്രകാരമായിരിക്കും നിയമലംഘനങ്ങൾക്ക് ശിക്ഷകൾ വിധിക്കുക. ഇതനുസരിച്ച് പത്ത് ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഒരു മാസം തടവോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കും.

മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രിയോ ഇവർ ചുമതലപ്പെടുത്തുന്നവരോ ആണ് നിയമലംഘകർക്കുള്ള ശിക്ഷകൾ പ്രഖ്യാപിക്കുക എന്നും മന്ത്രാലയം അറിയിച്ചു. ശിക്ഷിക്കപ്പെടുന്നവർക്ക് അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാൻ അനുവാദമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa