ഇത് പ്രവാസികളെ മറ്റൊരു കണ്ണോട് കൂടി കണ്ട ചില നാട്ടുകാർക്ക് തിരിച്ചടി; നാട്ടിൽ ക്വാറൻ്റൈൻ പൂർത്തിയാക്കിയ പ്രവാസികളോടുള്ള സോഷ്യൽ മീഡിയയിലെ ആഹ്വാനം വൈറലാകുന്നു
കൊറോണ മൂലം പ്രവാസികളിൽ പലരും നാട്ടിൽ തിരിച്ചെത്തിയപ്പോൾ പ്രവാസികളെ കൊറോണ വാഹകരെന്ന കണ്ണോടെ വീക്ഷിച്ച് മോശമായ രീതിയിൽ പെരുമാറിയ ചിലർക്കെങ്കിലും തിരിച്ചടിയായിക്കൊണ്ട് എടപ്പാൾ സ്വദേശിയായ ഫിറോസ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കുറിപ്പ് ഇങ്ങനെ വായിക്കാം:
”28 ദിവസങ്ങൾ ക്വാറൻ്റൈൻ ഇരുന്ന പ്രവാസികൾ കഴിയുന്നതും പുറത്തിറങ്ങി നാട്ടുകാരുമായി ഇടപഴകരുത്. നമ്മൾ ഇപ്പോൾ സുരക്ഷിതരാണ്.
നാട്ടുകാർ തുണി മാസ്ക്ക് കഴുത്തിൽ തൂക്കി, കൈകൾ എല്ലായിടത്തും കൊണ്ടു പോയി പെരുമാറി പിന്നെയത് മൂക്കിലും വായിലും ഇട്ട് കൊറോണ വൈറസ് വാഹകരായികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കഴിയുന്നതും അവരുമായ് ഇടപഴകാതിരിക്കുക.” എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
നാട്ടിൽ എത്തിയവരും അല്ലാത്തവരുമായ പ്രവാസികൾ ആ കുറിപ്പ് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുന്നുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കൊറോണ മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വന്ന നിരവധി പ്രവാസികളോട് വളരെ മോശം രീതിയിൽ പല നാട്ടുകാരും പെരുമാറിയത് വാർത്തയായിരുന്നു.
സ്വന്തം വീട്ടിലേക്ക് വന്ന പ്രവാസിയെ ആട്ടിയോടിക്കാൻ നിന്ന മലയാളിക്കും പ്രവാസികൾ ക്വാറൻ്റൈനിൽ കഴിയുന്ന വീടുകൾക്ക് കല്ലെറിഞ്ഞ മലയാളിക്കും എല്ലാം പ്രസ്തുത കുറിപ്പ് വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണെന്നത് പറയാതെ വയ്യ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa