സൗദി എയർലൈൻസ് നേരത്തെ പ്രഖ്യാപിച്ച ഇന്ത്യയിലേക്കുള്ള സർവീസ് ട്വീറ്റ് പിൻവലിച്ചതിൻ്റെ വിശദീകരണം തേടിയും വിമാന സർവീസ് പുനരാരംഭിക്കാനും ആവശ്യപ്പെട്ട് സൗദിയയുടെ ട്വിറ്ററിൽ സജീവമായി പ്രവാസികൾ
ജിദ്ദ: സൗദി എയർലൈൻസിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പ്രവാസികളുടെ തുടർച്ചയായ ചോദ്യങ്ങൾ കൊണ്ടും സൗദിയ അധികൃതരുടെ മറുപടി കൊണ്ടും സജീവമാണ്.
നവംബർ മുതൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് നിന്ന് സൗദിയ സർവീസ് നടത്തുമെന്ന് ട്വിറ്ററിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയെങ്കിലും പിന്നീട് ആ ട്വീറ്റ് സൗദിയ ഡിലീറ്റ് ചെയ്തതിൻ്റെ കാരണമാണു പലരും ചോദിക്കുന്നത്.
പ്രസ്തുത ചോദ്യത്തിനു മറുപടിയായി എന്ത് കൊണ്ട് ട്വീറ്റ് ഡിലീറ്റ് ചെയ്തു എന്ന് വിശദീകരിക്കാതെ സൗദി എയർലൈൻസിൻ്റെ വിമാന സർവീസ് ബുക്കിംഗ് നടത്താനുള്ള പേജിൻ്റെ ലിങ്കാണു സൗദിയ അധികൃതർ നൽകുന്നത്.
ഇനിയും നാട്ടിൽ നിന്നാൽ തങ്ങൾ പ്രയാസപ്പെടുമെന്നും സൗദിയിലെ ജോലി നഷ്ടപ്പെടുമെന്നും ട്വീറ്റ് ചെയ്തു കൊണ്ടും നിരവധി ആളുകൾ സൗദിയയോട് വിമാന സർവീസ് പുനരാരംഭിക്കാൻ ആവശ്യപ്പെടുന്നുണ്ട്.
ഇത്തരം ആവശ്യങ്ങൾക്കുള്ള മറുപടികളിൽ ഒന്നുകിൽ വിമാന സർവീസ് ബുക്കിംഗ് പോർട്ടലിൻ്റെ ലിങ്കോ അല്ലെങ്കിൽ നിലവിൽ ഇന്ത്യയിലേക്ക് ഷെഡ്യൂൾ ഇല്ല എന്ന മറുപടിയോ ആണു സൗദിയ അധികൃതർ നൽകിക്കൊണ്ടിരിക്കുന്നത്.
നേരത്തെ നവംബറിൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സൗദിയ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചത് വഴി നിലവിലെ സാഹചര്യത്തിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാനുള്ള സാധ്യത കുറവാണെന്നാണു പല ട്രാവൽ ഏജൻ്റുമാരും അഭിപ്രായപ്പെടുന്നത്.
എന്നാൽ റി എൻട്രിയിൽ മതിയായ കാലാവധിയുള്ളവരും അത്യാവശ്യമായി മടങ്ങേണ്ടതില്ലാത്തവരും നവംബർ ആദ്യ വാരം വരെ കാത്തിരിക്കാമെന്ന തീരുമാനത്തിലാണുള്ളത്.
അതേ സമയം റി എൻട്രി വിസകളുടെ കാലാവധി അവസാനിക്കാനിരിക്കുന്നവരും പെട്ടെന്ന് മടങ്ങൽ അത്യാവശ്യമായവരും ദുബൈ വഴി സൗദിയിലേക്ക് 14 ദിവസം ക്വാറൻ്റൈനിൽ കഴിഞ്ഞ് കൊണ്ട് മടങ്ങുന്നത് ഇപ്പോഴും തുടരുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa