Sunday, November 17, 2024
Saudi ArabiaTop Stories

റിയാദിൽ ഒരു മാസത്തിനിടെ തൊഴിലുടമയെ അറിയിക്കാതെ നിരവധി വിദേശികളുടെ സ്പോൺസർഷിപ്പ് മാറ്റുകയും ഹുറൂബ് ഒഴിവാക്കുകയും ഇഖാമ കാലാവധി കഴിഞ്ഞവർക്ക് ഫൈനൽ എക്സിറ്റ് നൽകുകയും ചെയ്തു

റിയാദ്: മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ റിയാദ് ലേബർ ഓഫീസിലെ ലേബർ റിലേഷൻസ് വകുപ്പ് കഴിഞ്ഞ ഒരു മാസത്തിനിടെ വിദേശികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു.

ഇഖാമ അവസാനിച്ചവർക്ക് സൗദി വിടാൻ അവസരമൊരുക്കുന്ന എക്സിറ്റ് പെർമിറ്റ് 2739 വിദേശികൾക്ക് ഇഷ്യു ചെയ്ത് നൽകി.

ഹുറൂബ് കാൻസൽ ചെയ്യാനുള്ള 654 അപേക്ഷകളിൽ അതിൻ്റെ നിജസ്ഥിതി പരിശോധിച്ചതിൻ്റെ ശേഷം തീരുമാനമെടുത്തു. തൊഴിലാളികളും തൊഴിലുടമകളുമെല്ലാം ഹുറൂബ് കാൻസൽ ചെയ്യാനായി അപേക്ഷ നൽകിയിരുന്നു.

അനാവശ്യമയി ഹുറൂബാക്കിയതാണെന്ന് ലേബർ റിലേഷൻസ് വകുപ്പിനു ബോധ്യമായാൽ ഹുറൂബ് കാൻസൽ ചെയ്യുകയും മറ്റൊരു കഫീലിനു സ്പോൺസർഷിപ്പ് മാറാൻ അവസരമൊരുക്കുകയും ചെയ്യുമെന്ന് നേരത്തെ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു.

അതോടൊപ്പം 67 വിദേശികൾക്ക് താത്ക്കാലിക വർക്ക് പെർമിറ്റ് ഇഷ്യു ചെയ്ത് നൽകുകയും 78 വിദേശികൾക്ക് കഫീലിനെ അറിയിക്കാതെ സ്പോൺസർഷിപ്പ് മാറാൻ അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.

മരണപ്പെട്ട 132 തൊഴിലാളികൾക്ക് ലഭിക്കാനുള്ള സർവീസ് മണി ബന്ധപ്പെട്ടവർക്ക് നൽകുന്നതിനായി തൊഴിലുടമകളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

ഹുറൂബ് റിപ്പോർട്ടിൽ തീർപ്പ് കൽപ്പിക്കുന്നതിനു പ്രത്യേക സംവിധാനം വന്നതിനാൽ റിയാദിൽ അനാവശ്യമായി ഹുറൂബാക്കുന്ന പ്രവണത 70 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഏതെങ്കിലും രീതിയിൽ തൊഴിലിടങ്ങളിൽ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിച്ചാൽ പരിഹാരം ലഭിക്കുന്നുണ്ടെതിൻ്റെ തെളിവാണു റിയാദ് ലേബർ ഓഫീസിൽ നിന്നുള്ള അനുഭവം വ്യക്തമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്