Saturday, November 16, 2024
Saudi ArabiaTop Stories

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ആരോഗ്യ പ്രവർത്തകരും ആശ്രിതരും ചാർട്ടേഡ് വിമാനത്തിൽ പറന്നു ; മറ്റു പ്രവാസികൾക്കും പ്രതീക്ഷ നൽകി സൗദി സിവിൽ ഏവിയേഷൻ്റെ പുതിയ സർക്കുലർ

ജിദ്ദ: സൗദിയിലെ സ്വകാര്യ, സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും വഹിച്ച് കൊണ്ടുള്ള ചാർട്ടേഡ് വിമാനം കൊച്ചിയിൽ നിന്ന് ജിദ്ദയിലെത്തി.

ഒരു സ്വകാര്യ ട്രാവൽ ഏജൻസിയായിരുന്നു വിമാന സർവീസ് നടത്തിയത്. 380 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ മാസം 28 നും ഇതേ ട്രാവൽ ഏജൻസി ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നുണ്ട്.

അതേ സമയം സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്ക് നീക്കാനുള്ള സാധ്യത വർദ്ധിപ്പിച്ച് കൊണ്ട് ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെയും ആശ്രിതരെയും വഹിച്ച് കൊണ്ടുള്ള വിമാന സർവീസ് നടത്തുന്നതിനു സൗദി സിവിൽ ഏവിയേഷൻ എല്ലാ വിമാനക്കമ്പനികൾക്കും അനുമതിയും നൽകിയിട്ടുണ്ട്.

ഇന്ന് പുറത്തിറങ്ങിയ സൗദി സിവിൽ ഏവിയേഷൻ്റെ സർക്കുലറിലാണു ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെയും ആശ്രിതരെയും കൊണ്ട് പോകുന്നതിനു വിമാനക്കമ്പനികൾക്ക് അനുമതി നൽകിയതായി അറിയിച്ചിട്ടുള്ളത്.

സിവിൽ ഏവിയേഷൻ്റെ അനുമതി ലഭിച്ചതോടെ ആരോഗ്യ പ്രവർത്തകർക്കും ആശ്രിതർക്കുമായി ചാർട്ടേഡ് വിമാനങ്ങൾക്ക് പുറമെ നോർമൽ സർവീസുകളും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ അറിയിച്ചു.

തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും കുടുംബങ്ങൾക്കും മാത്രമാണു അനുമതി നൽകുന്നതെങ്കിലും ഇതിൻ്റെ തുടർച്ചയായി മറ്റുള്ളവർക്കും വൈകാതെ സൗദിയിലേക്ക് നേരിട്ട് പറക്കാൻ അനുമതി ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി അധികൃതർ സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട് പരിശ്രമങ്ങൾ തുടരുന്നതിനിടയിലാണു പ്രതീക്ഷയേകുന്ന പുതിയ സർക്കുലർ വന്നിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്