കൊറോണക്ക് മേൽ ആധിപത്യം നേടാൻ സൗദിക്ക് സാധിച്ചുവെന്ന് മന്ത്രി; കൊറോണക്കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്ന 6 സ്ഥലങ്ങളിലൊന്ന് സൗദി അറേബ്യ
ജിദ്ദ: കൊറോണക്ക് മേൽ ആധിപത്യം നേടാൻ രാജ്യത്തിനു സാധിച്ചതായും ഇതിനു കാരണം സല്മാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെയും ശക്തമായ പിന്തുണയും പൊതു ജനങ്ങളുടെ പ്രതിബദ്ധതയുമാണെന്നും സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ.
അവസാന കൊറോണ രോഗിയും സുഖം പ്രാപിച്ചതായി പ്രഖ്യാപിക്കുന്നത് വരെ പ്രതിരോധ മുൻ കരുതലുകളോടുള്ള പ്രതിബദ്ധത ഇനിയും തുടരേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
അതേ സമയം നിലവിലെ കൊറോണ സാഹചര്യത്തിൽ ലോകത്ത് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്ന 6 സ്ഥലങ്ങളിൽ ഒന്നായി സൗദി അറേബ്യയെ വെഗോ ട്രാവൽ ബ്ളോഗ് പരാമർശിക്കുന്നു. മിഡിലീസ്റ്റിൽ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണു സൗദിയെന്നതും ശ്രദ്ധേയമാണ്.
ആസ്‌ത്രേലിയ, ന്യുസിലാന്റ്, സിംഗപ്പൂർ, സാംബിയ, ക്യൂബ എന്നീ രാജ്യങ്ങളാണു യഥാക്രമം സൗദിക്ക് മുന്നിലുള്ളത്.
സൗദിയിൽ പുതുതായി 217 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 386 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു. അതേ സമയം ഇത് വരെ രോഗം ബാധിച്ചവരിൽ 96.99 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 4835 പേരാണു ചികിത്സയിലുള്ളത്. അതിൽ 674 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 5884 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa