തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കഴിഞ്ഞ ദിവസം സൗദിയിലെ നോർത്തേൺ ബോഡർ പ്രവിശ്യയിൽ പുതിയ കൊറോണ കേസുകൾ പൂജ്യത്തിലേക്ക് താഴാനുണ്ടായ കാരണം അധികൃതർ വ്യക്തമാക്കി

സൗദിയിലെ നോർത്തേൺ ബോഡർ പ്രവിശ്യയിൽ വെള്ളിയാഴ്ചയിലെ കൊറോണ റിപ്പോർട്ടിൽ പുതിയ വൈറസ് ബാധിതരുടെ എണ്ണം പൂജ്യത്തിലേക്ക് താഴാനുണ്ടായ കാരണം പ്രവിശ്യാ ആരോഗ്യ വകുപ്പ് വാക്താവ് ഫഹദ് അൽ അൻസി വ്യക്തമാക്കി.

സർക്കാർ സ്ഥാപനങ്ങളിലും ഷോപ്പിംഗ് കോം പ്ലക്സുകളിലും സൂഖുകളിലും പൊതു സ്ഥലങ്ങളിലും പ്രതിരോധ നടപടികൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനായി ഒരു സർക്കാർ സമിതി രൂപീകരിച്ചതാണു ഇതിലെ പ്രധാന ഘടകം.

സർക്കാർ സ്ഥാപനങ്ങൾ അണുവിമുക്തമാക്കുകയും ആളുകൾ മാസ്ക്ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തലുമെല്ലാം ഈ സമിതിയുടെ ചുമതലയായിരുന്നു.

ആളുകൾക്ക് അവബോധം ഉണ്ടാക്കുന്നതിനു പുറമെ പ്രതിരോധ നടപടികൾക്ക് പ്രോത്സാഹനം നൽകിയുമായിരുന്നു ലക്ഷ്യം കാണാൻ ശ്രമിച്ചതെന്നും ഫഹദ് അൽ അൻസി പറഞ്ഞു. ശനിയാഴ്ചയിലെ റിപ്പോർട്ടിൽ നോർത്തേൺ ബോഡറിൽ 3 പേർക്ക് മാത്രമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

സൗദിയിൽ പുതുതായി 166 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 239 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കോറോണ ബാധിച്ചവരിൽ 97.38 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 3366 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 517 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 6036 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്