ലെവി കൂടിയിട്ടും സ്വദേശിവത്ക്കരണം ശക്തമായിട്ടും സൗദി അറേബ്യ ഇന്നും പ്രവാസികളുടെ സ്വപ്ന ഭൂമിയായി നില നിൽക്കുന്നതിന്റെ കാരണമെന്തായിരിക്കും ?
ജിദ്ദ: ഈ ലെവിയും കൊടുത്ത് കഫീലിനെ തീറ്റിപോറ്റുന്നതിലും നല്ലത് നാട്ടിൽ കഞ്ഞിക്ക് വല്ല വകയും കണ്ടെത്തി കെട്ട്യോളോടൊപ്പവും കുട്ട്കൾക്കൊപ്പവും കഴിയുന്നതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു സുഹൃത്ത് ഷറഫുദീൻ നാട്ടിലേക്ക് എക്സിറ്റിൽ പോയത്.
ഏകദേശം ഒരു വർഷം പിന്നിട്ട ശേഷമാണ് ഷറഫുവിന്റെ ഒരു വാട്സപ് മെസേജ് കാണാനിടയായത്. ഏതെങ്കിലും ഒരു വിസ കിട്ടിയാൽ അറിയിക്കണം, ഹൗസ് ഡ്രൈവർ വിസയായാലും മതി, നാട്ടിൽ നിൽക്കാൻ വലിയ പാടാണു എന്നായിരുന്നു മെസേജിൽ ഉണ്ടായിരുന്നത്.
എന്റെ ഒരു സൗദി സുഹൃത്തിനു ഒരു ഹൗസ് ഡ്രൈവറെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ നിരവധി മുൻ പ്രവാസികളായിരുന്നു ജോലിക്ക് വരാൻ സന്നദ്ധത അറിയിച്ചത്. അവസാനം അവനിഷ്ടപ്പെട്ട ഒരാളെ തെരഞ്ഞെടുക്കുകയും ആൾ ജിദ്ദയിലെത്തിയ ശേഷം സംസാരിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ഹൗസ് ഡ്രൈവർ വിസയിൽ ലഭിക്കുന്ന സാലറി നാട്ടിൽ നിന്ന് ഒക്കില്ലേ എന്ന എന്റെ ചോദ്യത്തിനു അവൻ മറുപടി പറഞ്ഞത് ജോലിയും കൂലിയും എല്ലാം ഉണ്ടായിരുന്നു,പക്ഷെ ഈ റിയാലിന്റെ ബർക്കത്ത് അതിനു കിട്ടൂലാ എന്നായിരുന്നു.
നിരവധി സൗദി പ്രവാസികളാണു ഇത്തരത്തിൽ ഒരിക്കൽ പ്രവാസം അവസാനിപ്പിച്ച് വീണ്ടും സൗദിയിലേക്ക് തിരികെ പറന്നിട്ടുള്ളത്.
കൊറോണയുടെ തുടക്കത്തിൽ നാട്ടിലേക്ക് പോയ പല പ്രവാസികളും സോഷ്യൽ മീഡിയകളിൽ ഇനി നാട്ടിൽ തന്നെ കൂടുകയാണെന്നും മേലാൽ സൗദിയിലേക്കില്ലെന്നും പറഞ്ഞു കമന്റ്റുകൾ പോസ്റ്റു ചെയ്തിരുന്നത് ഓർക്കുന്നു. എന്നാൽ ഇപ്പോൾ എങ്ങനെയെങ്കിലും സൗദിയിലേക്ക് തന്നെ തിരികെയെത്തിയാൽ മതിയെന്ന അവസ്ഥയിലാണു അവരിൽ പലരും ഉള്ളത്.
ഈ സാഹചര്യത്തിലാണു എന്ത് കൊണ്ടാണു മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ആളുകൾ പലരും വീണ്ടും സൗദിയിലേക്ക് തന്നെ മടങ്ങാൻ തയ്യാറാകുന്നു എന്ന ചോദ്യം പ്രസക്തമാകുന്നത്.
ലെവിയുടെ ഭാരവും വാറ്റും സൗദിവത്ക്കരണവും എല്ലാം ഉണ്ടായിട്ടും ഇപ്പോഴും സൗദിയിലേക്ക് തന്നെ പ്രവാസികളുടെ മനസ്സ് പായുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മാസവസാനം മിച്ചം വെക്കാൻ വല്ലതും ഉണ്ടാകണമെങ്കിൽ സൗദി തന്നെയാണു മികച്ച ആശ്രയം എന്ന ചിന്താഗതിയാണെന്ന് തന്നെ പറയാം. അതൊരു യാഥാർത്ഥ്യം ആണ് താനും.
ഇങ്ങനെ പണം മിച്ചം വെക്കാൻ സാധിക്കുന്നതിന്റെ പ്രധാന കാരണം ജീവിതച്ചിലവ് കുറവാണെന്നത് തന്നെയാണ്. ബാച്ചിലേഴ്സ് റൂമുകളിൽ ഒരുമിച്ച് താമസിക്കുന്നവർക്ക് പ്രതിമാസം ചെറിയ തുക മാത്രമേ ഇപ്പോഴും ഭക്ഷണത്തിനും താമസത്തിനും ചിലവാക്കേണ്ടി വരുന്നുള്ളൂ. എന്നാൽ മറ്റു പല ഗൾഫ് രാജ്യങ്ങളിലും ജീവിതച്ചിലവ് കൂടുതലാണെന്നതാണു വസ്തുത.
മറ്റൊരു കാരണം പരസ്പര സഹായത്തിനുള്ള സഹപ്രവർത്തകരുടെയും റൂം മേറ്റുകളുടെയും മനസ്സാണെന്നത് പറയാതെ വയ്യ. അടിയന്തിരമായി ഒരു വൻ തുക നാട്ടിൽ ആവശ്യമുള്ള ഒരാൾക്ക് സൗദിയിൽ നിന്നാണെങ്കിൽ ആ തുക തത്ക്കാലം മറ്റുള്ളവരിൽ നിന്ന് കണ്ടെത്താനും നാട്ടിലേക്കയക്കാനും പ്രയാസം നേരിടാറില്ല.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മക്കയും മദീനയും തന്നെ ഏറ്റവും വലിയ ആകർഷക ഘടകമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ?.
എത്ര സ്വദേശിവത്ക്കരണം വന്നാലും ഇപ്പോഴും മികച്ച തൊഴിൽ സാധ്യതകളാണു സൗദിയിലുള്ളതെന്നതും അപൂർവ്വം ചില സംഭവങ്ങളൊഴിച്ചാൽ സൗദി പൗരന്മാരുടെ നല്ല പെരുമാറ്റവും സർക്കാരിന്റെ വിവേചന രഹിതമായ സമീപനവുമെല്ലാമാണു സൗദി അറേബ്യയെ എന്നും പ്രവാസികളുടെ സ്വപ്നഭൂമിയായി നില നിർത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa