Monday, November 11, 2024
Saudi ArabiaTop Stories

സൗദി ജയിലിൽ അകപ്പെട്ട പ്രവാസിയെ കണ്ട അനുഭവം പങ്ക് വെച്ച് സാമൂഹിക പ്രവർത്തകൻ

സൗദി ജയിലിൽ അകപ്പെട്ട പ്രവാസിയുമായി നടത്തിയ കൂടിക്കാഴ്ച വിശദീകരിച്ച് കൊണ്ട് സൗദിയിലെ സാമൂഹിക പ്രവർത്തകൻ നാസർ മദനി എഴുതിയ കുറിപ്പ് ഓരോ പ്രവാസിക്കും ഒരു മുന്നറിയിപ്പാണ്. കുറിപ്പ് ഇങ്ങനെ വായിക്കാം.

“കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് ഞാൻ ആ യുവാവിനെ കാണുന്നത്. മൂന്നു മണിയോടെയാണ് അഴിമതി വിരുദ്ധ അതോറിറ്റിയിൽ നിന്നും ഫോൺ വരുന്നത്. നാല് മണിക്ക് ഹാജരാകണം. ഓഫീസിൽ അൽപ്പം തിരക്കുണ്ടെന്നും നാലര മണിക്ക് എത്താമെന്നും പറഞ്ഞപ്പോൾ ഓഫീസർ സമ്മതിച്ചു.

നാലര മണിയോടെ Administrative investigations സമുച്ചയത്തിന്റ മെയിൻ ഗേറ്റിലെത്തി. സുരക്ഷാ സൈനികനോട് കാര്യങ്ങൾ ധരിപ്പിക്കുകയും വിളിച്ച ഓഫീസറെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തപ്പോൾ അടഞ്ഞു കിടന്ന ഗേറ്റ് തുറക്കപ്പെട്ടു. വാഹനവുമായി അകത്ത് കടക്കാൻ അനുമതി കിട്ടി. രണ്ടാമത്തെ ഗേറ്റിൽ എത്തിയപ്പോൾ ആരെയും കാണാത്തതിനാൽ, പച്ച സിഗ്നൽ കത്തിക്കിടക്കുന്നതിനാൽ വാഹനം മുന്നോട്ടെടുത്തു അകത്തേക്ക് കടന്നു പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തു പുറത്തിറങ്ങിയപ്പോൾ രണ്ടു മിലിട്ടറിക്കാർ കൈകാട്ടി വിളിച്ചു. അവരായിരുന്നു രണ്ടാമത്തെ ഗേറ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യത്തിന് കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ മിലട്ടറിയുടെ വാഹനത്തിൽ കയറാൻ പറഞ്ഞു. അവർ എനിക്ക് എത്തേണ്ട ഓഫീസിനു മുന്നിൽ എത്തിച്ചു. അവിടെ കാത്തു നിന്ന ഓഫീസർ എന്നെയും കൂട്ടി അകത്തേക്ക് പോയി.

ഔദ്യോഗിക ഓഫീസ് സമയം കഴിഞ്ഞതിനാൽ അധികം ആളുകളില്ല. അകത്തേക്ക് കടന്നു വിചാരണത്തടവുകാരുടെ സെല്ലിനടുത്തായുള്ള ഓഫീസിൽ എത്തി. കേസ് ചുമതലയുള്ള ഓഫീസർ തടവുകാരനെ കൊണ്ട് വരും മുമ്പായി കേസിന്റെ രത്നച്ചുരുക്കം പറഞ്ഞു.

സുരക്ഷാ സൈനികർ വാഹനം പരിശോധിക്കുന്നതിനിടയിൽ ഇന്ത്യക്കാരന്റെ വാഹനവും പരിശോധിച്ചു. അപ്പോൾ വാഹനത്തിൽ പ്രത്യേകം സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി എൺപതിനായിരം റിയാൽ കണ്ടെത്തി. താൻ കുടുങ്ങി എന്ന് മനസ്സിലാക്കിയ ഇന്ത്യക്കാരൻ സൈനികരോട് പറഞ്ഞു ഈ കാശ് നിങ്ങൾ എടുത്ത് എന്നെ ഒഴിവാക്കിത്തരണം. ഇതോടെ കേസ് രണ്ടായി. അനധികൃതമായ പണം പിടിച്ചതും ഒപ്പം സൈനികർക്ക് കൈക്കൂലി കൊടുത്തു രക്ഷപ്പെടാൻ ശ്രമിച്ചതും. രണ്ടാമത്തെ കേസിലാണ് ഇപ്പോൾ ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യങ്ങൾ എല്ലാം റെഡിയാണ്. ഉത്തരം ലഭിക്കേണ്ടതുണ്ട്.

കുറച്ചു കഴിഞ്ഞു ആളെ കൊണ്ട് വന്നു. ചോദ്യവും ഉത്തരവും രേഖപ്പെടുത്താൻ മറ്റൊരു ഓഫീസർ എത്തി. ജീവിത ശൈലീ രോഗങ്ങൾ പോലുള്ള എന്തെങ്കിലും അസുഖ ബാധിതനാണോ? എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം. ഷുഗർ ഉണ്ട് കൊളസ്‌ട്രോൾ ഉണ്ട്. ഇപ്പോൾ അടുത്തായി കണ്ട മറ്റൊരു ശാരീരിക പ്രയാസവും അയാൾ പറഞ്ഞു. ഇവക്ക് മരുന്നുണ്ടോ? ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട്. ഇപ്പോൾ കഴിക്കാൻ മരുന്ന് കൈവശം ഉണ്ടോ? ഉണ്ട്. മരുന്ന് എവിടെയാണ്? സെല്ലിൽ പാറാവുകാരുടെ കൈവശം ഉണ്ട്. മരുന്ന് കിട്ടാറില്ലേ? ഉണ്ട് ഇപ്പോൾ കഴിക്കാൻ തന്നിട്ടുണ്ട്. ആരോഗ്യ കാര്യങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം മറ്റു കാര്യങ്ങളിലേക്ക് കടന്നു. വാഹന പരിശോധനയിൽ സൈനികർ വാഹനത്തിൽ നിന്നും പണം കണ്ടെത്തിയിരുന്നോ? അതെ, എത്ര ഉണ്ടായിരുന്നു തുക? ഒരു ലക്ഷത്തി എൺപതിനായിരം. കൂടാതെ രണ്ടായിരത്തിൽ താഴെയുള്ള ഒരു സംഖ്യ കൂടി ഓഫീസർ ഫയലിൽ രേഖപ്പെടുത്തിയത് സൂചിപ്പിച്ചപ്പോൾ അത് പേഴ്സിൽ ഉള്ള സ്വന്തം പണമാണ് എന്നു മറുപടി. അത് ആ നിലക്ക് തന്നെ രേഖപ്പെടുത്തി. ഈ പണത്തിന്റെ സോഴ്സ് എന്താണ്? ആരുടേതാണ് പണം? എന്തിനാണ്? എങ്ങോട്ട് കൊണ്ട് പോകുന്നു? വിശദമായ ചോദ്യം ചെയ്യൽ. മറുപടികൾ തൃപ്തികരമാകുന്നില്ല. ആവർത്തിച്ചുള്ള ചോദ്യം ചെയ്യൽ. ഇത് മയക്കുമരുന്നിനുള്ള പണമാണോ? ഭീകരവാദത്തിനുള്ള പണമാണോ? അവസാനം അയാൾ എല്ലാം ഓരോന്നായി പറഞ്ഞു. എന്തിനാണ് കൈക്കൂലി കൊടുത്തു രക്ഷപെടാൻ ശ്രമിച്ചത്? ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. ഫയൽ പൂർണ്ണമായി.

അഞ്ചു ദിവസമായി ഞാൻ ഉറങ്ങിയിട്ട് തലവെട്ടും എന്നാണ് പറയുന്നത്. അങ്ങനെ ഉണ്ടാകുമോ? എന്നതായിരുന്നു ചോദ്യം ചെയ്യലിന്റെ ഇടക്ക് അവന്റെ സംശയം. ഇത് പറഞ്ഞു അവൻ കരയുന്നുണ്ടായിരുന്നു. ഇവൻ എന്തിനാണ് കരയുന്നത് എന്ന് ചോദിച്ച ഓഫീസറോട് അവൻ പറഞ്ഞ കാര്യങ്ങൾ പങ്കുവച്ചപ്പോൾ ചെയ്ത കുറ്റകൃത്യത്തിനാണ് ശിക്ഷ ഉണ്ടാവുക എന്ന് ഓഫീസർ പറഞ്ഞു.

കുഴൽ പണം ഒരു സ്ഥലത്തു നിന്നും വാങ്ങി വരുമ്പോളാണ് അവൻ പിടിയിലാകുന്നത്. പണം എടുത്ത് എന്നെ വിടൂ എന്ന് പറഞ്ഞതാണ് സൈനികർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചു എന്ന കേസിനു കാരണമായത്. സത്യസന്ധരായ സൈനികർ പണം സ്വന്തമാക്കാൻ ശ്രമിക്കാതെ ഇന്ത്യക്കാരൻ കൈക്കൂലി നൽകാൻ ശ്രമിച്ചു എന്ന് എഫ് ഐ ആരിൽ രേഖപ്പെടുത്തി. ഇനിയും ധാരാളം കടമ്പകൾ അവൻ കടക്കേണ്ടതുണ്ട്.

അറബി അറിയാത്ത അവൻ പറഞ്ഞു ഞാൻ എല്ലാം പറയാം. എന്നെ നിങ്ങളുടെ മുമ്പിൽ വെച്ച് ചോദ്യം ചെയ്യാൻ പറയൂ. ഒറ്റക്ക് അറബിയിൽ ചോദ്യം ചെയ്‌താൽ എനിക്ക് ഉത്തരം പറയാൻ അറിയില്ല എന്തെങ്കിലുമൊക്കെ പറയും അത് കൂടുതൽ പ്രയാസത്തിൽ ആകുന്നു. ആ കാര്യം കൂടി ഓഫീസറെ ബോധ്യപ്പെടുത്തി. അവനും സമാധാനമായി. ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കും.

ആഹാരാദി കാര്യങ്ങൾക്കൊന്നും അവിടെ പ്രയാസമില്ല. ഓരോ ദിവസവും അമ്പത് റിയാൽ വീതം കൊടുക്കും. ഓരോ ദിവസത്തെ ചിലവിനുള്ളതാണ് ആ സംഖ്യ. ഓഫീസർമാരെല്ലാം നല്ല മനുഷ്യപ്പറ്റുള്ളവരാണ്. ഇവിടെ എത്തിയപ്പോൾ സമാധാനമായി എന്നും അവൻ പറഞ്ഞു. നമ്മുടെ നാട്ടിൽ കൈക്കൂലി കൊടുത്താലേ കാര്യങ്ങൾ നടക്കൂ എന്നാണെങ്കിൽ ഇവിടെ അത് ചെറുതായാൽ പോലും പിടിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടും. അങ്ങനെ എത്ര ആളുകൾ ദിനേന കുടുങ്ങുന്നു. നിയമം ശക്തമാണ്. നിയമ പാലകരും ശക്തരാണ്. ഭരണാധികാരികളൂം ശക്തരാണ്”.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്