ബുധനാഴ്‌ച, മെയ്‌ 6, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് ഫ്രീ വിസ വാങ്ങുന്നവരും വിസ കയ്യിലുള്ളവരും ഇനി ശ്രദ്ധിക്കേണ്ടത്

ഫ്രീ വിസ എന്ന പേരിൽ സൗദിയിലേക്ക് പോകാനായി ആളുകൾ പണം കൊടുത്ത് വാങ്ങുന്ന അനധികൃത വിസകളുടെ കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ട്രാവൽ മേഖലയിലുള്ളവർ അറിയിക്കുന്നു.

ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ പേരിൽ ഇഷ്യൂ ചെയ്യുന്ന തൊഴിൽ വിസകൾ ആയിരിക്കും മറ്റാർക്കെങ്കിലും മറിച്ചു വിൽക്കപ്പെടുന്നത്. ഇതിനെയാണ് ഫ്രീ വിസ എന്ന ഓമനപ്പേരിൽ മലയാളികൾ വിളിക്കുന്നതും.

എന്നാൽ മുൻകാലങ്ങളിൽ വാങ്ങിയത് പോലെ ഏതെങ്കിലും പ്രൊഫഷനുകളിൽ ഉള്ള ഫ്രീ വിസകൾ ഇപ്പോൾ പണം കൊടുത്തു വാങ്ങിയാൽ അത് വിസ സ്റ്റാമ്പ് ചെയ്യാൻ തന്നെ പ്രയാസം സൃഷ്ടിക്കുന്ന സ്ഥിതിയിലേക്ക് നയിക്കുമെന്ന് ട്രാവൽ മേഖലയിലുള്ളവർ ഓർമ്മപ്പെടുത്തുന്നു.

പ്രധാനമായും നിലവിലെ സാഹചര്യത്തിൽ ഫ്രീ വിസയിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.

നിലവിൽ വിവിധ പ്രൊഫഷനുകളിൽ വിസ സ്റ്റാംബ് ചെയ്യണമെങ്കിൽ സൗദി മാനവവിഭവശേഷമന്ത്രാലയം നിർബന്ധമായും തൊഴിൽ നൈപുണ്യ ടെസ്റ്റ്‌ ബാധകമാക്കിയിട്ടുണ്ട്.

നിലവിൽ തൊഴിൽ നൈപുണ്യ ടെസ്റ്റ് ബാധകമായ പ്രൊഫഷനുകളെക്കുറിച്ച് അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അവ വിശദമായി അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. https://arabianmalayali.com/2023/05/27/46097/ .

അതോടൊപ്പം  മുംബൈയിലെ സൗദി കോൺസലേറ്റിൽ നിന്നും വിസ ഇഷ്യു ചെയ്യണമെങ്കിൽ ഇപ്പോൾ തൊഴിൽ കരാറും നിർബന്ധമാണെന്ന് കോൺസുലേറ്റ് ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്. ഡൽഹി എംബസിയിൽ നേരത്തെ ഈ നിബന്ധനയുണ്ട്.

ചുരുക്കത്തിൽ തൊഴിൽ വിസകൾ ഫ്രീ വിസ എന്ന പേരിൽ പണം കൊടുത്തു വാങ്ങുന്നവർ മേൽ പരാമർശിച്ച പ്രൊഫഷനുകളിൽപ്പെട്ട വിസകൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആ പ്രൊഫഷനുകളിൽ ഉള്ള വിസകൾ വാങ്ങിയാൽ മുംബൈയിലോ ഡൽഹിയിലോ ഉള്ള ടെസ്റ്റ് സെൻററിൽ പോയി തൊഴിൽ നൈപുണ്യ ടെസ്റ്റ് നടത്തൽ നിർബന്ധമാകും. എങ്കിൽ മാത്രമേ വിസ സ്റ്റാംബ് ചെയ്തു നൽകുകയുള്ളൂ.

അതോടൊപ്പം പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് തൊഴിൽ കരാർ. ഫ്രീ വിസ വാങ്ങുന്നവർ ഏത് സ്പോൺസറിൽ നിന്നാണോ വിസ വാങ്ങുന്നത്, അവരിൽ നിന്ന് ചേംബർ അറ്റസ്റ്റേഷനും ഫോറിൻ മിനിസ്ട്രി അറ്റസ്റ്റേഷനും ഉള്ള തൊഴിൽ കരാറും വിസക്കൊപ്പം വാങ്ങാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അറ്റസ്റ്റേഷൻ ഇല്ലാത്ത  തൊഴിൽ കരാറുമായി വിസ സ്റ്റാംബിംഗിനായി കോൺസുലേറ്റിൽ സമർപ്പിച്ചാൽ അപേക്ഷ സ്വീകരിക്കപ്പെടുകയില്ല എന്ന് പ്രത്യേകം ഓർക്കുക.

ഇവക്കെല്ലാം പുറമേ ബലിപെരുന്നാൾ കഴിയുന്നതോടെ തൊഴിൽ വിസ സ്റ്റാമ്പിങ്ങിന് ബയോമെട്രിക്കും ബാധകമാക്കാൻ പോകുകയാണ്. ഈ സാഹചര്യത്തിൽ തൊഴിൽ വിസകൾ കയ്യിലുള്ളവർ ബയോമെട്രിക് പോലുള്ള പുതിയ നിബന്ധനകൾ ബാധകമാകുന്നതിന്  മുമ്പ് തന്നെ വിസ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കുന്നതാകും ഉത്തമം എന്ന് കോട്ടക്കൽ ഖൈർ ട്രാവൽസ്  എംഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്