ജയത്തോടൊപ്പം ഇറാനിയൻ ജനതയുടെ ഹൃദയം കൈക്കലാക്കി അൽ നസ്റിൻ്റെ മടക്കം; ഫാത്തിമക്കുമിത് സ്വപ്ന സാക്ഷാത്ക്കാരം
ടെഹ്റാൻ: ഇറാനിയൻ ക്ളബ് പെർസെപൊലിസിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനു എ എഫ് സി ചാംബ്യൻസ് ലീഗിൽ ഉജ്ജ്വല തുടക്കം. പെർസ്സെപൊലിസിൻ്റെ ഡാനിയൽ എസ്മയിലിഫർ വഴി ലഭിച്ച സെൽഫ് ഗോളും മുഹമ്മദ് ഖാസിം നേടിയ ഗോളുമായിരുന്നു അൽ നസ്‌റിനെ വിജയത്തിലേക്ക് നയിച്ചത്.
സൗദിയിൽ നിന്നുള്ള നാലു ക്ളബുകൾ ആണ് ഈ വർഷത്തെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മാറ്റുരക്കുന്നത് അൽ നസ്‌റും , ഇത്തിഹാദും ജയത്തോടെയും അൽ ഹിലാൽ സമനിലയോടെയും അൽ ഫെയ്‌ഹ തോൽവിയോടെയും ആണ് തുടക്കം കുറിച്ചത്.
അതേ സമയം ക്രിസ്റ്റിയാനോ റൊണാൾഡോയെയും അൽ നസ്ർ ടീമംഗങ്ങളെയും കാണാനും സ്വീകരിക്കാനും ഇറാനിയൻ ജനത കാണിച്ച ആവേശം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഒരു പക്ഷേ ഒരു വിദേശ രാജ്യത്തെ ജനങ്ങൾ മറ്റൊരു വിദേശ രാജ്യത്തെ ക്ളബംഗങ്ങളെ ഇത്തരത്തിൽ ആദരിക്കുന്നതും സ്വീകരിക്കുന്നതും ഫുട്ബോൾ ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കാം.
റൊണാൾഡോയെ ഒരു നോക്ക് കാണാനായി നിരവധി പേരായിരുന്നു ഇറാനിൽ കാത്തിരുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കൂടിക്കാഴ്ചയായിരുന്നു ഭിന്ന ശേഷിക്കാരിയായ ഇറാനിയൻ കലാകാരി ഫത്തേമ ഹമാമി നസ്രാബാദി റൊണാൾഡോയെ കണ്ട് മുട്ടിയ സന്ദർഭം.താൻ ഏറെ സ്നേഹിക്കുന്ന റൊണാൾഡോയുടെ ചിത്രങ്ങൾ വരച്ച് അത് അദ്ദേഹത്തിനു സമർപ്പിക്കാനായിരുന്നു വീൽ ചെയറിൽ ഫാത്തിമയെത്തിയത്.
റൊണാൾഡോയുടെ ഫാത്തിമയോടുള്ള പ്രതികരണം അവളുടെ മുഖത്ത് പുഞ്ചിരി കൊണ്ടു വന്നു. അവളെ ചേർത്ത് പിടിച്ച റോണാൾഡോ അവളുടെ തലയിൽ ചുംബനം നൽകുകയും കൂടി ചെയ്തതോടെ ഫാത്തിമക്ക് സന്തോഷം നിയന്ത്രിക്കാൻ സാധിക്കാതായി. റോണാൾഡോയുടെ ഏറെ ഹൃദ്യമായ ആ പെരുമാറ്റത്തെ സോഷ്യൽ മീഡിയ വലിയ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. ഇതെന്തൊരു മനുഷ്യൻ എന്ന് വരെ അവർ റോണൾഡോയെക്കുറിച്ച് അത്ഭുതപ്പെട്ടു. ഫാത്തിമക്ക് തൻ്റെ കയ്യൊപ്പ് ചാർത്തിയ ജഴ്സിയും റോണാൾഡോ സമ്മാനിച്ചു.
ഇറാനിലെ റൊണാൾഡോ ഫാൻ ആയ ആർട്ടിസ്റ്റ് ഫാത്തിമ റോണാൾഡോയെ കണ്ട് മുട്ടിയ സന്ദർഭം ലക്ഷക്കണക്കിനാളൂകൾ ആണ് സോഷ്യൽ മീഡിയയിൽ കണ്ടത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa