വെള്ളിയാഴ്‌ച, ജൂൺ 26, 2026
Saudi ArabiaTop Stories

സൗദി പ്രവാസികൾ സൂക്ഷിക്കുക ചതിക്കാനായി വലവീശി മലയാളികൾ ചുറ്റുമുണ്ട്

നാട്ടിൽ സ്കൂൾ വെക്കേഷൻ ആരംഭിക്കാനിരിക്കെ  സൗദി പ്രവാസികൾ തങ്ങളുടെ കുടുംബാംഗങ്ങളെ രണ്ടോ മൂന്നോ മാസത്തേക്ക് സൗദിയിലേക്ക് കൊണ്ടുവരാനുള്ള തിരക്കിലാണ് ഇപ്പോൾ.

പ്രവാസി കുടുംബങ്ങൾ വലിയ തോതിൽ തന്നെ സൗദിയിലേക്ക് വരുന്നു എന്നതിനാൽ തന്നെ രണ്ടോ മൂന്നോ മാസത്തേക്ക് താമസ സൗകര്യം കുറഞ്ഞ നിരക്കിൽ ലഭിക്കാൻ അല്പം പാടാണെന്ന് അനുഭവസ്ഥർ പറയുന്നു.

എന്നാൽ ഈ നിസഹായവസ്ഥ മുതലെടുത്ത് സഹായ മനസ്ക്കർ എന്ന വ്യാജേന ചില മലയാളികൾ പാവപ്പെട്ട പ്രവാസികളെ ചതിക്കാനായി ഒരുങ്ങിയിരിക്കുകയാണെന്ന് അനുഭവസ്ഥർ അറേബ്യൻ മലയാളിയോട് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം തന്റെ ഒരു സുഹൃത്തിനെ തന്നെ സൗദിയിൽ കുടുംബവുമായി ജീവിക്കുന്ന ഒരു മലയാളി ചതിച്ച അനുഭവം  ജിദ്ദയിലെ സാമൂഹിക പ്രവർത്തകനായ നജ്മുദ്ദീൻ മുല്ലപ്പള്ളി പങ്ക് വെക്കുന്നു.

ജിദ്ദയിലെ സുഹൃത്ത് ഒരു മാസം മുമ്പായിരുന്നു റൂമിനായി ഒരു മലയാളിയുമായി ബന്ധപ്പെട്ടത്. 2500 റിയാൽ പ്രതിമാസ മേൽ വാടക ഉറപ്പിച്ച് മൂന്ന് റുമുള്ള ഫ്ലാറ്റും മറ്റു സൗകര്യങ്ങളും മലയാളി തൻറെ സുഹൃത്തിനു കാണിച്ച് കൊടുക്കുകയും അഡ്വാൻസ് വാങ്ങുകയും ചെയ്തുവെന്ന് നജ്മുദ്ദീൻ പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റൂമിൽ പോയി നോക്കിയപ്പോൾ റൂമിലെ എസിയോ കട്ടിലോ മറ്റൊ ഒന്നും കാണാനില്ലായിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ സുഹൃത്തിന്റെ ഫാമിലി എത്തുമ്പോഴേക്കും എല്ലാം ശരിയാകുമെന്നും ഇപ്പോൾ മെയിന്റൻസ് വർക്ക് ആണെന്നും റും ഓണർ പറഞ്ഞു. ബാക്കിയുള്ള മൂന്ന് മാസ വാടകയിലേക്ക് എന്ന് പറഞ്ഞ് 6000 റിയാൽ ഈ റും ഓണർ അപ്പോഴേക്കും വസൂലാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ഫാമിലി വന്നപ്പോൾ പ്രസ്തുത റൂമിൽ പോയി നോക്കുകയും എന്നാൽ റുമിലെ എസിയും മറ്റു കാര്യങ്ങളും ഒന്നും ശരിയാക്കാത്ത അവസ്ഥയിലുമാണുണ്ടായിരുന്നത്. റും ഓണർ ആയ മലയാളിയും കുടുംബവും ഫ്ലാറ്റിൽ നിന്ന് മാറിയിട്ടും ഉണ്ടായിരുന്നില്ല. മൂന്ന് റൂമിലെ  ഒരു റും അയാളും കുടുംബവും ഉപയോഗിക്കുമെന്നും കിച്ഛൻ കോമൺ ആയി ഉപയോഗിക്കുമെന്നുമായിരുന്നു ആ സമയം അയാൾ പറഞ്ഞത്.

എന്നാൽ ഇത്,  മുഴുവൻ തുകയും കൊടുത്ത് ഫാമിലിയുമായി പാർക്കാൻ ഒരുങ്ങിയ സുഹൃത്തിന് സ്വീകാര്യമായില്ല. അത് കൊണ്ട് തന്നെ സുഹൃത്ത് ആ റും വേണ്ടെന്ന് വെക്കുകയും താത്ക്കാലം മറ്റൊരു റൂമിൽ ഇടം കണ്ടെത്തുകയും ചെയ്തുവെന്ന് നജ്മുദീൻ പറയുന്നു.

ഇത് പോലെ പലർക്കും പല ദുരനുഭവങ്ങളുമുണ്ട്. പല രീതിയിലും പണം പിടുങ്ങി വസായോഗ്യമല്ലാത്ത റുമുകൾ കാണിച്ച് കൊടുത്ത് വഞ്ചിക്കുന്നവരിൽ മലയാളികൾ തന്നെയാണ് മുമ്പിൽ. ചില ബിൽഡിംഗ് കാവൽക്കാരായ വിദേശികളും വഞ്ചനയിൽ ഭാഗമാകുന്നുണ്ട്. അത് കൊണ്ട് തന്നെ ജിദ്ദയിലാണെങ്കിലും ഇനി സൗദിയുടെ ഏത് ഭാഗത്താനെങ്കിലും ആദ്യം റുമിന് പണം കൊടുക്കുന്നവരും മറ്റും വലിയ ജാഗ്രത തന്നെ പുലർത്തണമെന്ന് നജ്മുദ്ദീൻ ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്