തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

തൊട്ടാൽ വിവരമറിയും; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

ഇറാന്റെ ഊർജ്ജ നിലയങ്ങളും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി ഇറാൻ.

ഇറാന്റെ പവർ പ്ലാന്റുകൾക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ അതിന് തത്തുല്യമായ രീതിയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിംഗരീബാബാദി മുന്നറിയിപ്പ് നൽകി.

യുദ്ധസമയത്ത് പോലും സിവിലിയൻ കേന്ദ്രങ്ങളോ ജനങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലക്ഷ്യം വെക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഗരീബാബാദി ചൂണ്ടിക്കാട്ടി.

ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ഭീഷണി ഇത്തരം നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, ഇറാന്റെ ഏതെങ്കിലും സുപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ കൃത്യമായ മറുപടി നൽകാൻ ഇറാൻ മടിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, രാജ്യത്തെ സംരക്ഷിക്കാൻ ഇറാന് പൂർണ്ണ അവകാശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സംഘർഷം വഷളാക്കുന്നതിന്റെ മുഴുവൻ നിയമപരമായ ഉത്തരവാദിത്തവും അതിന്റെ പ്രത്യാഘാതങ്ങളും യുദ്ധത്തിന് തുടക്കമിടുന്നവർക്കായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ എണ്ണ-ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

എന്നാൽ ലണ്ടൻ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇറാൻ നൽകിയ ഈ പുതിയ മുന്നറിയിപ്പ് അമേരിക്കയെയും സഖ്യകക്ഷികളെയും കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group