സൗദിയിൽ സന്ദർശക-ഉംറ വിസയിൽ എത്തിയിട്ടുള്ളവർക്ക് സുപ്രധാന അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
പശ്ചിമേഷ്യയിലെ നിലവിലെ അസാധാരണ സാഹചര്യം കാരണം സൗദി അറേബ്യയിൽ നിന്ന് തിരിച്ചുപോകാൻ കഴിയാതെ വിസ കാലാവധി കഴിഞ്ഞവർക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുപ്രധാന അറിയിപ്പ്.
2026 ഫെബ്രുവരി 25 (1447 റമദാൻ 8) മുതൽ വിസ കാലാവധി കഴിഞ്ഞ വിസിറ്റ്, ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസക്കാർക്ക്, പിഴ കൂടാതെ രാജ്യം വിടുകയോ, വിസ പുതുക്കുകയോ ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിസ കാലാവധി കഴിഞ്ഞവർക്ക് അവരുടെ സ്പോൺസർ മുഖേന അബ്ഷീർ പ്ലാറ്റ്‌ഫോം വഴി വിസ നീട്ടി ചോദിക്കാവുന്നതാണ്. നിർദ്ദിഷ്ട ഫീസ് അടച്ച് 2026 ഏപ്രിൽ 18 (1447 ദുൽഖഅദ് 1) വരെ വിസ നീട്ടി ലഭിക്കും.
ഇളവുകൾ സമ്പന്ധിച്ച് ജനങ്ങൾ ഉന്നയിക്കാവുന്ന 5 സംശയങ്ങൾക്കുള്ള മറുപടിയും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1. ആർക്കൊക്കെ പ്രയോജനം ലഭിക്കും?: സന്ദർശക വിസ, ഉംറ വിസ, ട്രാൻസിറ്റ് വിസ, എക്സിറ്റ് വിസ എന്നിവയിൽ രാജ്യത്തെത്തുകയും നിലവിലെ സാഹചര്യം കാരണം കൃത്യസമയത്ത് മടങ്ങാൻ കഴിയാതെ 2026 ഫെബ്രുവരി 25 (1447 റമദാൻ 8) മുതൽ വിസ കാലാവധി അവസാനിക്കുകയും ചെയ്ത എല്ലാ വിദേശികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
2. തിരിച്ചു പോകേണ്ടത് എങ്ങനെ?: യാത്രക്കാർക്ക് നേരിട്ട് വിമാനത്താവളങ്ങളിലോ മറ്റ് അതിർത്തി പോർട്ടുകളിലോ എത്തി മടക്കയാത്ര പൂർത്തിയാക്കാവുന്നതാണ്. ഇതിനായി മുൻകൂട്ടിയുള്ള നടപടിക്രമങ്ങളോ മറ്റ് പ്രത്യേക അനുമതികളോ ആവശ്യമില്ല.
3. സേവനം ലഭിക്കുന്നതിനുള്ള ഫീസ്: യാതൊരുവിധ അധിക ഫീസോ പിഴയോ നൽകാതെ തന്നെ ഇവർക്ക് രാജ്യം വിടാവുന്നതാണ്.
4. വിസ പുതുക്കി നൽകൽ: സന്ദർശക വിസയിലുള്ളവർക്ക് സൗദിയിൽ തന്നെ തുടരണമെന്നുണ്ടെങ്കിൽ സ്പോൺസർ മുഖേന വിസ നീട്ടി നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി അബ്ഷിർ പ്ലാറ്റ്‌ഫോം വഴി ‘തവാസുൽ’ സേവനം പ്രയോജനപ്പെടുത്താം. അബ്ഷിറിൽ ലോഗിൻ ചെയ്ത ശേഷം ‘My Services’ -> ‘Passports’ -> ‘Tawasul’ എന്ന ക്രമത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
5. സമയപരിധി: ഈ പ്രത്യേക ആനുകൂല്യം 2026 ഏപ്രിൽ 18 (1447 ദുൽഖഅദ് 1) വരെ മാത്രമേ ലഭ്യമാകൂ. ഈ തീയതിക്ക് മുൻപായി യാത്രക്കാർ മടങ്ങുകയോ വിസ നീട്ടുകയോ ചെയ്യേണ്ടതുണ്ട്.
ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി 2026 ഏപ്രിൽ 18 ന് മുൻപായി രാജ്യം വിടണമെന്ന് മന്ത്രാലയം ഗുണഭോക്താക്കളെ ഓർമ്മിപ്പിച്ചു. നിശ്ചിത സമയപരിധിക്ക് ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
