സൗദിയിൽ ഇന്ധനവില പുതുക്കി; ബെൻസിൻ 98-ന് വില വർദ്ധിച്ചു
സൗദി അറേബ്യയിൽ ഏപ്രിൽ മാസത്തേക്കുള്ള പുതിയ ഇന്ധന നിരക്കുകൾ അരാംകോ പ്രഖ്യാപിച്ചു. പുതുതായി വിപണിയിലെത്തിച്ച പ്രീമിയം ഇന്ധനമായ ‘ബെൻസിൻ 98’-ന്റെ വില ലിറ്ററിന് 3.83 റിയാലായി ഉയർത്തി.
കഴിഞ്ഞ മാസം 2.94 റിയാലായിരുന്ന ഇതിന്റെ വിലയിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ബെൻസിൻ 91, 95 എന്നിവയുൾപ്പെടെയുള്ള മറ്റ് ഇന്ധനങ്ങളുടെ വിലയിൽ മാറ്റമില്ല. ഏപ്രിൽ മാസത്തെ നിരക്കുകൾ താഴെ നൽകുന്നു:
ബെൻസിൻ 91: ലിറ്ററിന് 2.18 റിയാൽ (മാറ്റമില്ല), ബെൻസിൻ 95: ലിറ്ററിന് 2.33 റിയാൽ (മാറ്റമില്ല), ബെൻസിൻ 98: ലിറ്ററിന് 3.83 റിയാൽ (പഴയ വില 2.94), ഡീസൽ: ലിറ്ററിന് 1.79 റിയാൽ (മാറ്റമില്ല), മണ്ണെണ്ണ (Kerosene): ലിറ്ററിന് 1.59 റിയാൽ (മാറ്റമില്ല).
കഴിഞ്ഞ ജനുവരിയിലാണ് ഉപഭോക്താക്കൾക്ക് കൂടുതൽ ഇന്ധന ഓപ്ഷനുകൾ നൽകുന്നതിനായി അരാംകോ ബെൻസിൻ 98 വിപണിയിലിറക്കിയത്. നിലവിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിലുമാണ് ആദ്യഘട്ടമെന്ന നിലയിൽ ഈ ഇന്ധനം ലഭ്യമാക്കിയിരിക്കുന്നത്.
ഉയർന്ന കരുത്തുള്ള ആധുനിക വാഹനങ്ങൾ ലക്ഷ്യമിട്ടാണ് ഈ ഗ്രേഡ് പുറത്തിറക്കിയിരിക്കുന്നത്. വരും മാസങ്ങളിലെ ഡിമാൻഡ് വിലയിരുത്തി മറ്റ് നഗരങ്ങളിലേക്കും ഇതിന്റെ വിതരണം വ്യാപിപ്പിക്കാൻ അരാംകോയ്ക്ക് പദ്ധതിയുണ്ട്.
ട്രക്കുകൾക്കും മറ്റ് വലിയ വാഹനങ്ങൾക്കുമുള്ള ഉയർന്ന ഗുണനിലവാരമുള്ള ഡീസലും വിപണിയിൽ ലഭ്യമാണ്. ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾക്കും ആഭ്യന്തര വിപണിയിലെ ആവശ്യകതയ്ക്കും അനുസരിച്ചാണ് ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
