വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
Saudi ArabiaTop Stories

കവർച്ചക്കിടെ പാകിസ്ഥാൻ സ്വദേശിയെ വെടിവെച്ചുകൊന്നു; സൗദിയിൽ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ തോക്കുചൂണ്ടി സായുധ കവർച്ച നടത്തുകയും വിദേശിയെ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ വധശിക്ഷക്ക് വിധേയരാക്കി.

സൗദി പൗരനായ സെയ്ദ് ബിൻ അലി കുവൈറ്റ് പൗരനായ അഹമ്മദ് ജബാറ എന്നിവരുടെ ശിക്ഷയാണ് കിഴക്കൻ പ്രവിശ്യയിൽ ശനിയാഴ്ച നടപ്പിലാക്കിയത്.

തോക്കുകൾ ഉപയോഗിച്ച് നിരന്തരം സായുധ കവർച്ചകൾ നടത്തിയിരുന്ന പ്രതികൾ, കവർച്ചക്കിടെ പാകിസ്ഥാൻ സ്വദേശിയായ സയീദ് കരീം മുഹമ്മദ് റാസീനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ പിടികൂടിയ സുരക്ഷാ സേന നടത്തിയ അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. തുടർന്ന് കേസ് സ്പെഷ്യലൈസ്ഡ് കോടതിയിലേക്ക് കൈമാറി.

കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെയാണ് ശിക്ഷാ നടപടികൾ അന്തിമമായത്. തുടർന്ന് വധശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

രാജ്യത്തെ സുരക്ഷയും സമാധാനവും തകർക്കുന്നവർക്കെതിരെയും നിരപരാധികളുടെ രക്തം ചിന്തുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ തുടരുമെന്നും, നീതി നടപ്പിലാക്കാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa