വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
IndiaSaudi ArabiaTop Stories

ഇന്ത്യ-സൗദി ബന്ധം പുതിയ തലത്തിലേക്ക്; സൗദി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ

ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ സന്ദർശനം നടത്തി. ഊർജ്ജ മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ എന്നിവരുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി.

കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസായിദ് അൽ ഐബാനും ചർച്ചയിൽ പങ്കെടുത്തു.

ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും എണ്ണ വിതരണത്തിലെ സ്ഥിരത നിലനിർത്തുന്നതിലും സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം പ്രധാനമാണെന്ന് കൂടിക്കാഴ്ച വിലയിരുത്തി.

വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ ചർച്ചയിൽ പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും വിഷയമായി.

ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കുമായുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഡോ. സൗദ് അൽ സതിയും സന്നിഹിതനായിരുന്നു.

ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളും ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും പശ്ചാത്തലമാക്കി ഇന്ത്യയുടെയും സൗദിയുടെയും ഈ നയതന്ത്ര നീക്കം അതീവ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa