വെള്ളിയാഴ്‌ച, മെയ്‌ 1, 2026
Saudi ArabiaTop Stories

ദമ്മാമിൽ ബാസ്കറ്റ്ബാൾ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച വിദ്യാർത്ഥിയുടെ ഖബറടക്കം ഇന്ന്

ദമ്മാമിൽ സി.ബി.എസ്.ഇ സോണൽ തല ബാസ്കറ്റ്ബാൾ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച മുഹമ്മദ് റയ്യാന്റെ മൃതദേഹം ഇന്ന് ഖബറടക്കും. വൈകിട്ട് അസർ നമസ്കാരാനന്തരം അൽഖോബാർ കിങ് ഫഹദ് മസ്ജിദിൽ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം തൂഖുബ ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുക.

ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരത്തിനിടെ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് റയ്യാൻ കുഴഞ്ഞുവീണത്.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശിയായ മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ് റയ്യാൻ. അൽമുന സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ റയ്യാൻ മികച്ചൊരു കായികതാരം കൂടിയായിരുന്നു.

നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഖബറടക്കത്തിനായി കൊണ്ടുപോവുക.

അൽഖോബാർ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയത്.

അൽമുന സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്, ജനറൽ മാനേജർ അബ്ദുൽ ഖാദർ വാണിയമ്പലം, ഉണ്ണീൻ കുട്ടി കോട്ടോപ്പാടം എന്നിവരും ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa