ചൊവ്വാഴ്‌ച, മെയ്‌ 12, 2026
Saudi ArabiaTop Stories

സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; വ്യാജ സൗദിവൽക്കരണം തെളിഞ്ഞാൽ ശക്തമായ നടപടി

റിയാദ്: വ്യാജ സൗദിവൽക്കരണം നടത്തുന്നതായി സംശയിക്കപ്പെടുന്ന സ്വകാര്യ മേഖലാ കമ്പനികൾക്ക് മാനവ വിഭവശേഷി സാമൂഹ്യ വികസന മന്ത്രാലയം അടിയന്തര മുന്നറിയിപ്പ് നൽകി.

നിയമലംഘനം തെളിഞ്ഞാൽ നിതാഖാത്ത് പ്രോഗ്രാമിൽ നിന്ന് പുറത്താക്കുമെന്നും നിയമപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വ്യാജ സൗദിവൽക്കരണം എന്നാൽ സൗദി പൗരന്മാരെ രേഖകളിൽ മാത്രം ജീവനക്കാരായി രജിസ്റ്റർ ചെയ്ത് യഥാർഥത്തിൽ ജോലി ചെയ്യിക്കാതിരിക്കുന്ന രീതിയാണ്. ഇത്തരം കമ്പനികൾ നിതാഖാത്തിലെ ഉയർന്ന ഗ്രേഡ് നിലനിർത്തി വിദേശ തൊഴിലാളികൾക്ക് വിസ നേടുന്നതിനാണ് ഈ തട്ടിപ്പ് ഉപയോഗിക്കുന്നത്.

ഇത്തരം സൂചനകൾ കണ്ടെത്തിയ കമ്പനികൾക്ക് മന്ത്രാലയം ഇതിനകം മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. മുൻപ് സമാന സൂചനകൾ കണ്ടെത്തിയ കമ്പനികളിൽ ഭൂരിഭാഗവും പിന്നീട് നിയമലംഘനം നടത്തിയതായി തെളിഞ്ഞതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പ് ലഭിച്ചിട്ടും തിരുത്തൽ നടപടി സ്വീകരിക്കാത്ത കമ്പനികൾക്ക് രണ്ട് ശിക്ഷകൾ ഒരുമിച്ച് ലഭിക്കും. നിതാഖാത്ത് പ്രോഗ്രാമിൽ നിന്നുള്ള പുറത്താക്കലും നിയമപ്രകാരമുള്ള ശിക്ഷാ നടപടികളുമാണ് ഇവ.

നിതാഖാത്തിൽ നിന്ന് പുറത്തായ കമ്പനികൾക്ക് പുതിയ വിദേശ തൊഴിലാളി വിസകൾ ലഭിക്കില്ല.
രജിസ്റ്റർ ചെയ്ത സൗദി ജീവനക്കാർ യഥാർഥത്തിൽ ജോലിക്ക് ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കാനും ക്രമക്കേടുകൾ ഉണ്ടെങ്കിൽ ഉടൻ തിരുത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ടോൾഫ്രീ നമ്പറിലൂടെയും ഔദ്യോഗിക ആപ്പിലൂടെയും പരാതികളും അന്വേഷണങ്ങളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa