മരണത്തിന്റെ വക്കിൽ നിന്ന് ഞാൻ തിരികെ വന്ന വഴി: ശരീരം തരുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്, ഒരു പ്രവാസി മലയാളിയുടെ അനുഭവം
വർഷങ്ങളോളം സൗദിയിൽ പ്രവാസിയായിരുന്നു ഞാൻ. ജോലിയിലെ ചില പ്രശ്‍നങ്ങൾ കാരണം പ്രവാസം അവസാനിപ്പിച്ചു. പിരിഞ്ഞു പോന്നപ്പോൾ കിട്ടിയ ചെറിയ തുകയുമായി ഞാൻ നാട്ടിലെത്തി. ഇനി ഒരിക്കലും പ്രവാസത്തിലേക്ക് ഒരു മടക്കമില്ല എന്നുറപ്പിച്ചാണ് നാട്ടിലേക്ക് വിമാനം കയറിയത്.
ഉള്ള സമ്പാദ്യം കൊണ്ട് അറിയാത്ത ബിസിനസ് ചെയ്യില്ല എന്ന് ആദ്യമേ തീരുമാനിച്ചു, നാട്ടിൽ എത്തിയ ഉടനെ തന്നെ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കേറി. സൗദിയിലെ ലൈഫ്‌സ്റ്റൈലും പിന്നെ ഫുൾ ടൈം ഇരുന്നുള്ള ജോലിയും കാരണം ശരീരം നല്ലവണ്ണം തടിച്ചിരുന്നു. അങ്ങനെയാണ് തടി കുറയ്ക്കാൻ വേണ്ടി ജിമ്മിൽ പോകാൻ തീരുമാനിച്ചത്.
ജിമ്മിൽ പോയി തുടങ്ങിയപ്പോൾ സാധാരണ എല്ലാവർക്കും ഉണ്ടാകുന്നതുപോലെ നല്ല ബോഡി പെയിൻ ഉണ്ടായിരുന്നു. അത് സ്വാഭാവികമല്ലേ എന്ന് കരുതി ഞാനത് വിട്ടു. പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം രാത്രി എനിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. വേദന പതുക്കെ കൈയിലേക്കും തൊണ്ടയിലേക്കും ഒക്കെ പടരാൻ തുടങ്ങി.
അന്ന് രാത്രി എനിക്ക് കിടക്കാൻ പോലും പറ്റിയില്ല. ഇരുന്നും, ചുമരിൽ ചാരി നിന്നുമാണ് നേരം വെളുപ്പിച്ചത്. വെളുപ്പിന് ഒരു മണിക്കൂർ മാത്രം ഒന്നുറങ്ങി. എഴുന്നേറ്റപ്പോൾ വേദന കുറഞ്ഞതുപോലെ തോന്നിയതുകൊണ്ട് ഞാൻ നേരെ ഓഫീസിലേക്ക് പോയി. ജിമ്മിൽ പോയതുകൊണ്ട് ഉണ്ടായ മസിൽ പെയിൻ ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്.
ഓഫീസിൽ എത്തിയപ്പോൾ വേദന വീണ്ടും കഠിനമായി വന്നു. എന്റെ അവസ്ഥ കണ്ട് കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ ആണ് എന്നോട് അടുത്തൊരു ഡോക്ടർ താമസിക്കുന്നുണ്ട് അയാളെ പോയി കാണാൻ പറഞ്ഞത്. ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം, അത്രയും വേദന വെച്ചുകൊണ്ട് ഞാൻ എന്റെ ബൈക്കിൽ തനിയെ ആണ് ഡോക്ടറുടെ അടുത്തേക്ക് പോയത്.
ഡോക്ടർ ഇ.സി.ജി എടുത്തു നോക്കിയപ്പോൾ അതിൽ വ്യതിയാനം കണ്ടു. മെഷീന്റെ കംപ്ലയിന്റ് ആണോ എന്ന് വിചാരിച്ച് മൂന്ന് തവണ എടുത്തു നോക്കി. പക്ഷെ റിസൾട്ട് ഒന്ന് തന്നെയായിരുന്നു. പുള്ളി ഉടനെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. ബ്ലഡ് എടുത്ത ശേഷം എന്നോട് തൽക്കാലം പൊയ്ക്കോളാൻ പറഞ്ഞു.
ഞാൻ ഓഫീസിലെത്തി അല്പസമയം കഴിഞ്ഞ് ഡോക്ടറുടെ കോൾ വന്നു. പുള്ളി എന്നോട് പറഞ്ഞു: “ഒട്ടും ടെൻഷൻ ആവരുത്, ഇപ്പോൾ ചെയ്യുന്ന ജോലി ഒക്കെ നിർത്തി ഒരിടത്ത് അടങ്ങിയിരിക്കുക, ശരീരം ഒട്ടും അനക്കരുത്.” ഡോക്ടറുടെ സംസാരം കേട്ടപ്പോഴേ എനിക്ക് എന്തോ പന്തികേട് മണത്തു. ആ ബ്ലഡ് ടെസ്റ്റിന്റെ റിസൾട്ട് കണ്ടിട്ടാണ് പുള്ളി വിളിച്ചതെന്ന് എനിക്ക് മനസ്സിലായി. ആ പേടിയിൽ ഞാൻ ചെയ്തത് എന്താണെന്നോ? വീണ്ടും ബൈക്കുമെടുത്ത് ഡോക്ടറുടെ അടുത്തേക്ക് തന്നെ വെച്ചുപിടിച്ചു!
എന്നെ വീണ്ടും അവിടെ കണ്ടപ്പോൾ ഡോക്ടർ ശരിക്കും ഞെട്ടിപ്പോയി. പുള്ളി എന്നെ ഉടനെ ബെഡിൽ കിടത്തിയിട്ട് ആംബുലൻസ് വിളിപ്പിച്ചു. എന്തോ സീരിയസ് കാര്യമാണെന്ന് എനിക്ക് മനസ്സിലായതോടെ ആകെ പരിഭ്രമമായി. ഡോക്ടർ തന്നെ എന്റെ ഭാര്യയുമായി ഫോണിൽ സംസാരിച്ചു. അപ്പോഴേക്കും ആംബുലൻസ് എത്തി.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും അവിടെ മെഡിക്കൽ ടീം ഒക്കെ റെഡിയായി നിൽപ്പുണ്ടായിരുന്നു. അവർ ടെസ്റ്റുകൾ ഒക്കെ ചെയ്തിട്ട് ഉറപ്പിച്ചു സംഭവം ഹാർട്ട് അറ്റാക്ക് തന്നെ. ഉടനെ ആൻജിയോഗ്രാം ചെയ്തു. രണ്ട് ബ്ലോക്കുകൾ ഉണ്ടായിരുന്നു, അതിലൊന്ന് 100% അടഞ്ഞ അവസ്ഥയിലായിരുന്നു. അപ്പോഴാണ് ഡോക്ടർ പറയുന്നത് ഇത് എന്റെ രണ്ടാമത്തെ ഹാർട്ട് അറ്റാക്ക് ആണെന്ന്! മുൻപ് എപ്പോഴോ ഞാൻ അറിയാതെ ഒരു അറ്റാക്ക് വന്നിട്ടുണ്ടായിരുന്നു.
ആ ആശുപത്രിയിൽ 100% ബ്ലോക്ക് മാറ്റാനുള്ള സൌകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് അവർ പെട്ടെന്ന് തന്നെ വലിയൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ ചെന്നപ്പോൾ ഓപ്പൺ ഹാർട്ട് സർജറി വേണമെന്നൊക്കെ പറഞ്ഞിരുന്നതാണ്, പക്ഷെ ഭാഗ്യത്തിന് ഒരു കൂട്ടം ഡോക്ടർമാർ ചേർന്ന് ആലോചിച്ച് ആൻജിയോപ്ലാസ്റ്റി ചെയ്യാൻ തീരുമാനിച്ചു. അത് വിജയകരമായി കഴിയുകയും ചെയ്തു. പടച്ചവന്റെ കാരുണ്യം കൊണ്ട് ഇതെഴുതാൻ ഞാൻ ജീവിച്ചിരിക്കുന്നു.
എനിക്ക് എല്ലാവരോടും പറയാനുള്ളത് ഒന്നേയുള്ളൂ: എല്ലാ വേദനയും സീരിയസ് ആകണമെന്നില്ല, പക്ഷെ ഒന്നിനെയും നിസ്സാരമായി കാണരുത്. എനിക്ക് വന്ന വേദന ജിമ്മിൽ പോയതുകൊണ്ടാണെന്നാണ് ഞാൻ വിചാരിച്ചത്. അതുകൊണ്ട് നെഞ്ചുവേദന വന്നാൽ ആരും സ്വയം ചികിത്സിക്കാൻ നിൽക്കരുത്. നേരെ ഡോക്ടറെ കാണിക്കുക. അതുപോലെ കടുത്ത അസ്വസ്ഥത ഉള്ളപ്പോൾ ഒരിക്കലും ബൈക്കോ കാറോ സ്വന്തമായി ഓടിച്ച് ആശുപത്രിയിൽ പോകാൻ നോക്കരുത്. ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
