ദശലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകരെ സൗദി അറേബ്യ സുഗമമായി കൈകാര്യം ചെയ്തത് ഇങ്ങനെ
മക്ക: മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഹജ്ജിനായി സൗദി അറേബ്യയിലെത്തുന്ന തീർത്ഥാടകരെ കാത്തിരിക്കുന്നത് തികച്ചും വിപ്ലവകരമായ മാറ്റങ്ങളാണ്.
വിമാനമിറങ്ങുന്ന നിമിഷം മുതൽ തിരികെ മടങ്ങുന്നത് വരെ ഓരോ തീർത്ഥാടകനും അത്യാധുനിക സാങ്കേതികവിദ്യയുടെ സുരക്ഷാവലയത്തിലാണ്. കേവലം റോഡുകളും കെട്ടിടങ്ങളും മാത്രമല്ല, ഹജ്ജ് കർമ്മങ്ങളുടെ ഓരോ ഘട്ടത്തെയും നിയന്ത്രിക്കുന്നത് ഡിജിറ്റൽ ശൃംഖലകളാണ്.
ലക്ഷക്കണക്കിന് ആളുകൾ, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഒരേ സ്ഥലത്ത് ഒത്തുചേരുമ്പോഴും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ കാര്യങ്ങൾ നിയന്ത്രിക്കാൻ സൗദിയെ സഹായിക്കുന്നത് പിന്നണിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സംവിധാനങ്ങളാണ്.
തീർത്ഥാടകർക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റൽ ഗേറ്റ്‌വേയായ നുസുക് പ്ലാറ്റ്‌ഫോം, നുസുക് സ്മാർട്ട് കാർഡും ബാൻഡ് തുടങ്ങിയ സംവിധാനങ്ങളിലൂടെ തീർത്ഥാടകരുടെ താമസം, ഹജ്ജ് ഗ്രൂപ്പുകൾ, മറ്റ് സേവനങ്ങൾ എന്നിവയെല്ലാം ലഭ്യമാകും. വഴിതെറ്റുന്നവർക്ക് കൃത്യമായ വഴികാട്ടാനും വേഗത്തിൽ സഹായമെത്തിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇതിലൂടെ സാധിക്കുന്നു.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിവിധ ഭാഷകൾ സംസാരിക്കുന്നവരാണ് ഹജ്ജിനെത്തുന്നത്. എന്നാൽ പുതിയ ഡിജിറ്റൽ ട്രാൻസ്ലേഷൻ സംവിധാനങ്ങൾ വഴി ഒട്ടനവധി ഭാഷകളിൽ ഹജ്ജ് നിർദ്ദേശങ്ങളും വിവരങ്ങളും തത്സമയം ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്. ഇത് ഭാഷാപരമായ തടസ്സങ്ങളില്ലാതെ നിർദ്ദേശങ്ങൾ മനസ്സിലാക്കാൻ തീർത്ഥാടകരെ സഹായിക്കുന്നു.
ആരോഗ്യരംഗത്തും വലിയ തോതിലുള്ള ഡിജിറ്റൽ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്, ഇത് അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായം അതിവേഗം ലഭ്യമാക്കാൻ സഹായിക്കുന്നു.
ഈ ഹജ്ജ് സീസണിലെ ടെലികോം കണക്കുകൾ പ്രകാരം ഒരൊറ്റ ദിവസം കൊണ്ട് 2.1 കോടിയിലധികം (21 Million) ഫോൺ കോളുകളാണ് നെറ്റ്‌വർക്കുകൾ കൈകാര്യം ചെയ്തത്.
മൊബൈൽ ഇന്റർനെറ്റ് വേഗത സെക്കൻഡിൽ 400 മെഗാബിറ്റിലും (400 Mbps) മുകളിലായിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഒരേസമയം ഉപയോഗിച്ചിട്ടും നെറ്റ്‌വർക്കിന്റെ ഗുണനിലവാരത്തെ ഇത് ബാധിച്ചില്ല.
കേവലം ആപ്പുകളും സ്മാർട്ട് സംവിധാനങ്ങളും മാത്രമല്ല ഈ വിജയത്തിന് പിന്നിൽ. ഈ ഡിജിറ്റൽ സംവിധാനങ്ങളെ കൃത്യമായി ഉപയോഗിച്ചുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, സ്കൗട്ടുകൾ, സന്നദ്ധസേവകർ എന്നിവരടങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ രാത്രി പകലാക്കി അധ്വാനിക്കുന്നുണ്ട്.
ഈ സാങ്കേതികവിദ്യയുടെ സങ്കീർണ്ണതകളോ കൺട്രോൾ റൂമുകളോ ഡാറ്റാ സെന്ററുകളോ ഒന്നും തന്നെ തീർത്ഥാടകർ കാണുന്നില്ല. അവർ കാണുന്നത് മനോഹരവും സുഗമവുമായ ഒരു തീർത്ഥാടന അനുഭവം മാത്രമാണ്.
മനുഷ്യവിഭവശേഷിയും ആധുനിക സാങ്കേതികവിദ്യയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്ന് സൗദി അറേബ്യ ഓരോ വർഷവും തെളിയിക്കുകയാണ്. സാങ്കേതികവിദ്യകൾ നിശബ്ദമായി പിന്നിൽ പ്രവർത്തിക്കുമ്പോൾ, തീർത്ഥാടകർക്ക് യാതൊരു ആശങ്കയുമില്ലാതെ പ്രാർത്ഥനകളിൽ മുഴുകാൻ സാധിക്കുന്നു. ഓരോ വർഷവും ദൈവത്തിന്റെ അതിഥികൾക്കായി രാജ്യം ഒരുക്കുന്ന ഈ സേവനങ്ങൾ ഏറെ പ്രശംസനീയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
