തിങ്കളാഴ്‌ച, ജൂൺ 29, 2026
Saudi ArabiaTop Stories

സമയപരിധി നാളെ അവസാനിക്കും; സൗദിയിൽ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുകൾ പുതുക്കിയില്ലെങ്കിൽ ജീവനക്കാരെ ഒഴിവാക്കും

റിയാദ്: സൗദി അറേബ്യയിൽ വർക്ക് പെർമിറ്റുകളുടെ കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ രേഖകൾ നിയമവിധേയമാക്കുന്നതിനായി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘ഖിവ’ പ്ലാറ്റ്‌ഫോം നൽകിയ സമയപരിധി അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രം.

തൊഴിലുടമകൾക്ക് ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ അല്ലെങ്കിൽ അവരുടെ സ്പോൺസർഷിപ്പ് മാറ്റുന്നതിനോ ഉള്ള അവസാന തീയതി ജൂൺ 30 ചൊവ്വാഴ്ചയാണ്.

ജൂലൈ 1 ബുധനാഴ്ച മുതൽ പുതിയ നടപടികൾ ആരംഭിക്കുമെന്ന് ഖിവ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.

​പ്രധാന വ്യവസ്ഥകളും മാറ്റങ്ങളും

സ്ഥാപനങ്ങളുടെ റെക്കോർഡിൽ നിന്ന് നീക്കം ചെയ്യും: ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിൽ കൂടുതലായാൽ, ആ തൊഴിലാളിയെ സ്ഥാപനത്തിന്റെ റെക്കോർഡുകളിൽ നിന്ന് പ്ലാറ്റ്‌ഫോം സ്വയമേവ (Automatically) നീക്കം ചെയ്യും.

സാമ്പത്തിക ബാധ്യത തൊഴിലുടമയ്ക്ക് തന്നെ: തൊഴിലാളിയെ റെക്കോർഡിൽ നിന്ന് നീക്കം ചെയ്താലും, കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റിൽ സ്ഥാപനത്തിൽ ജോലി ചെയ്ത കാലയളവിലെ എല്ലാ സാമ്പത്തിക ബാധ്യതകളും ഫീസുകളും അടച്ചുതീർക്കാൻ തൊഴിലുടമ ബാധ്യസ്ഥനായിരിക്കും.

നിയമനടപടികൾ ഒഴിവാക്കാം: നിയമപരമായ നടപടികളിൽ നിന്നും അനുബന്ധ സാമ്പത്തിക ബാധ്യതകളിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനായി, കുടിശ്ശികയുള്ള വർക്ക് പെർമിറ്റ് ഫീസുകൾ അടച്ചുതീർക്കാനും ജീവനക്കാരുടെ പദവികൾ എത്രയും വേഗം ശരിയാക്കാനും ഖിവ തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതിയും താമസ രേഖയുടെ (ഇഖാമ) കാലാവധി അവസാനിക്കുന്ന തീയതിയും വ്യത്യസ്തമായിരിക്കുകയും, എന്നാൽ ഇഖാമയ്ക്ക് കുറഞ്ഞത് 180 ദിവസത്തെ (6 മാസം) കാലാവധി ബാക്കിയുണ്ടാകുകയും ചെയ്താൽ ആ തൊഴിലാളിയെ ഒഴിവാക്കില്ല (സ്ഥാപനത്തിന് വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കാത്ത അവസ്ഥയിലാണെങ്കിൽ പോലും ഇത് ബാധകമാണ്).

എന്നാൽ, ഇഖാമയുടെ ബാക്കി കാലാവധി 180 ദിവസത്തിൽ കുറവാണെങ്കിൽ, തുടർനടപടികൾ ഒഴിവാക്കുന്നതിനായി തൊഴിലുടമ ഇഖാമയും വർക്ക് പെർമിറ്റും ഒരേപോലെ പുതുക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group