അരാംകോ ഹെലികോപ്റ്റർ തകർന്ന് 14 പേർ മരിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി സൗദി
റിയാദ്: സൗദിയിലെ റാസ് തന്നൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുണ്ടായ ദാരുണമായ അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ഊർജ്ജിതമാക്കി സൗദി അധികൃതർ.
അപകടത്തിൽ മരണപ്പെട്ട 14 സൗദി പൗരന്മാരുടെയും കുടുംബങ്ങളെ യു.എ.ഇ, ഖത്തർ, പാകിസ്താൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും ജി.സി.സി (GCC) ജനറൽ സെക്രട്ടറിയേറ്റും അനുശോചനം അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ 6 മണിയോടെയാണ് ഹെലികോപ്റ്റർ അപകടം നടന്നത്. മേഖലയിലെ സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ, നീണ്ട നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച റാസ് തന്നൂറ ടെർമിനലിൽ നിന്നുള്ള എണ്ണക്കയറ്റുമതി പുനരാരംഭിച്ചിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ദുരന്തം സംഭവിച്ചത്. എന്നാൽ അപകടത്തിന് പിന്നിൽ അസ്വാഭാവികമായോ ബാഹ്യമായോ ഉള്ള മറ്റ് ഇടപെടലുകൾ ഉള്ളതായി സൂചനകളൊന്നുമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സാങ്കേതിക തകരാറുകൾ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിക്കാൻ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സുരക്ഷാ-വ്യോമയാന വകുപ്പുകൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
തങ്ങളുടെ ജീവനക്കാരുടെ ദാരുണമായ വേർപാടിൽ അരാംകോ മാനേജ്മെന്റും കടുത്ത ദുഃഖം രേഖപ്പെടുത്തി.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി സൗദി ഊർജ്ജ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
പരേതർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും അനുസ്മരണ ചടങ്ങുകളും വരും ദിവസങ്ങളിൽ നടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
