ഇവിടെ എന്നും തണുപ്പ്; ജൂലൈ മാസത്തിലെ കൊടും ചൂടിൽ നിന്നും രക്ഷനേടാൻ ഇതാ ഗൾഫിലെ 5 പ്രദേശങ്ങൾ
ജൂലൈ മാസത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഭൂരിഭാഗം നഗരങ്ങളിലും ചൂട് 45 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമ്പോൾ, ഈ കൊടുംചൂടിൽ നിന്നും രക്ഷപ്പെടാൻ സഞ്ചാരികൾക്കായി കുളിർമ്മയുള്ള അഞ്ച് മലയോര കേന്ദ്രങ്ങൾ ഒരുങ്ങിനിൽക്കുന്നു.
സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കുകൾ പ്രകാരം ഗൾഫിലെ നഗരങ്ങളെ അപേക്ഷിച്ച് 20 ഡിഗ്രിയിലധികം താപനില കുറവാണ് ഈ പ്രദേശങ്ങളിൽ. ചിലയിടങ്ങളിൽ രാത്രികാലങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസിനും താഴേക്ക് പതിക്കാറുണ്ട്.
- അൽ സൗദ (സൗദി അറേബ്യ)
സൗദിയിലെ അസീർ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ‘അൽ സൗദ’യാണ് ഈ ജൂലൈ മാസത്തിലും ഗൾഫിലെ ഏറ്റവും തണുപ്പുള്ള പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് 3,000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പകൽ സമയത്ത് 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില.
രാത്രിയാകുന്നതോടെ ഇത് 14-15 ഡിഗ്രിയിലേക്ക് താഴും. ഇടതടവില്ലാതെ പെയ്യുന്ന മഞ്ഞും തണുത്ത കാറ്റും സൗദിയുടെ വേനൽക്കാല ടൂറിസത്തിലെ ഏറ്റവും മികച്ച കേന്ദ്രമാക്കി സൗദയെ മാറ്റുന്നു.
- അബഹ (സൗദി അറേബ്യ)
ലിസ്റ്റിൽ രണ്ടാമതുള്ളത് സൗദിയിലെ തന്നെ പ്രശസ്തമായ അബഹ നഗരമാണ്. പകൽ സമയത്ത് 25 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ സുഖകരമായ കാലാവസ്ഥയുള്ള ഇവിടെ രാത്രിയിൽ താപനില 17 ഡിഗ്രിയിലേക്ക് ചുരുങ്ങും.
പച്ചപ്പുനിറഞ്ഞ കാടുകളും മനോഹരമായ പാർക്കുകളും വേനൽക്കാലത്തെ കോടമഞ്ഞും ആസ്വദിക്കാൻ സൗദിയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി കുടുംബങ്ങളാണ് ഇവിടേക്ക് എത്തുന്നത്.
- ജബൽ ശംസ് (ഒമാൻ)
സുൽത്താനേറ്റ് ഓഫ് ഒമാനിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ശംസ് വേനൽക്കാലത്ത് ഗൾഫിലെ ഏറ്റവും തണുപ്പുള്ള മറ്റൊരു പ്രദേശമാണ്. ഇവിടെ പകൽ സമയത്ത് താപനില 22-26 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിൽ 16 ഡിഗ്രി വരെയുമാണ് അനുഭവപ്പെടുക.
സാഹസിക സഞ്ചാരികൾക്കും മലമുകളിൽ ക്യാമ്പ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കും പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ മികച്ച ഇടമാണിത്.
- അൽ നമാസ് (സൗദി അറേബ്യ)
സൗദി അറേബ്യയുടെ തെക്കൻ മേഖലയിലുള്ള അൽ നമാസ് നഗരവും വേനൽക്കാലത്ത് തണുപ്പ് നിലനിർത്തുന്നതിൽ മുന്നിലാണ്. ഇവിടെ പകൽ സമയത്ത് 22 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിൽ 16 മുതൽ 18 ഡിഗ്രി വരെയുമാണ് താപനില.
സമൃദ്ധമായ സസ്യസമ്പത്തും (പച്ചപ്പ്) ഉയരമേറിയ മലനിരകളും ഈ നഗരത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കുന്നു.
- സലാല (ഒമാൻ)
ഒമാനിലെ ദോഫാർ പ്രവിശ്യയിലുള്ള സലാലയിൽ പ്രശസ്തമായ ‘ഖരീഫ്’ (വേനൽക്കാല മൺസൂൺ) സീസൺ ആരംഭിക്കുന്നതോടെ നഗരം മുഴുവൻ പച്ചപ്പുനിറഞ്ഞ ഒരു മാന്ത്രിക ലോകമായി മാറും. ഈ സമയത്ത് സലാലയിലെ താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ മാത്രമായിരിക്കും.
തുടർച്ചയായ ചാറ്റൽ മഴയും കോടമഞ്ഞും ഇവിടുത്തെ പ്രത്യേകതയാണ്. വേനൽക്കാലത്ത് ഗൾഫ് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന പ്രധാന നഗരങ്ങളിലൊന്നാണിത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
