ചൊവ്വാഴ്‌ച, ജൂലൈ 7, 2026
KeralaTop Stories

മലയാളി വിദ്യാർത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശി ഉസ്ബെക്കിസ്ഥാനിൽ അറസ്റ്റിൽ

ഉസ്‌ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനം നടത്തിവരികയായിരുന്ന മലയാളി വിദ്യാർത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് ‘സുപ്രഭാതം ഭവനിൽ’ സാവരിയ (22) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ എരുവത്ത് സ്വദേശിയായ സദറുൽ അനം (സാദുരിൽ അനാമിൻ – 23) എന്ന യുവാവിനെ ഉസ്‌ബെക്കിസ്താൻ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർത്ഥികളായിരുന്നു. വ്യക്തിപരമായ തർക്കത്തെ തുടർന്ന് ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

ഏകദേശം നാല് ദിവസങ്ങൾക്ക് ഈ ദാരുണ സംഭവം നടന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന സാവരിയയും സദറുൽ അനവും തമ്മിൽ പഠനസ്ഥലത്തുവെച്ച് തർക്കമുണ്ടാവുകയും, ഇതിനിടെ പ്രകോപിതനായ പ്രതി കൈയ്യിലുണ്ടായിരുന്ന ലാപ്ടോപ്പ് ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്ക് ശക്തമായി അടിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാവരിയയെ പ്രതി തന്നെയായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അടിയുടെ ആഘാതത്തിൽ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കകം സാവരിയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്തു. ഇയാൾ നിലവിൽ ജയിലിലാണ്. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സാവരിയയുടെ പിതാവ് കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. മരണവിവരം വീട്ടുകാർ നേരത്തെ അറിഞ്ഞിരുന്നെങ്കിലും വിസ സംബന്ധമായ സാങ്കേതിക തടസങ്ങൾ കാരണം മാതാപിതാക്കൾക്ക് ഉസ്‌ബെക്കിസ്ഥാനിലേക്ക് ഉടൻ പോകാൻ സാധിച്ചിരുന്നില്ല.

തുടർന്ന് മറ്റൊരു അടുത്ത ബന്ധു (അമ്മാവൻ) വിസ എടുത്ത് അവിടേക്ക് പോകുകയും ഇന്ത്യൻ എംബസി അധികൃതരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കുകയുമായിരുന്നു.

ചൊവ്വാഴ്ച രാവിലെയോടെ വിമാനമാർഗ്ഗം ന്യൂഡൽഹിയിൽ എത്തിച്ച മൃതദേഹം തുടർനടപടികൾക്ക് ശേഷം രാത്രിയോടെ ഹരിപ്പാട്ടെ വസതിയിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്